16 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

Posted on: March 26, 2013 12:02 pm | Last updated: March 27, 2013 at 9:04 am
SHARE

drugപെരിന്തല്‍മണ്ണ: 16 കിലോ കഞ്ചാവുമായി കഞ്ചാവ് മാഫിയ സംഘത്തിലെ രണ്ട് പേരെ പെരിന്തല്‍മണ്ണ പോലീസ് പിടികൂടി. മഞ്ചേരി ചന്തക്കുന്ന് നടുത്തൊടി മുസ്തഫ എന്ന ചുണ്ടന്‍ മുസ്തഫ (58), മങ്കട വെള്ളിലയിലെ കിഴക്കേതില്‍ വീട്ടില്‍ പോക്കര്‍ (51) എന്നിവരാണ് പോലീസ് പിടിയിലായത്.
ഡി വൈ എസ് പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് സി ഐ ജലീല്‍ തോട്ടത്തില്‍, എസ് ഐ ഗിരീഷ്‌കുമാര്‍, സ്‌പെഷ്യല്‍ സ്‌ക്വാഡ് എന്നിവര്‍ ചേര്‍ന്ന് നടത്തി വാഹന പരിശോധനയിലാണ് പൊന്ന്യാകുര്‍ശ്ശി ബൈപ്പാസ് റോഡില്‍ വെച്ച് വില്‍പ്പനക്ക് ഉപയോഗിച്ചിരുന്ന കെ എല്‍ 13 ബി 8555 നമ്പര്‍ അംബാസിഡര്‍ കാര്‍ സഹിതം 16 കിലോ കഞ്ചാവുമായി ഇന്നലെ വൈകുന്നേരം നാല് മണിയോടെ വലയിലായത്.
തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവ് വില്‍പ്പനക്കായി കൊണ്ടുവരികയാണ് ഇവരുടെ പ്രധാന ജോലി. ജില്ലയിലെ പ്രധാന ടൗണുകളിലും മറ്റും കാരിയര്‍ മുഖാന്തിരവും വാഹനങ്ങളിലുമായി കടത്തിവരികയായിരുന്ന മുക്കാല്‍ ക്വിന്റലോളം കഞ്ചാവ് അങ്ങാടിപ്പുറം വൈലോങ്ങര മാനത്ത് മംഗലം, വഴിപ്പാറ, ഗവ. ആശുപത്രി പരിസരം എന്നിവിടങ്ങളില്‍ നിന്നായി പെരിന്തല്‍മണ്ണ പോലീസ് പിടികൂടുകയും ഇതിലുള്‍പ്പെട്ട തമിഴ്‌നാട്ടുകാരും കേരളീയരുമായ 11 ഓളം പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പുറമെ ഇവര്‍ ഉപയോഗിച്ചിരുന്ന കാര്‍, ബൈക്ക്, ഓട്ടോകല്‍ മുതലായവയും പിടിച്ചെടുത്തിരുന്നു. പ്രതികളെ ചോദ്യ ചെയ്തില്‍ നിന്നാണ് ഒന്നാം പ്രതി മുസ്തഫ എന്ന ചുണ്ടന്‍ മുസ്തഫ തമിഴ്‌നാട്ടില്‍ നിന്ന് മൊത്തമായി കഞ്ചാവ് വാങ്ങി വില്‍പ്പന നടത്തുന്ന വിവരം ലഭിക്കുകയും ഇതനുസരിച്ച് പോലീസ് നടത്തി രഹസ്യ നീക്കത്തിനൊടുവിലാണ് പ്രതികള്‍ വലയിലായത്. ഇയാള്‍ മധുര, പഴനി, പൊള്ളാച്ചി, കമ്പം, തേനി എന്നിവിടങ്ങളില്‍ നിന്നാണ് മൊത്തമായി കഞ്ചാവ് ശേഖരിക്കുന്നത്.