അധികൃതര്‍ക്ക് മൗനം; മാവൂരില്‍ നീര്‍ത്തടവും വയലുകളും വ്യാപകമായി നികത്തുന്നു

Posted on: March 26, 2013 11:38 am | Last updated: March 26, 2013 at 11:38 am
SHARE

മാവൂര്‍: നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ച് മാവൂരില്‍ വ്യാപകമായി നീര്‍ത്തടവും വയലുകളും നികത്തുന്നു. പ്രകൃതിയുടെ നിലനില്‍പ്പിനെ തന്നെ ഭീഷണിയാകുംവിധം കുന്നുകള്‍ ഇടിച്ച് നിരത്തിയാണ് നീര്‍ത്തടവും വയലുകളും വ്യാപകമായി നികത്തിക്കൊണ്ടിരിക്കുന്നത്.
മാവൂര്‍ പ്രദേശത്തെ വയലുകളില്‍ ഏറിയ പങ്കും ഇതിനകം തന്നെ നികത്തപ്പെട്ട് കഴിഞ്ഞു. ചെറൂപ്പ, കുറ്റിക്കടവ്, തെങ്ങിലക്കടവ്, കണ്ണിപ്പറമ്പ്, പള്ളിയോള്‍, ആഴംകുളം, ഊര്‍ക്കടവ്, നെച്ചിക്കാട്ട് കടവ്, പെരുവയല്‍ ഗ്രാമ പഞ്ചായത്തില്‍പ്പെട്ട പള്ളിക്കടവ്, കായലം, പൂവാട്ട്പറമ്പ്, കുറ്റിക്കാട്ടൂര്‍, പെരുവണ്ണ ഗ്രാമപഞ്ചായത്തില്‍പ്പെട്ട പെരുമണ്ണ, പയ്യടിമേത്തല്‍, പള്ളിത്താഴം, കുറിത്തേടത്ത് പാലം തുടങ്ങിയ പ്രദേശങ്ങളിലെ വയലുകള്‍ ഏറിയ പങ്കും ഇതിനകം നികത്തിക്കഴിഞ്ഞു.
നീര്‍ത്തടവും വയലുകളും നികത്തുന്നതിന് ഭൂ മാഫിയക്കാര്‍ തിരഞ്ഞെടക്കുന്നത് ഒഴിവ് ദിവസങ്ങളാണ്. നീര്‍ത്തടവും വയലുകളും നികത്തുന്നതിനെതിരെ റവന്യൂ വകുപ്പ് അധികൃതര്‍ക്കും മറ്റും പരാതി നല്‍കിയിട്ട് യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. തെങ്ങിലക്കടവിലെ കുറ്റിക്കടവ് പെരിങ്ങോട്ട് ചെട്ടിക്കടവ് പ്രദേശത്തെ നീര്‍ത്തടം നികത്തുന്നത് ഇവിടെ വിരുന്നെത്തുന്ന ദേശാടന പക്ഷികള്‍ക്ക് വിനയായി മാറിയിരിക്കുകയാണ്.
ചെറൂപ്പക്കടുത്ത് വില്ലേരികുന്ന്, പൈത്തലകുന്ന് എന്നിവ പൂര്‍ണമായും ഇടിച്ച് നിരത്തിക്കഴിഞ്ഞു. അനധികൃത കുന്നുകള്‍ ഇടിച്ച് നിരത്തുന്നത് ഈ പ്രദേശത്തെ വീടുകള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നതായി പരിസരവാസികള്‍ പരാതിപ്പെടുന്നു.
പ്രകൃതിയുടെ സന്തുലിതാവസ്ഥക്ക് കോട്ടം തട്ടുംവിധമുള്ള മണ്ണെടുപ്പ് ഉടന്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്.
അധികൃതര്‍ മൗനം വെടിഞ്ഞ് കുന്ന് ഇടിച്ച് നിരത്തുന്നത് നീര്‍ത്തടവും വയലുകളും നീകത്തുന്നത് ഉടനെ തടയണമെന്നും കര്‍ശന നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.