നിസ്‌കാരപ്പള്ളി സ്വകാര്യ വ്യക്തി കൈവശപ്പെടുത്തുന്നതായി പരാതി

Posted on: March 26, 2013 11:32 am | Last updated: March 26, 2013 at 11:32 am
SHARE

മുക്കം: അറുപത് വര്‍ഷമായി നാട്ടുകാര്‍ ആരാധന നിര്‍വഹിച്ചു വന്ന നിസ്‌കാരപ്പള്ളിയും അതിനോടു ചേര്‍ന്ന നീര്‍ത്തടവും സ്വകാര്യ വ്യക്തി കൈവശപ്പെടുത്താന്‍ ശ്രമിക്കുന്നതായി നാട്ടുകാരുടെ പരാതി. കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ പന്നിക്കോട് കാരാളിപ്പറമ്പിലാണ് സ്വകാര്യ വ്യക്തിയുടെ കൈയേറ്റ ശ്രമത്തിനെതിരെ നാട്ടുകാര്‍ സംഘടിച്ചത്.
പള്ളിയില്‍ നിസ്‌കരിക്കാനെത്തുന്നവര്‍ അംഗശുദ്ധി വരുത്താനായി ഉപയോഗിക്കുന്ന കുളം പള്ളിയോട് ചേര്‍ന്നുണ്ടായിരുന്നു. എല്ലാ വിഭാഗം മുസ്‌ലിംകളും ആരാധന നടത്തിയ പള്ളിയാണിത്. കെട്ടിടം ജീര്‍ണിച്ചതോടെയാണ് സ്വകാര്യ വ്യക്തി തട്ടിയെടുക്കാന്‍ ശ്രമിച്ചത്. പള്ളി നില്‍ക്കുന്ന ഭാഗം ഇയാള്‍ കെട്ടിയെടുത്തപ്പോഴാണ് ജനങ്ങള്‍ സംഘടിച്ചത്.
ഇടക്കാലത്ത് അനാഥമായികിടന്ന പള്ളി അറ്റകുറ്റപ്പണി നടത്താന്‍ നാട്ടുകാര്‍ തീരുമാനിക്കുകയും ഇതിന്റെ ഭാഗമായി നീര്‍ത്തടം വൃത്തിയാക്കുകയും ചെയ്തു. ഇതില്‍ കുപിതനായ സ്വകാര്യ വ്യക്തി പ്രകോപനം സൃഷ്ടിക്കുകയും സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉണ്ടെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം രാത്രി പോലീസിനെ വിളിച്ചു വരുത്തി.
മുക്കം സബ് ഇന്‍സ്‌പെക്ടര്‍ വന്ന് സ്ഥിതിഗതികള്‍ നിയന്ത്രിച്ച് നാട്ടുകാരെ ശാന്തരാക്കി. പ്രകോപനം സൃഷ്ടിച്ചവരെ വിരട്ടിയോടിക്കുകയും ചെയ്തു. ഒരാഴ്ചക്കകം പ്രശ്‌നം പറഞ്ഞു തീര്‍ക്കാന്‍ ഇന്നലെ ചേര്‍ന്ന ചര്‍ച്ചയില്‍ ധാരണായായി.