നികുതി വെട്ടിച്ച് കാര്‍ കടത്ത്: മലയാളിക്കായി രാജ്യമാകെ വലവിരിച്ചു

Posted on: March 26, 2013 6:32 am | Last updated: March 25, 2013 at 11:51 pm

കോയമ്പത്തൂര്‍: നികുതി വെട്ടിപ്പു നടത്തി കാര്‍ ഇറക്കുമതി ചെയ്ത കേസില്‍ സി ബി ഐ അന്വേഷിക്കുന്ന തിരുവല്ല സ്വദേശി അലക്‌സ് സി ജോസഫിനു വേണ്ടി അന്വേഷണം വ്യാപിപ്പിക്കുന്നു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലേക്കും സി ബിഐ ജാഗ്രതാ നിര്‍ദേശം നല്‍കി. ഇയാള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കടന്നിരിക്കാനുള്ള സാധ്യതയും സി ബി ഐ സംഘംഅന്വേഷിക്കുന്നുണ്ട്. യു എ ഇയില്‍ ഇയാള്‍ക്ക് ചില ബന്ധങ്ങള്‍ ഉള്ളതായി സി ബി ഐ കണ്ടെത്തി. മറ്റേതെങ്കിലും പേരിലായിരിക്കും ഇയാള്‍ ഇപ്പോള്‍ താമസിക്കുന്നതെന്നാണ് നിഗമനം.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മടങ്ങുന്നവരുടെ പേരിലാണ് ഇയാള്‍ കാറുകള്‍ ഇന്ത്യയിലേക്ക് കടത്തിയിരുന്നത്. ഉപയോഗിച്ച കാറുകള്‍ എന്ന വ്യാജേനയാണ് പുത്തന്‍ ആഡംബര കാറുകള്‍ ദക്ഷിണേന്ത്യന്‍ തുറമുഖങ്ങള്‍ വഴി എത്തിച്ചിരുന്നത്.