വല്ലാര്‍പ്പാടം: 400 കോടി രൂപയുടെ കേന്ദ്ര സഹായം തേടി

Posted on: March 26, 2013 6:25 am | Last updated: March 25, 2013 at 11:48 pm
SHARE

തിരുവനന്തപുരം:വല്ലാര്‍പ്പാടം തുറമുഖ പ്രദേശത്ത് ഡ്രഡ്ജിംഗ് നടത്തുന്നതിന് 400 കോടി രൂപയുടെ കേന്ദ്ര സഹായം തേടി. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് നിരവധി തവണ ആവശ്യപ്പെട്ടിട്ടും പരിഗണിക്കപ്പെടാതിരുന്നതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തെ സമീപിക്കുകയായിരുന്നു. കേരളത്തിന്റെ ആവശ്യം ധന മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടെന്ന് ഷിപ്പിംഗ് മന്ത്രി മുഖ്യമന്ത്രിക്ക് മറുപടിയും നല്‍കി. വല്ലാര്‍പ്പാടം തുറമുഖം കമ്മീഷന്‍ ചെയ്‌തെങ്കിലും പ്രതീക്ഷക്ക് അനുസരിച്ച് ഉയര്‍ന്നിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയെ അറിയിച്ചു. കബോട്ടാഷ് നിയമത്തില്‍ ഇളവ് ലഭിച്ചതോടെ വല്ലാര്‍പ്പാടം നേരിട്ട വലിയ പ്രതിസന്ധി നീങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.കബോട്ടാഷ് നിയമത്തില്‍ ഇളവ് ലഭിച്ചതോടെ പത്ത് ശതമാനം ബിസിനസ് വര്‍ധിച്ചതായി മന്ത്രി കെ ബാബു പറഞ്ഞു. വല്ലാര്‍പ്പാടം പദ്ധതിയില്‍ നിന്നുള്ള മൊത്ത വരുമാനത്തിന്റെ മൂന്നിലൊന്ന് കൊച്ചി തുറമുഖത്തിനാണ് ലഭിക്കുക. ഇപ്പോള്‍ 3.37 ലക്ഷം ടി ഇ യു ആണ് ഒരു വര്‍ഷം വല്ലാര്‍പ്പാടം ടെര്‍മിനല്‍ കൈകാര്യം ചെയ്യുന്നത്. ഇത് ടെര്‍മിനല്‍ ശേഷിയുടെ 33.7 ശതമാനം മാത്രമാണ്. 14.5 മീറ്റര്‍ ആഴമാണ് ടെര്‍മിനലിന് ലക്ഷ്യമിട്ടിരിക്കുന്നത്. കനത്ത മണ്ണടിയലുള്ള കൊച്ചി കായലില്‍ ഈ ആഴം ലഭിക്കാനും നിലനിര്‍ത്താനും ഭീമമായ ചെലവുണ്ട്. ക്യാപിറ്റല്‍ ഡ്രെഡ്ജിംഗിന് കേന്ദ്ര സര്‍ക്കാറില്‍ നിന്ന് സഹായം ഉണ്ടായിരുന്നെങ്കിലും മെയിന്റനന്‍സ് ഡ്രെഡ്ജിംഗിന് ചെലവാകുന്ന നൂറ് കോടി രൂപ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് വന്‍ബാധ്യത വരുത്തുകയാണ്. വല്ലാര്‍പ്പാടത്തിനായി 1900 കോടി രൂപയോളം കേന്ദ്ര സര്‍ക്കാര്‍ മുടക്കിക്കഴിഞ്ഞു. ഡ്രെഡ്ജിംഗിന് ആവശ്യമായ പണം ലഭ്യമാക്കാനും മുഖ്യമന്ത്രി തലത്തില്‍ ശക്തമായ ഇടപെടല്‍ തുടര്‍ന്നും നടത്തുമെന്ന് മന്ത്രി ബാബു പറഞ്ഞു.