Connect with us

Kerala

പാട്ടക്കാലാവധി കഴിഞ്ഞ കശുവണ്ടി ഫാക്ടറികള്‍ ഏറ്റെടുക്കും

Published

|

Last Updated

തിരുവനന്തപുരം: സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ച കശുവണ്ടി ഫാക്ടറികള്‍ കശുവണ്ടി വികസന കോര്‍പറേഷന് കീഴില്‍ നിലനിര്‍ത്തുമെന്ന് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. ബജറ്റില്‍ തുക വകയിരുത്തിയിട്ടില്ലെങ്കിലും നിരവധി തൊഴിലാളികളെ ബാധിക്കുന്ന പ്രശ്‌നം എന്ന നിലയില്‍ ആവശ്യമായ തുക നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്ത് നിന്ന് എ എ അസീസ് നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. പണം കുറവാണെങ്കിലും ഫാക്ടറി ഏറ്റെടുക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പറഞ്ഞു.
ഉടമകള്‍ക്ക് നാല് ശതമാനം പലിശ സഹിതം പണം നല്‍കി ഫാക്ടറി ഏറ്റെടുക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ജില്ലാ കലക്ടര്‍ നിശ്ചയിക്കുന്ന പണം നല്‍കി ഫാക്ടറികളെല്ലാം ഏറ്റെടുക്കും. പാട്ടക്കാലവധി കഴിഞ്ഞിട്ടും ഉടമകള്‍ കൈവശം വെച്ചിരുന്ന ഫാക്ടറികള്‍ ഏറ്റെടുക്കാന്‍ 2009ലാണ് പ്രത്യേക നിയമം കൊണ്ടുവന്നത്. അന്നുണ്ടായ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു നിയമം കൊണ്ടുവന്നതെന്നും മന്ത്രി പറഞ്ഞു.
നിയമം കൊണ്ടുവന്ന് മൂന്ന് വര്‍ഷം പിന്നിട്ടിട്ടും ഫാക്ടറികള്‍ ഏറ്റെടുക്കാത്ത സാഹചര്യത്തില്‍ എട്ട് വ്യവസായികള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണെന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയ എ എ അസീസ് പറഞ്ഞു. ഉടമകള്‍ക്ക് അനുകൂലമായ വിധിയുണ്ടായാല്‍ 20,000 തൊഴിലാളികളെ ബാധിക്കും. വന്‍പ്രക്ഷോഭത്തിന് ഇത് വഴിയൊരുക്കും. ബജറ്റില്‍ പണം നീക്കിവെക്കാത്തത് മുതലാളിമാരെ സഹായിക്കാന്‍ വേണ്ടിയാണ്. ഇതിന് പിന്നില്‍ ദുരൂഹതയുണ്ട്. ഫാക്ടറി ഉടമകള്‍ വ്യവസായ, ധനമന്ത്രിമാരെ സ്വാധീനിച്ചിട്ടുണ്ടെന്ന് സംശയമുണ്ട്. ബോധപൂര്‍വം പണം അനുവദിക്കാത്തതിന് പിന്നില്‍ അഴിമതിയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

 

Latest