സംസ്ഥാനത്ത് 12,000 പോലീസുകാരുടെ കുറവ്

Posted on: March 26, 2013 6:29 am | Last updated: March 25, 2013 at 11:47 pm
SHARE

തിരുവനന്തപുരം: ദേശീയ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തില്‍ 12,000 പോലീസുകാരുടെ കുറവുണ്ടെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അഞ്ഞൂറ് പേര്‍ക്ക് ഒരു പോലീസ് എന്നതാണ് കേന്ദ്ര ശരാശരി. കേരളത്തില്‍ ഇത് എണ്ണൂറ് പേര്‍ക്ക് ഒരു പോലീസ് എന്നാണ്. ദേശീയ ശരാശരിയിലേക്ക് എത്തിക്കാന്‍ ഓരോ വര്‍ഷവും അഞ്ച് ശതമാനം വീതം അംഗബലം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ പറഞ്ഞു.
പോലീസ് സേനയില്‍ വനിതകള്‍ക്ക് പത്ത് ശതമാനം പ്രാതിനിധ്യം നല്‍കുന്ന കാര്യം സജീവ പരിഗണനയിലാണ്. ഗ്ലോബല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തില്‍ അധിഷ്ഠിതമായ പോലീസ് പ്രവര്‍ത്തനങ്ങള്‍ എന്ന പദ്ധതിയുടെ ഭാഗമായി എല്ലാ പോലീസ് വാഹനങ്ങളിലും ജി പി ആര്‍ എസ് സംവിധാനം ഏര്‍പ്പെടുത്തും. നിലവില്‍ തിരുവനന്തപുരം സിറ്റി, കൊച്ചി സിറ്റി, കോഴിക്കോട് സിറ്റി, കണ്ണൂര്‍ എന്നിവിടങ്ങളിലെ ചില വാഹനങ്ങളില്‍ ഈ സംവിധാനം നടപ്പാക്കിയിട്ടുണ്ട്. കൊല്ലം, തൃശൂര്‍ ജില്ലകളില്‍ ഈ സംവിധാനം നടപ്പാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണെന്നും സി എഫ് തോമസ്, തോമസ് ഉണ്ണിയാടന്‍, ടി യു കുരുവിള, വി ടി ബല്‍റാം, പി ഉബൈദുല്ല, പി എ മാധവന്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മന്ത്രി മറുപടി നല്‍കി.