പ്രദീപ്കുമാര്‍ കടമെടുത്ത സമദാനിയുടെ ‘ക്ണാപ്പന്‍’

Posted on: March 26, 2013 6:00 am | Last updated: March 25, 2013 at 11:47 pm
SHARE

‘ക്ണാപ്പന്‍’ എന്നാല്‍ മലപ്പുറത്തെയൊരു നാട്ടുഭാഷയാണ്. കേള്‍ക്കുന്നവര്‍ക്ക് മോശമായി തോന്നും. എന്നാല്‍, തെറ്റില്ലാത്ത പ്രയോഗമാണിതെന്ന് ഭാഷാ പണ്ഡിതനായ അബ്ദുസ്സമദ് സമദാനി. സ്വാതന്ത്ര്യസമര കാലത്ത് ഒന്നിനും കൊള്ളാത്ത ബ്രട്ടീഷ് സൈനികന്റെ പേരുമായി ബന്ധപ്പെട്ട് രൂപം കൊണ്ടതാണ് ഈ വാക്ക്. ഒരു ഗുണവുമില്ലാത്തവര്‍ക്കുള്ള വിശേഷണം. മലയാളം സര്‍വകലാശാലാ ബില്‍ ചര്‍ച്ചക്കെടുത്തപ്പോഴായിരുന്നു ആറ് നാട്ടിലെ നൂറ് മലയാളത്തെക്കുറിച്ചുള്ള സമദാനിയുടെ ഗവേഷണം.
ചര്‍ച്ച കോഴിക്കോട് സര്‍വകലാശാല ഭേദഗതി ബില്ലിലെത്തിയപ്പോള്‍ സമദാനിയുടെ ‘ക്ണാപ്പനെ’ എ പ്രദീപ്കുമാര്‍ കടമെടുത്തു. കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സിലര്‍ക്ക് യോജിച്ച വിശേഷണമാണിത്. കാരണം അദ്ദേഹം ഒരു ക്ണാപ്പനാണ്. ഇതോടെ, ‘ക്ണാപ്പന്‍’ എന്ന പ്രയോഗം അണ്‍പാര്‍ലിമെന്ററിയാണോയെന്നായി ഗൗരവമേറിയ ചര്‍ച്ച. സ്പീക്കര്‍ക്ക് തന്നെ സംശയം തോന്നിയെങ്കിലും സമദാനി നേരത്തെ തെറ്റില്ലെന്ന് പറഞ്ഞതിനാല്‍ ഇടപെടാതെ മാറി നിന്നു. എന്നാല്‍, വി ഡി സതീശന്‍ ക്ണാപ്പന്‍ പ്രയോഗത്തില്‍ ക്രമപ്രശ്‌നം കണ്ടു. നിയമിക്കപ്പെട്ട വ്യക്തി യോഗ്യനല്ലെങ്കിലും വി സി എന്ന പദവിയെക്കുറിച്ച് ഇങ്ങനെയൊരു പ്രയോഗം സഭാരേഖയില്‍ നില്‍ക്കുന്നതിലെ അനൗചിത്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വാക്ക് അണ്‍പാര്‍ലിമെന്ററിയാണെന്ന് എം ഉമ്മറും വ്യക്തമാക്കിയതോടെ സമദാനിയുടെ ‘ക്ണാപ്പനെ’യും എ പ്രദീപ് കുമാറിന്റെ ‘ക്ണാപ്പനെ’യും ഒരുമിച്ച് രേഖയില്‍ നിന്ന് നീക്കാന്‍ സ്പീക്കര്‍ വിധിച്ചു.
മലയാളത്തിനു വേണ്ടി ദാഹിച്ചു വലഞ്ഞവരെയാണ് മലയാളം സര്‍വകലാശാലാ ബില്ലിന്റെ ചര്‍ച്ചയില്‍ കണ്ടത്. മലയാളത്തിന്റെ ഉത്ഭവം മുതല്‍ ഇന്നത്തെ അവതാരകരുടെ ഭാഷാപ്രയോഗത്തില്‍ വരെ എത്തിനിന്ന ഗൗരവമേറിയ ചര്‍ച്ച. ഭാഷയും സംസ്‌കാരവും തമ്മിലുള്ള ബന്ധമാണ് അടിസ്ഥാനപ്രശ്‌നമെന്ന പക്ഷത്ത് നിന്നാണ് സമദാനി ചര്‍ച്ചകള്‍ തുടങ്ങിയത്. ആഗോളവത്കരണത്തിന് ബുള്‍ഡോസര്‍ മനഃസ്ഥിതിയാണെന്നും അദ്ദേഹം കണ്ടെത്തി. ഭാഷയും സംസ്‌കാരവും സാഹിത്യവുമെല്ലാം ഇല്ലാതാക്കുന്ന ബുള്‍ഡോസര്‍. അതിനുള്ള ചെറുത്തുനില്‍പ്പാണ് മലയാളം സര്‍വകലാശാലയില്‍ സമദാനി കണ്ടത്.
ആംഗലേയ ഭാഷയില്‍ അറിയിപ്പ് നല്‍കുന്ന അവതാരകര്‍ ഭാഷയുടെ അന്തകാവതാരങ്ങളാണ്. ‘മലയാലത്തില്‍ ഐഡിയാസ് എക്‌സ്പ്രസ്’ ചെയ്യുന്ന ഇവര്‍ ഭാഷയെ നശിപ്പിക്കുന്ന അപസ്മാരമാണെന്നും സമദാനി നിരീക്ഷിച്ചു.
മലയാള ഭാഷയുടെ ശുദ്ധിയും സൗന്ദര്യവും ഭംഗിയും നശിക്കുന്നതില്‍ ബെന്നി ബഹ്‌നാന്‍ വ്യാകുലപ്പെട്ടു. ജനിക്കും കുഞ്ഞ് ഇംഗ്ലീഷ് പഠിക്കണമെന്ന നിബന്ധന, അറിയാതെ പലരുടെയും ജീവിതത്തിന്റെ ഭാഗമാകുന്നതും അദ്ദേഹത്തെ വേദനിപ്പിച്ചു.
മലയാളം സര്‍വകലാശാലയില്‍ അന്ധവിശ്വാസത്തിന്റെ ഭാഗമായ വാസ്തുവിദ്യ പഠിപ്പിക്കുന്നതിനെ വി ടി ബല്‍റാം ചോദ്യം ചെയ്തു. വാസ്തു വിദ്യ അന്ധവിശ്വാസമാണെന്ന് അഭിപ്രായം ബെന്നിക്ക് ഇല്ല. എന്നാല്‍, വാസ്തുവിദ്യയില്‍ വിശ്വാസമില്ലാത്ത ചിലര്‍ മന്ത്രിമാരായ കാലത്ത് അതിന്റെ പേരില്‍ വീട് ഉപേക്ഷിച്ച ചരിത്രം ഓര്‍മയിലുണ്ട്. മന്‍മോഹന്‍ ബംഗ്ലാവിന്റെ ഗെയ്റ്റ് മാറ്റി പണിതാണ് വാസ്തു പ്രശ്‌നം തീര്‍ത്തത്. ആ വീട്ടില്‍ ധൈര്യത്തോടെ താമസിക്കാന്‍ ആര്യാടന്‍ മുഹമ്മദ് ആര്‍ജവം കാണിച്ചതിനെ ബെന്നി അഭിനന്ദിച്ചു. ആര്യാടന്‍ മന്‍മോഹന്‍ ബംഗ്ലാവില്‍ താമസിക്കുന്നതാണ് കെ എസ് ആര്‍ ടി സിയും കെ എസ് ഇ ബിയും പ്രതിസന്ധിയിലാകാന്‍ കാരണമെന്ന് കെ ടി ജലീല്‍ സംശയിച്ചു.
മലയാളത്തിന് വേണ്ടി ഒരു നിയമം പാസാക്കാതെ മലയാളം സര്‍വകലാശാല സ്ഥാപിക്കുന്നത് വെള്ളമില്ലാതെ തോണി ഇറക്കുന്നതിന് തുല്യമായിട്ടാണ് പുരുഷന്‍ കടലുണ്ടിക്ക് തോന്നിയത്. സര്‍വകലാശാലയെ ഒരു സര്‍ക്കാര്‍ വകുപ്പാക്കി മാറ്റുകയാണ്. മലയാളഭാഷയെ നിരസിക്കുന്നത് ഫ്യൂഡല്‍ സൗന്ദര്യ ശാസ്ത്രത്തിന്റെ ഭാഗമാണെന്ന വാദവും അദ്ദേഹം ഉന്നയിച്ചു.
മലയാളത്തിന് വേണ്ടിയുള്ള ഗദ്ഗദവും ശ്രേഷ്ഠഭാഷക്ക് വേണ്ടിയുള്ള ആരവവും ഒരുവശത്ത് ഉയരുമ്പോഴും ഇപ്പോഴിറങ്ങുന്ന മലയാള സിനിമകളുടെ പേരുകളൊന്നും മലയാളത്തിലല്ലെന്ന് മുല്ലക്കര രത്‌നാകരന്‍ പരിതപിച്ചു. മലയാള സിനിമയല്ല, മലയാള ചലച്ചിത്രം എന്നാണ് പ്രയോഗിക്കേണ്ടതെന്ന നിര്‍ദേശം എം കെ മുനീറും മുന്നോട്ടുവെച്ചു. കാലിക്കറ്റിലെ വി സിക്കെതിരെ ഒരു വലിയ കുറ്റപത്രമാണ് പ്രദീപ്കുമാര്‍ സമര്‍പ്പിച്ചത്. സര്‍വകലാശാലയിലെ ജനാധിപത്യ അവകാശങ്ങള്‍ ഇല്ലാതാക്കി. അക്കാദമിക മികവ് നഷ്ടപ്പെടുത്തി, ഭൂമി പതിച്ചു നല്‍കി. കുറ്റങ്ങളുടെ വലിയ പട്ടിക അദ്ദേഹം നിരത്തി. എല്ലാം കേട്ടിരിക്കുകയായിരുന്ന കെ ടി ജലീല്‍ യൂനിവേഴ്‌സിറ്റി സ്ഥാപിച്ച സി എച്ച് മുഹമ്മദ് കോയയെ അറിയാതെ ഓര്‍ത്തുപോയി.
കാലിക്കറ്റ് യൂനിവേഴ്‌സിറ്റി എന്റെ കുട്ടിയാണെന്നാണ് സി എച്ച് വിശേഷിപ്പിച്ചത്. ആ കുട്ടിയുടെ കൈയും കാലുമാണ് നിലവിലുള്ള വി സി വെട്ടി വില്‍ക്കുന്നത്. സി എച്ച് ജീവിച്ചിരുന്നെങ്കില്‍ ഈ വി സിയെ ചമ്മട്ടികൊണ്ട് അടിച്ചു പുറത്താക്കുമെന്നതില്‍ ജലീല്‍ ഒട്ടും സംശയിച്ചില്ല. രാഷ്ട്രീയാതിപ്രസരമാണ് യൂനിവേഴ്‌സിറ്റികള്‍ നേരിടുന്ന വെല്ലുവിളികളെന്ന് എ പി അബ്ദുല്ലക്കുട്ടി നിരീക്ഷിച്ചു. വിദ്യാഭ്യാസ രംഗത്തെ ആധുനികവത്കരണവും സ്വകാര്യവത്കരണവും പ്രോത്സാഹിപ്പിക്കേണ്ട ആവശ്യകത അദ്ദേഹം മുന്നോട്ടുവെച്ചു.
അന്തസ്സില്ലാത്ത സ്തുതിപാഠകരുടെ കുത്തരങ്ങായി കാലിക്കറ്റ് സര്‍വകലാശാല മാറിയെന്ന് പി ശ്രീരാമകൃഷ്ണന്‍. വിദ്യാഭ്യാസ കച്ചവടക്കാരുടെ വിഹാരകേന്ദ്രമാണിന്ന്. ഒന്നര വര്‍ഷമായി സര്‍വകലാശാലകള്‍ കലാപശാലയായിരിക്കുകയാണെന്ന വാദവും അദ്ദേഹം ഉയര്‍ത്തി.