മാനസികാരോഗ്യ നയം ഉടന്‍; ആറ് കലവറകള്‍ തുടങ്ങുമെന്ന് ധനമന്ത്രി

Posted on: March 26, 2013 6:22 am | Last updated: March 25, 2013 at 11:59 pm
SHARE

തിരുവനന്തപുരം: പരിഷ്‌കരിച്ച മാനസികാരോഗ്യ നയം മെയ് മാസത്തില്‍ നിലവില്‍ വരുമെന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ സബ്മിഷന് മറുപടി നല്‍കി. നഴ്‌സുമാര്‍ക്ക് സൈക്യാട്രിയില്‍ പരിശീലനം നല്‍കും. മാനസികാരോഗ്യകേന്ദ്രങ്ങളുടെ സേവനം മെച്ചപ്പെടുത്തണമെന്ന നിയമസഭാ സമിതിയുടെ റിപ്പോര്‍ട്ടും നടപ്പിലാക്കും. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം മാനസികാരോഗ്യ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് മാനസിക ആരോഗ്യ കേന്ദ്രങ്ങളിലെ അടിസ്ഥാനസൗകര്യ വികസനം, ജീവനക്കാരുടെ കുറവ് എന്നിവ പരിഹരിക്കാന്‍ നടപടിയെടുത്തു. ഈ മൂന്ന് കേന്ദ്രങ്ങളിലായി 1357 പേരെ കിടത്തി ചികിത്സിക്കാന്‍ സൗകര്യമുണ്ട്. തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിന്റെ വികസനം സംബന്ധിച്ച മാസ്റ്റര്‍പ്ലാന്‍ തയാറായി. കോഴിക്കോട്, തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ സിംഗിള്‍ റുമുകള്‍ ഉള്‍പ്പെടുന്ന വാര്‍ഡുകള്‍ പണിയുന്നതിന് ബജറ്റില്‍ അഞ്ച് കോടി അനുവദിച്ചു. ഇതിന്റെ നിര്‍മാണം ഉടന്‍ തുടങ്ങും മൂന്ന് കേന്ദ്രങ്ങളിലും രണ്ട് അസിസ്റ്റന്റ് സര്‍ജന്‍മാരുടെയും ഇരുപത് സ്റ്റാഫ് നഴ്‌സുമാരുടെയും തസ്തിക പുതുതായി അനുവദിച്ചു. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 99 അധിക തസ്തികകള്‍ കൂടി ഇനി സൃഷ്ടിക്കും. എല്ലാ ജില്ലകളിലും മാനസികാരോഗ്യ പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്. പദ്ധതി മികച്ച രീതിയില്‍ നടപ്പാക്കിയതിനുള്ള ലോകാരോഗ്യ സംഘടനയുടെ പുരസ്‌കാരം തിരുവനന്തപുരത്തിന് ലഭിച്ചതായും മന്ത്രി പറഞ്ഞു.
ഭവന നിര്‍മാണ സാമഗ്രികള്‍ കുറഞ്ഞ വിലക്ക് നല്‍കുന്നതിന് ആറ് കലവറകള്‍ കൂടി സംസ്ഥാനത്ത് തുടങ്ങുമെന്ന് ധനമന്ത്രി കെ എം മാണി അറിയിച്ചു. വി കെ ഉമ്മര്‍ മാസ്റ്ററുടെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. കോണ്‍ക്രീറ്റ,് കട്ടിള, ജനല്‍ ഫ്രെയിം തുടങ്ങി ഭവനനിര്‍മാണത്തിനാവശ്യമായ സാധനങ്ങള്‍ മിതമായ നിരക്കില്‍ കലവറ വഴി നല്‍കുന്നുണ്ട്. ജില്ലകള്‍ തോറുമുള്ള നിര്‍മിതി കേന്ദ്രത്തിലൂടെ ബി പി എല്‍ വിഭാഗങ്ങള്‍ക്ക് പതിനഞ്ച് ശതമാനം വില കുറച്ചാണ് നിര്‍മാണ സാമഗ്രികള്‍ വിതരണം ചെയ്യുന്നതെന്നും മന്ത്രി അറിയിച്ചു.