മൂന്ന് ബില്ലുകള്‍ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു

Posted on: March 26, 2013 6:21 am | Last updated: March 25, 2013 at 11:52 pm
SHARE

തിരുവനന്തപുരം: സര്‍വകലാശാലകളുമായി ബന്ധപ്പെട്ട മൂന്ന് ബില്ലുകള്‍ ഇന്നലെ നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്ക് വിട്ടു. 2013ലെ തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലാ ബില്‍, കേരള വെറ്ററിനറിയും ജന്തുശാസ്ത്രങ്ങളും സര്‍വകലാശാലാ ഭേദഗതി ബില്‍, കോഴിക്കോട് സര്‍വകലാശാലാ ബില്‍ എന്നിവയാണ് ചര്‍ച്ചകള്‍ക്ക് ശേഷം സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്ക് വിട്ടത്. ഓര്‍ഡിനന്‍സിന്റെ അടിസ്ഥാനത്തില്‍ തിരൂരില്‍ തുഞ്ചത്ത് എഴുത്തച്ഛന്റെ പേരില്‍ ഇതിനോടകം സ്ഥാപിച്ച സര്‍വകലാശാലക്ക് നിയമപരിരക്ഷ ഉറപ്പാക്കാനാണ് ബില്‍. മലയാള ഭാഷയുടെ സാഹിത്യത്തിന്റെയും കേരള സംസ്‌കാരത്തിന്റെയും പഠനവും ഗവേഷണവും പ്രോത്സാഹിപ്പിക്കുകയാണ് മലയാളം സര്‍വകലാശാലയുടെ ലക്ഷ്യം.
കോഴിക്കോട് സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റിന്റെ കാലാവധി രണ്ട് വര്‍ഷത്തേക്കോ പുതിയ സെനറ്റ്/സിന്‍ഡിക്കേറ്റ് രൂപവത്കരിക്കുന്നതുവരെയോ നീട്ടിനല്‍കുന്നതിനാണ് കോഴിക്കോട് സര്‍വകലാശാലാ ഭേദഗതി ബില്‍ അവതരിപ്പിച്ചത്. ഈ ബില്‍ അവതരിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷത്തുനിന്നും എ കെ ബാലന്‍ തടസ്സവാദം ഉന്നയിച്ചു. 2012 സെപ്തംബര്‍ 22ന് നാമനിര്‍ദേശം ചെയ്യപ്പെട്ട സിന്‍ഡിക്കേറ്റിന്റെ കാലാവധി കഴിഞ്ഞു. സിന്‍ഡിക്കേറ്റിന് കാലാവധി നീട്ടിനല്‍കി ഓര്‍ഡിനന്‍സ് ഇറങ്ങിയത് സെപ്തംബര്‍ മുപ്പതിനാണ്. നിലവിലില്ലാത്ത സിന്‍ഡിക്കേറ്റിന് കാലാവധി നീട്ടിനല്‍കുന്നത് നിയമവിരുദ്ധമാണെന്നായിരുന്നു ബാലന്റെ വാദം. എന്നാല്‍, ഇക്കാര്യത്തില്‍ കീഴ്‌വഴക്കമുണ്ടെന്ന് ചൂണ്ടിക്കാട്ടി ബാലന്റെ തടസ്സവാദം സ്പീക്കര്‍ തള്ളി.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിരമിക്കല്‍ പ്രായം 56 ആയി ഉയര്‍ത്തിയ സാഹചര്യത്തില്‍ വെറ്ററിനറി സര്‍വകലാശാലയിലെ ഉദ്യോഗസ്ഥര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കാനാണ് വെറ്ററിനറിയും ജന്തുശാസ്ത്രങ്ങളും സര്‍വകലാശാലാ ഭേദഗതി ബില്‍ മന്ത്രി കെ പി മോഹനന്‍ അവതരിപ്പിച്ചത്.