ശബരി റെയില്‍ പാത അലൈന്‍മെന്റിന് അന്തിമ രൂപമായി

Posted on: March 25, 2013 11:30 pm | Last updated: March 25, 2013 at 11:30 pm
SHARE

തിരുവനന്തപുരം: ശബരി റെയില്‍ പാതയുടെ അലൈന്‍മെന്റിന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതലയോഗം അന്തിമരൂപം നല്‍കി. ഇതിന് അംഗീകാരം നല്‍കുന്നതിനായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ യോഗം ചേരും. പരാതികള്‍ പരമാവധി പരിഹരിച്ചാണ് അലൈന്‍മെന്റ് തയ്യാറാക്കിയതെന്ന് റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചു.
പദ്ധതിക്ക് വേണ്ടി ഇടുക്കിയില്‍ 48 ഹെക്ടറും കോട്ടയത്ത് 217.10 ഹെക്ടറും ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഭൂമി ഏറ്റെടുക്കുന്നതിന് കോട്ടയം ജില്ലയിലാണ് കടുത്ത എതിര്‍പ്പുള്ളത്. എറണാകുളം ജില്ലയില്‍ ആവശ്യമായ ഭൂമി നേരത്തെ ഏറ്റെടുത്തിട്ടുണ്ട്. തൊടുപുഴ ബൈപ്പാസിന് കുറുകെ മൂന്നിടത്ത് ഓവര്‍ ബ്രിഡ്ജുകളും ടണലുകളും നിര്‍മിക്കും. പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ 517 കോടി രൂപയായിരുന്നു നിര്‍മാണ ചെലവ്. ഇപ്പോള്‍ 1556 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. കാലതാമസം നേരിട്ടതാണ് നിര്‍മാണ ചെലവ് ഉയരാന്‍ കാരണമെന്ന് മന്ത്രി പറഞ്ഞു. നിലവിലുള്ള സാമ്പത്തിക സ്ഥിതിയില്‍ പദ്ധതിയുടെ പകുതി ചെലവ് വഹിക്കാന്‍ സാധ്യമല്ലെന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.