Connect with us

Eranakulam

കോപ്റ്റര്‍ ഇടപാടില്‍ അഴിമതി നടന്നു: ആന്റണി

Published

|

Last Updated

കൊച്ചി:വി ഐ പി ഹെലിക്കോപ്റ്റര്‍ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി എ കെ ആന്റണി ആദ്യമായി തുറന്നു സമ്മതിച്ചു. ഇടപാടില്‍ ആരോ കൈ ക്കൂലി വാങ്ങിയിട്ടുണ്ടെന്നാണ് തനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞതെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കുറ്റക്കാരായ ആരോടും സര്‍ക്കാര്‍ ദയവ് കാട്ടില്ലെന്നും ഇത് രാജ്യത്തിന്റെ താത്പര്യത്തിന് വിരുദ്ധമായ നടപടിയാണെന്നും ആന്റണി പറഞ്ഞു. ഇതേക്കുറിച്ചുള്ള സി ബി ഐ അന്വേഷണം പൂര്‍ത്തിയാകാനായി സര്‍ക്കാര്‍ കാത്തിരിക്കുകയാണ്. അന്വേഷണം ഇപ്പോള്‍ നിര്‍ണായക ഘട്ടത്തിലാണ്. ഇക്കാര്യത്തില്‍ നിയമപരമായി മാത്രമാണ് സര്‍ക്കാറിന് പ്രവര്‍ത്തിക്കാന്‍ കഴിയുകയെന്നും പാര്‍ലിമെന്റിന് നല്‍കിയ ഉറപ്പ് പാലിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു വ്യക്തമാക്കി.പ്രതിരോധ സാമഗ്രികള്‍ വാങ്ങുന്നതിനുള്ള പുതിയ നടപടിക്രമത്തിന് (ഡിഫന്‍സ് പ്രൊക്യുര്‍മെന്റ് പ്രൊസീജിയര്‍)രണ്ട് മാസത്തിനകം അന്തിമ രൂപമാകുമെന്ന് പ്രതിരോധമന്ത്രി അറിയിച്ചു. തദ്ദേശീയമായ പ്രതിരോധ സാമഗ്രികള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ളതാകും പുതിയ നയം. നേരത്തെ രണ്ട് വര്‍ഷം കൂടുമ്പോള്‍ പുനഃപരിശോധിച്ചിരുന്ന വാങ്ങല്‍ നടപടിക്രമം സുതാര്യത ഉറപ്പാക്കുന്നതിനായി ഇപ്പോള്‍ വര്‍ഷത്തിലൊരിക്കല്‍ പുനഃപരിശോധിക്കുകയാണ്. ഇതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. പുതിയ നടപടിക്രമം വരുന്നതോടെ തദ്ദേശീയമായ പ്രതിരോധ സാമഗ്രികളുടെ കാര്യത്തില്‍ പുതിയൊരു ദിശാബോധം തന്നെ ലഭിക്കുമെന്ന് ആന്റണി പറഞ്ഞു.കടല്‍ക്കൊല കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരെ തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞത് ഇന്ത്യയുടെയും ഇന്ത്യന്‍ ജുഡീഷ്യറിയുടെയും അന്തസ്സുയര്‍ത്തിയെന്ന് ആന്റണി പറഞ്ഞു. സുപ്രീം കോടതി സ്വീകരിച്ച ധീരമായ നിലപാട് ഇക്കാര്യത്തില്‍ രാജ്യാന്തര തലത്തില്‍ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. സര്‍ക്കാറും ഇക്കാര്യത്തില്‍ ഉറച്ച നിലപാടാണ് സ്വീകരിച്ചത്.ശ്രീലങ്കയിലെ തമിഴ് വംശജര്‍ക്ക് കേന്ദ്ര സര്‍ക്കാറും രാജ്യമാകെ തന്നെയും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തിന്റെ അധികാര പരിധിയില്‍ നിന്നുകൊണ്ട് ശ്രീലങ്കന്‍ തമിഴ് വംശജരെ സഹായിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി പാര്‍ലിമെന്റില്‍ പറഞ്ഞതനുസരിച്ചുള്ള നടപടികളാണ് സ്വീകരിക്കുന്നത്. തീവ്രവാദം ആഗോള പ്രതിഭാസമാണെന്നും തീവ്രവാദ ഭീഷണിയില്‍ നിന്ന് പൂര്‍ണമായും മുക്തമായ ഒരു രാജ്യവും ഇന്ന് ലോകത്തില്ലെന്നും ആന്റണി പറഞ്ഞു. തീവ്രവാദത്തെ നേരിടുന്നതിന് അന്താരാഷ്ട്രതലത്തിലും മേഖലാ തലത്തിലും സഹകരണം ആവശ്യമാണ്. തീവ്രവാദത്തിനെതിരെ ആഭ്യന്തര സുരക്ഷിതതത്വം ഉറപ്പ് വരുത്താന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. രാജ്യാന്തര തലത്തിലുള്ള ഭീഷണികളെ നേരിടുന്നതിന് മുഴുവന്‍ സമയവും സുരക്ഷാ വിഭാഗങ്ങള്‍ ബദ്ധശ്രദ്ധമാണെന്നും ആന്റണി പറഞ്ഞു.