Connect with us

National

നാവികരുടെ വിചാരണ പട്യാല കോടതിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി:നീണ്ടകരയില്‍ മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവെച്ചു കൊന്ന കേസ് ഡല്‍ഹിയിലെ പട്യാല കോടതിയില്‍ വിചാരണ ചെയ്യും. ഡല്‍ഹി ഹൈക്കോടതിയാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. പട്യാല കോടതി സമുച്ചയത്തിലെ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് (സി എം എം) കോടതിയിലാണ് വിചാരണ നടക്കുക. ഏപ്രില്‍ രണ്ടിന് കേസ് പരിഗണിക്കുമ്പോള്‍ ഇക്കാര്യം സുപ്രീം കോടതിയെ സര്‍ക്കാര്‍ അറിയിക്കും. സുപ്രീം കോടതിയുടെ അനുമതിയോടെ വിജ്ഞാപനമിറക്കും.കൊല്ലത്തെ കോടതിയില്‍ തന്നെ വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. കേസിലെ സാക്ഷികള്‍ക്ക് ഡല്‍ഹിയിലെത്തുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടും മറ്റും ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി കത്തെഴുതിയത്. തെളിവായ ബോട്ട് സൂക്ഷിച്ചത് നീണ്ടകര പോലീസ് സ്റ്റേഷനിലാണ്. ഇതെല്ലാം ഡല്‍ഹിയിലെ കോടതിയിലെത്തിക്കേണ്ടി വരും. കൂടാതെ മലയാളികളായ സാക്ഷികളുടെ മൊഴികള്‍ ഇംഗ്ലീഷിലേക്കും ഇറ്റാലിയന്‍ ഭാഷയിലേക്കുമെല്ലാം പരിഭാഷപ്പെടുത്തേണ്ട അവസ്ഥയുണ്ടാകുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍, ഇതെല്ലാം പരിഗണിക്കപ്പെടാതെ പോകുകയായിരുന്നു. ഏപ്രില്‍ രണ്ടിന് കേസ് സുപ്രീം കോടതി പരിഗണിക്കുമ്പോള്‍ കോടതി കൊല്ലത്ത് വേണമെന്ന് കേരളത്തിന് ആവശ്യപ്പെടാനാകും. കഴിഞ്ഞ ജനുവരി 18 നാണ് പ്രത്യേക കോടതി സ്ഥാപിക്കാന്‍ കേന്ദ്രത്തോട് സുപ്രീം കോടതി നിര്‍ദേശിച്ചത്. കഴിഞ്ഞ ദിവസമാണ് കേന്ദ്രം ഹൈക്കോടതിയോട് പ്രത്യേക കോടതിക്ക് അനുമതി തേടിയത്. പട്യാല സി എം എം അമിത് ബന്‍സലാണ് കേസില്‍ വാദം കേള്‍ക്കുക. ഡല്‍ഹിയിലെ ഇറ്റാലിയന്‍ എംബസിയില്‍ താമസിക്കുന്ന പ്രതികള്‍ക്ക് ഫെബ്രുവരി 22ന് നാട്ടില്‍ പോകാന്‍ സുപ്രീം കോടതി ഒരു മാസത്തെ അനുമതി നല്‍കിയിരുന്നു. നാവികരെ തിരിച്ചയക്കില്ലെന്ന് നിലപാട് മാറ്റിയ ഇറ്റലി ഒടുവില്‍ നയതന്ത്ര സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ 22ന് നാവികരെ തിരിച്ചെത്തിക്കുകയായിരുന്നു. ഇറ്റാലിയന്‍ വിദേശകാര്യ സഹമന്ത്രിയും പ്രതികളൊടൊപ്പം എംബസിയില്‍ തങ്ങുന്നുണ്ട്.

Latest