Connect with us

Kerala

എന്‍ഡോസള്‍ഫാന്‍: ദുരിതബാധിതരുടെ കടങ്ങള്‍ക്ക് ആറ് മാസത്തെ മൊറട്ടോറിയം

Published

|

Last Updated

 

തിരുവനന്തപുരം:എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടങ്ങള്‍ക്ക് ആറ് മാസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു. ക്യാന്‍സര്‍ ബാധിതരെ കൂടി ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ദുരിതബാധിതരുടെ കടങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ട്രൈബ്യൂണല്‍ സ്ഥാപിക്കണമെന്ന ആവശ്യം വിശദമായി പഠിക്കാന്‍ നിയമവകുപ്പ് സെക്രട്ടറി അധ്യക്ഷനായി മൂന്നംഗ സമിതിയെ നിയോഗിക്കുമെന്നും യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കടങ്ങള്‍ എഴുതിത്തള്ളണമെന്ന ആവശ്യം പരിശോധിക്കാന്‍ ജില്ലാകലക്ടര്‍ മുഹമ്മദ് സഗീര്‍ ചെയര്‍മാനായി മറ്റൊരു സമിതിക്കും രൂപം നല്‍കി. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പുതിയ തീരുമാനമനുസരിച്ച് ഇപ്പോള്‍ അര്‍ഹതാ പട്ടികക്ക് പുറത്ത് നില്‍ക്കുന്ന 366 ക്യാന്‍സര്‍ രോഗികള്‍ക്ക് കൂടി ആനുകൂല്യം ലഭിക്കും. നേരത്തെ നടത്തിയ രണ്ട് മെഡിക്കല്‍ ക്യമ്പുകളില്‍ കണ്ടെത്തിയ 1318 പേരെ കൂടി അര്‍ഹതാ പട്ടികയില്‍ ഉള്‍പ്പെടുത്താനും തീരുമാനിച്ചു. ഇതോടെ ദുരിതബാധിതരുടെ എണ്ണം 5500 ആകും. ഇവര്‍ക്കെല്ലാം ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ റേഷന്‍, ബി പി എല്‍ കാര്‍ഡ്, പെന്‍ഷന്‍, ബൈസ്റ്റാന്‍ഡര്‍മാര്‍ക്കുള്ള പെന്‍ഷന്‍ എന്നിവ തുടര്‍ന്നും ലഭിക്കും.
5500 പേരുടെയും കടങ്ങള്‍ക്ക് മൊറട്ടോറിയം ബാധകമായിരിക്കും. 5500 ദുരിതബാധിതരില്‍ 2295 പേര്‍ക്ക് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ച ആനുകൂല്യത്തിനും സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യത്തിനും അര്‍ഹരാണെന്ന് കണ്ടെത്തി. ബാക്കിയുള്ള 3205 പേരെ വിദഗ്ധ പരിശോധനക്ക് വിധേയമാക്കി അര്‍ഹത തീരുമാനിക്കുമെന്നും ഇവര്‍ ഒരിക്കലും ദുരിത ബാധിത പാക്കേജിന് പുറത്ത് പോകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അര്‍ഹത നിര്‍ണയിക്കാന്‍ ആലപ്പുഴ മെഡിക്കല്‍ കോളജിലെ പാത്തോളജി വിഭാഗം തലവന്‍ ഡോ. അരവിന്ദന്‍, എന്‍ ആര്‍ എച്ച് എം കാസര്‍കോട് ജില്ലാ പ്രൊജക്ട് മാനേജര്‍ ഡോ. അഷീല്‍, പരിയാരം മെഡിക്കല്‍ കോളേജിലെ ഡോ. ജയശ്രീ, കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോ.ജയകൃഷ്ണന്‍, ഡോ. തുളസീധരന്‍ എന്നിവരടങ്ങിയ അഞ്ചംഗ സമിതിയെ നിയോഗിച്ചു.
ഇപ്പോള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ച ആനൂകൂല്യങ്ങളുടെ വിതരണം അഞ്ച് വര്‍ഷം കൊണ്ട് നില്‍ക്കുമെന്നത് തെറ്റിദ്ധാരണയാണെന്നും ഇത് സംബന്ധിച്ച് പുതിയ ഉത്തരവ് ഇറക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. 12 സ്വകാര്യ ആശുപത്രികളിലാണ് നിലവില്‍ സൗജന്യ ചികിത്സയുള്ളത്. മംഗലാപുരം, മണിപ്പാല്‍ എന്നിവിടങ്ങളിലെ കസ്തൂര്‍ബാ മെഡിക്കല്‍ കോളജുകളിലും അങ്കമാലി ലിറ്റില്‍ഫഌവര്‍ കണ്ണാശുപത്രി, പരിയാരം ആയൂര്‍വേദ മെഡിക്കല്‍ കോളജ് ആശുപത്രി, കോഴിക്കോട് ഹോമിയോ മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവിടങ്ങളിലും സൗജന്യ ചികിത്സക്ക് സംവിധാനമേര്‍പ്പെടുത്തും. നിലവില്‍ 11 പഞ്ചായത്തുകളിലാണ് ദുരിതബാധിതരുള്ളത്. മറ്റു പഞ്ചായത്തുകളിലും രോഗികളുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ ഇവിടങ്ങളില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പ് നടത്തും. രോഗികളുടെ കൂട്ടിരിപ്പുകാരുടെ പെന്‍ഷന്‍ 400 രൂപയില്‍ നിന്ന് 700 രൂപയാക്കി. 11 പഞ്ചായത്തുകളിലെയും ബഡ്‌സ് സ്‌കൂളുകളിലെ ജീവനക്കാര്‍ക്ക് നല്‍കുന്ന ശമ്പളം 5000 രൂപയാക്കും. ദുരിതബാധിത പഞ്ചായത്തുകളില്‍ ആംബുലന്‍സ് സേവനം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരായ കെ പി മോഹനന്‍, ആര്യാടന്‍ മുഹമ്മദ്, ഡോ. എം കെ മുനീര്‍, പി കരുണാകരന്‍ എം പി, എം എല്‍ എമാര്‍ യോഗത്തില്‍ പങ്കെടുത്തു.