Connect with us

Wayanad

ആദിവാസികള്‍ക്ക് ഭൂമി: 182 ഏക്കര്‍ വിലക്ക് വാങ്ങുന്നതിന് നടപടികള്‍ പുരോഗതിയില്‍

Published

|

Last Updated

കല്‍പ്പറ്റ: വയനാട്ടില്‍ ഭൂരഹിത ആദിവാസികള്‍ക്ക് വിലക്കുവാങ്ങി വിതരണം ചെയ്യുന്നതിന് ഇതിനകം കണ്ടെത്തിയ 182 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ പുരോഗതിയില്‍. ഭൂമി ഏറ്റെടുക്കുന്നതിന് ജില്ലാ കലക്ടറെ അധികാരപ്പെടുത്തുന്ന ഉത്തരവ് റവന്യൂ വകുപ്പിന്റെ അനുമതിയോടെ പട്ടികവര്‍ഗ വികസന വകുപ്പ് ഉടന്‍ ഇറക്കും. ഭൂമി വിലക്കെടുക്കുന്നതിന് റവന്യൂ വകുപ്പിന്റെ അനുമതി നേടാതെ 2012 ഡിസംബര്‍ 15ന് പട്ടികവര്‍ഗ വികസന വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് സെക്രട്ടറി ഡോ.ദേബേന്ദ്രകുമാര്‍ ദൊതാവത്ത് കഴിഞ്ഞ ദിവസം റദ്ദാക്കി. പുതിയ ഉത്തരവ് ഇറങ്ങുന്നതോടെ ഭൂമി ഏറ്റെടുക്കുന്നതില്‍ ജില്ലാ കലക്ടര്‍ക്ക് മുന്നിലുള്ള തടസം നീങ്ങും.
കമ്പോളവിലക്ക് ഭൂമി ഏറ്റെടുക്കുന്നതിന് ജില്ലാ കലക്ടര്‍ക്ക് അനുവാദം നല്‍കുന്ന പട്ടികവര്‍ഗ വികസന വകുപ്പിന്റെ 2012 ഡിസംബറിലെ ഉത്തരവ് പ്രാവര്‍ത്തികമായിരുന്നില്ല. കമ്പോളവിലയ്ക്ക് തന്റെ ഉത്തരവാദിത്തത്തില്‍ ഭൂമി ഏറ്റെടുക്കാനാവില്ലെന്ന് ജില്ലാ കലക്ടര്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പഴയ ഉത്തരവ് റദ്ദാക്കാനും റവന്യൂ വകുപ്പിന്റെ അനുമതിയോടെ പുതിയ ഉത്തരവിറക്കാനുമുള്ള നീക്കമെന്ന് പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രിയുടെ ഓഫീസ് പറഞ്ഞു.
ആദിവാസികള്‍ക്കായി ഭൂമി വിലയ്ക്കുവാങ്ങുന്നതിന് 2010 ഫെബ്രുവരി പത്തിനാണ് സര്‍ക്കാര്‍ 50 കോടി രൂപ അനുവദിച്ചത്.
മൂന്നു വര്‍ഷം കഴിഞ്ഞിട്ടും ഈ പദ്ധതിയില്‍ ഒരു ആദിവാസി കുടുംബത്തിനു പോലും ഭൂമി നല്‍കാന്‍ കഴിഞ്ഞില്ല.
സര്‍ക്കാര്‍ അനുവദിച്ച പണം ജില്ലാ കലക്ടറുടെ അക്കൗണ്ടിലെത്തിയ മുറയ്ക്ക് ആരംഭിച്ചതാണ് ആദിവാസികള്‍ക്കായി ഭൂമി വിലയ്ക്കുവാങ്ങുന്നതിനുള്ള നീക്കം. ഇതിന്റെ ഭാഗമായി ഭൂമി വില്‍ക്കാന്‍ താത്പര്യമുള്ളവരില്‍നിന്ന് ജില്ലാ ഭരണകൂടം അപേക്ഷ ക്ഷണിച്ചു. ഓരോ അപേക്ഷയിലും പറയുന്ന ഭൂമിയില്‍ വിശദമായ പരിശോധന നടന്നു.ഏക്കറിന് വെള്ളരിമലയിലും ചുണ്ടേലിലും 12.9-ഉം വെള്ളമുണ്ടയില്‍ 9.9-ഉം വാളാട് 9.75-ഉം ലക്ഷം രൂപയാണ് ഉടമകള്‍ ആവശ്യപ്പെട്ട വില.
വൈത്തിരി താലൂക്കിലെ വെള്ളരിമല വില്ലേജില്‍ 110-ഉം ചുണ്ടേലില്‍ 30-ഉം വെള്ളമുണ്ടയില്‍ 9.37-ഉം മാനന്തവാടി താലൂക്കിലെ വാളാട് 33-ഉം ഏക്കര്‍ സ്വകാര്യ ഭൂമി വിലയ്ക്കുവാങ്ങാവുന്നതാണെന്ന് കണ്ടെത്തിയത്. ഇത്രയും ഭൂമി കമ്പോളവിലയ്ക്ക് വാങ്ങി ആദിവാസികള്‍ക്ക് വിതരണം ചെയ്യാനുള്ള ജില്ലാതല പര്‍ച്ചേസിംഗ് കമ്മിറ്റിയുടെ ശിപാര്‍ശ 2012 ഒക്‌ടോബര്‍ 17നാണ് സര്‍ക്കാര്‍ അംഗീകരിച്ചത്.

 

Latest