Connect with us

Palakkad

പാട്ടികുളം മലമേട്ടില്‍ അമ്പതോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളമില്ല

Published

|

Last Updated

ചിറ്റൂര്‍: പാട്ടികുളം മലമേട്ടില്‍ അമ്പതോളം കുടുംബങ്ങള്‍ കുടിവെള്ളം ലഭിക്കാതെ ദുരിതത്തില്‍. രണ്ടും മൂന്നും ദിവസത്തിലൊരിക്കല്‍ ഒരു കുടുംബത്തിന് അഞ്ച് കുടം വെള്ളം വീതമാണ് ലോറിയില്‍ വിതരണം ചെയ്തുവരുന്നത്. കുടുംബത്തില്‍ അംഗങ്ങളേറെയുള്ളതിനാല്‍ ഇത്രയും വെള്ളം ഒട്ടും തികയുന്നുമില്ല.
ആഹാരം പാകം ചെയ്യുന്നതിന് കുടുംബനാഥന്‍ ഒരുകിലോമീറ്റര്‍ദൂരംവരെ സൈക്കിളില്‍ സഞ്ചരിച്ചാണ് നല്ലവെള്ളം കൊണ്ട്‌വരുന്നത്.പ്രദേശത്തുനാമമാത്രമായുള്ള സ്വകാര്യവ്യക്തികളുടെ കിണറില്‍ ജലനിരപ്പ് വളരെ താഴ്ന്ന നിലയിലാണുള്ളത്.
മൂന്നുവര്‍ഷം മുമ്പ് ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതര്‍ മലമേട്ടു-വേമ്പ്ര തിരിവില്‍ ഒരു കുഴല്‍കിണര്‍ നിര്‍മ്മിച്ചതില്‍ ഉപ്പുവെള്ളമാണ് ലഭിച്ച് വരുന്നത്. മറ്റ് പോംവഴികളില്ലാതെ ഇവിടുത്തെ താമസക്കാര്‍ ഉപ്പുവെള്ളം ശുചീകരണ ആവശ്യത്തിനായി ഉപയോഗിച്ചുവരികയാണ്. മഴക്കാലത്തുപോലും ലോറി വെള്ളമാണ് മലമേട്ടില്‍ താമസക്കാര്‍ക്ക് ലഭിച്ചു വരുന്നത്. വേനല്‍ കനത്തതോടെ ജലവിതരണംമന്ദഗതിയിലായതോടെ പ്രദേശം കടുത്ത ജലക്ഷാമത്തിലകപ്പെട്ടിരിക്കുകയാണ്.
മുമ്പ് ഇവിടുത്തെ താമസക്കാര്‍ 5000ത്തോളം രൂപവീതം സമാഹരിച്ച് കുടിവെള്ള ശേഖരണത്തിന് നടത്തിയശ്രമവും പാഴ്ചിലവായിരിക്കുകയാണ്. രാവിലെ ഏഴ് മുതല്‍ ലോറിവെള്ളത്തിനായി നാട്ടുകാര്‍ ക്യൂ നില്‍ക്കുകയാണ്. പലപ്പോഴും ലോറി എത്താന്‍ പത്തുമണിയെങ്കിലും ആകും. ഇതിനാല്‍ പലര്‍ക്കും പണിക്ക് പോകാന്‍ കഴിയുന്നില്ല.
അടിയന്തിരമായി മലമേട് ഭാഗത്തേക്ക് കുടിവെള്ളം എത്തിക്കാന്‍ നടപടിവേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ കലക്ടര്‍ക്ക് നിവേദനം നല്‍കാനൊരുങ്ങുകയാണ്‌

Latest