അതിര്‍ത്തി ചെക് പോസ്റ്റുകള്‍ക്ക് വേണ്ടിയുള്ള സ്വകാര്യ വേബ്രിഡ്ജുകളില്‍ തൂക്കത്തില്‍ കൃത്രിമം

Posted on: March 25, 2013 12:19 pm | Last updated: March 26, 2013 at 12:17 pm
SHARE

VALAYARവാളയാര്‍: അതിര്‍ത്തിയില്‍ ചെക് പോസ്റ്റുകള്‍ക്ക് വേണ്ടി സ്വകാര്യ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന വേബ്രിഡ്ജില്‍ തൂക്കത്തില്‍ കൃത്രിമം നടത്തുന്നതായി പരാതി.
വേബ്രിഡ്ജിലെ ജീവനക്കാര്‍ തൂക്കച്ചീട്ടില്‍ കൃത്രിമം നടത്തി ചെക്‌പോസ്റ്റുകളെ കബളിപ്പിച്ച് പണം തട്ടുന്നുവെന്നാണ് പരാതി. അമിത ലോഡ് വാഹനങ്ങള്‍ക്കു യഥാര്‍ഥ തൂക്കത്തെക്കാള്‍ കുറവുകാണിച്ചു കൃത്രിമ രസീത് നല്‍കിയും കൃത്യമായ അളവില്‍ ചരക്കു കയറ്റി വരുന്ന ലോറികളില്‍ തൂക്കം കൂടുതലുണ്ടെന്ന് പറഞ്ഞുമാണത്രെ ജീവനക്കാര്‍ ലോറിക്കാരില്‍ നിന്നു പണം പറ്റുന്നത്. അമിത ലോഡിനുള്ള പിഴ ഒഴിവാക്കാനാണു തൂക്കച്ചീട്ടില്‍ കൃത്രിമം നടത്തുന്നത്.
കഴിഞ്ഞ ദിവസം ഒരു ചരക്കു ലോറിക്കാരനില്‍ നിന്നു വേബ്രിഡ്ജ് ജീവനക്കാരന്‍ കൈപ്പറ്റിയ 500 രൂപ നാട്ടുകാര്‍ ഇടപെട്ട് തിരിച്ചു കൊടുപ്പിച്ചു. ഗ്രാനൈറ്റ് ലോഡുമായി എത്തിയ ലോറിക്കാരനില്‍ നിന്നാന്ന് ലോറിയില്‍ ഒരു ടണ്‍കൂടുതലുണ്ടെന്ന് പറഞ്ഞ് തുക വാങ്ങിയത്. രസീതില്‍ കൃത്യമായ അളവുതന്നെ രേഖപ്പെടുത്തി നല്‍കുകയും ചെയ്തു. എന്നാല്‍ മറ്റൊരു വേബ്രില്‍ തൂക്കം നോക്കിയപ്പോള്‍ അനുവദിച്ച തൂക്കം തന്നെയാണു ലോറിയിലുണ്ടായിരുന്നതെന്നു കണ്ടെത്തി.
ഇതോടെയാണു തട്ടിപ്പ് ബോധ്യപ്പെട്ടത്. പണം നല്‍കിയാല്‍ തൂക്കത്തില്‍ കുറവുകാണിച്ചു രസീത് നല്‍കുന്നുണ്ടെന്നു ലോറിക്കാര്‍ തന്നെ പറയുന്നു. 500 രൂപ മുതല്‍ 2000 രൂപ വരെയാണത്രെ ജീവനക്കാര്‍ കൈപ്പറ്റുന്നത്. രാത്രികാലങ്ങളിലാണു ക്രമക്കേട് നടക്കുന്നത്. മുമ്പും ഇതേ വേബ്രിഡ്ജിനെതിരെ പരാതികളുയര്‍ന്നിരുന്നു. അവസാനമായി പണം കൈപ്പറ്റി തൂക്കത്തില്‍ കുറവുകാണിച്ച് കൃത്രിമ രസീത് നല്‍കിയത് അധികൃതര്‍ കയ്യോടെ പിടികൂടിയിരുന്നു. ഈ കേസില്‍ ഒരു ജീവനക്കാരനും ലോറിക്കാരനും അറസ്റ്റിലാവുകയും ചെയ്തിരുന്നു. പിന്നീട് നടത്തിപ്പു കാലാവധി കഴിഞ്ഞു വീണ്ടും നടത്തിയ ടെന്‍ഡറില്‍ ഇതേ ഏജന്‍സി തന്നെ കുറഞ്ഞ കാലാവധി രേഖപ്പെടുത്തി ടെന്‍ഡര്‍ നേടിയെടുക്കുകയായിരുന്നു. കര്‍ശന ഉപാധികളോടെയാണു വീണ്ടും കരാര്‍ നല്‍കിയതെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും ക്രമക്കേടിനു കുറവില്ല. അതിര്‍ത്തി വഴി ദിവസേന എത്തുന്ന രണ്ടായിരത്തില്‍പരം ചരക്ക് ലോറികള്‍ക്ക് ഈ വേബ്രിജില്‍ നിന്നു നല്‍കുന്ന തൂക്കച്ചീട്ട് വിശ്വാസത്തിലെടുത്താണു വാണിജ്യ നികുതി, മോട്ടോര്‍ വാഹന വകുപ്പുകള്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നത്. അമിത ലോഡിന് മോട്ടോര്‍ വാഹന വകുപ്പില്‍ അടക്കേണ്ട പിഴചുമത്തുകയും വാണിജ്യ നികുതി വിഭാഗത്തില്‍ നല്‍കേണ്ട നികുതിപ്പണവുമാണ് ഇതുവഴി സര്‍ക്കാറിനു ചോര്‍ന്നു പോകുന്നത്.