കാളികാവ് ചെത്ത് കടവ് പാലം പണി പുരോഗമിക്കുന്നു

Posted on: March 25, 2013 12:14 pm | Last updated: March 25, 2013 at 12:14 pm
SHARE

കാളികാവ്: മേഖലയുടെ വികസന സ്വപ്‌നമായ കാളികാവ് ചെത്ത്കടവ് പാലം പ്രവൃത്തി പുരോഗമിക്കുന്നു. കാളികാവ് അങ്ങാടിയെ നിലമ്പൂര്‍-പെരുമ്പിലാവ് സംസ്ഥാന പാതയുമായി ബന്ധിപ്പിച്ച് ചെത്ത്കടവിലാണ് കാളികാവ് പുഴക്ക് കുറുകെ മൂന്നരകോടിയോളം ചെലവില്‍ പൊതുമരാമരാമത്ത്പാലം നിര്‍മ്മിക്കുന്നത്. പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മാണത്തിന്റെ എസ്റ്റിമറ്റിന് കൂടി കഴിഞ്ഞ ദിവസം അനുമതി ലഭിച്ചതോടെ പാലവും ബൈപാസും ഉടന്‍ യാഥാര്‍ത്ഥ്യമാവുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍
ചെത്ത്കടവ് പാലത്തിന്റെ തൂണ്‍ നിര്‍മ്മാണമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. നാലാമത്തെ തൂണിന്റെ നിര്‍മ്മാണം കഴിഞ്ഞ ദിവസം ആരംഭിച്ചു.
നാല് തൂണുകളിലായി നിര്‍മ്മിക്കുന്ന പാലത്തിന് 11.5 മീറ്റര്‍ വീതിയാണ് ഉണ്ടാവുക. 66 മീറ്റര്‍ നീളത്തിലാണ് പാലം നിര്‍മ്മിക്കുന്നത്. മുന്ന് സ്പാനുകളും പാലത്തിനുണ്ടാകും. ഒന്നര വര്‍ഷം കൊണ്ട് പാലം നിര്‍മ്മാണം പൂര്‍ത്തീകരിക്കും. പാലം പണി പൂര്‍ത്തിയാകുന്നതോടെ കാളികാവിന്റെ ഗതാഗതക്കുരുക്കിന് പരിഹാരമാകും. 1936 ല്‍ നിര്‍മ്മിച്ച കാളികാവിലെ നിലവിലെ പാലം വീതികുറഞ്ഞതാണ്. കാളികാവ് അങ്ങാടിയുടെ വികസനത്തിന് ഇത് ഏറെ സഹായകമാവും.