ജില്ലാ കലക്ടറുടെ വാഹനം ജപ്തി ചെയ്യും

Posted on: March 25, 2013 12:10 pm | Last updated: March 25, 2013 at 12:11 pm
SHARE

മഞ്ചേരി: റോഡിന് സ്ഥലം വിട്ടുകൊടുത്തവര്‍ക്ക് വര്‍ധിപ്പിച്ച നഷ്ടപരിഹാരതുക നല്‍കാന്‍ കാലതാമസം വരുത്തിയതില്‍ ജില്ലാകലക്ടറുടെ വാഹനം, ഓഫീസിലെ മേശ, കസേര തുടങ്ങിയ ഇളകുന്ന മുതലുകള്‍ ജപ്തി ചെയ്യാന്‍ മഞ്ചേരി സബ് കോടതി ഉത്തരവായി. കാവനൂര്‍-കുഴിയംപറമ്പ്-പെരകമണ്ണ റോഡ് വികസനത്തിന് 1995ല്‍ സ്ഥലം ഏറ്റെടുത്തതിന് കലക്ടര്‍ കൊടുത്ത നഷ്ടപരിഹാര തുക മതിയാകാത്തതിന് മുക്കോടന്‍ കാരാട്ടുചാലി രായീന്‍കുട്ടി തുടങ്ങിയവര്‍ മഞ്ചേരി സബ് കോടതിയെ സമീപിച്ചിരുന്നു. സെന്റിന് 6000 രൂപ വീതം ഭൂമി വില വര്‍ധിപ്പിച്ചു നല്‍കി കോടതി ഉത്തരവായി. ഇതു പ്രകാരം രായീന്‍കുട്ടിയുടെ സ്ഥലത്തിന് 56002 കോടതിയില്‍ കെട്ടിവെക്കാത്തതിനാണ് സബ് ജഡ്ജി ശേഷാദ്രിനാഥന്‍ ജപ്തി ഉത്തരവിട്ടത്. ജപ്തി ചെയ്ത വിധി നടപ്പാക്കിയ റിപ്പോര്‍ട്ട് അടുത്ത മാസം രണ്ടിന് കോടതിയെ അറിയിക്കണം. സ്ഥലമുടമക്കു വേണ്ടി അഡ്വ.എം വിജയകുമാരന്‍ ഹാജരായി.