Connect with us

Editors Pick

വരാനിരിക്കുന്നത് കൊടും വേനല്‍; കണ്ണൂരിലും പാലക്കാട്ടും ഉയര്‍ന്ന താപനില

Published

|

Last Updated

കണ്ണൂര്‍: സംസ്ഥാനം ഇത്തവണ അഭിമുഖീകരിക്കുക എക്കാലത്തേക്കാളും കടുത്ത വേനലായിരിക്കുമെന്ന് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്. അന്തരീക്ഷ താപനില വലിയ തോതിലുയരുന്നത് ഇതിന്റെ സൂചനയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ഇത് സംബന്ധിച്ച് ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞരും സൂചന നല്‍കുന്നു. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ കേരളത്തിലുണ്ടാകാറുള്ള ശരാശരി താപനിലയില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് ഇക്കുറിയുള്ളത്. ഏറ്റവും കൂടിയ താപനില അനുഭവപ്പെടുന്നത് ഏപ്രില്‍, മെയ് മാസങ്ങളിലാണെന്നിരിക്കെ ഇത്തവണ മാര്‍ച്ച് ആദ്യവാരം മുതല്‍ ചൂട് കനത്തു തുടങ്ങുകയായിരുന്നു. പ്രധാന നഗരങ്ങളിലെല്ലാം റെക്കോര്‍ഡ് ചൂടാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. വടക്കന്‍ കേരളത്തിലാണ് ഉയര്‍ന്ന താപനില അനുഭവപ്പെടുന്നത്. പാലക്കാടിനൊപ്പം ഇത്തവണ കണ്ണൂരും ചുട്ടുപൊള്ളുന്നത് കടുത്ത ആശങ്കക്കിടയാക്കുന്നുണ്ട്. പല ജില്ലകളിലും വേനല്‍മഴ ഇടക്കിടെ ലഭിക്കുന്നുണ്ടെങ്കിലും കണ്ണൂരിലും പാലക്കാട്ടും ഇത് ലഭിച്ചില്ല. ഇന്നലെയും പാലക്കാട്ടും കണ്ണൂരും പുനലൂരുമാണ് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയിട്ടുള്ളത്. പാലക്കാട് 38ഉം പുനലൂരില്‍ 37ഉം കണ്ണൂരില്‍ 36ഉം ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തി. ഇതേ നില തുടര്‍ന്നാല്‍ ഏപ്രിലില്‍ കനത്ത വരള്‍ച്ചയാണുണ്ടാകുകയെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറഞ്ഞു.
കണ്ണൂരില്‍ കഴിഞ്ഞ മാര്‍ച്ചില്‍ രേഖപ്പെടുത്തിയ 35 ഡിഗ്രി സെല്‍ഷ്യസായിരുന്നു 2012ലെ ഏറ്റവും കൂടിയ താപനിലയെങ്കില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ ഇത് 37 ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ന്നു. അന്തരീക്ഷത്തില്‍ ഈര്‍പ്പം തങ്ങി നില്‍ക്കുന്നതും ഇടമഴ തീര്‍ത്തും ഇല്ലാതായതുമാണ് ചൂട് കൂടുതലായി അനുഭവപ്പെടാന്‍ കാരണമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞന്‍ ഡോ. എം കെ സതീഷ് കുമാര്‍ പറഞ്ഞു. അന്തരീക്ഷത്തില്‍ ഈര്‍പ്പക്കൂടുതലുള്ളതാണ് കണ്ണൂരില്‍ സാധാരണ രേഖപ്പെടുത്തുന്ന ചൂടിനേക്കാള്‍ കൂടുതലായി അനുഭവപ്പെടാന്‍ കാരണമാകുന്നത്. വേനല്‍മഴക്കുള്ള സാധ്യത വളരെ കുറവാണെന്നും ഇനിയും ചൂട് കൂടുമെന്നും അദ്ദേഹം വ്യക്തമാക്കി.
കണ്ണൂരിന് പുറമെ കോഴിക്കോട് (34.6 ഡിഗ്രി സെല്‍ഷ്യസ്), കോട്ടയം (34.4 ഡിഗ്രി സെല്‍ഷ്യസ്) എന്നിവിടങ്ങളിലും ഇന്നലെ ഉയര്‍ന്ന ചൂടാണ് അനുഭവപ്പെട്ടത്.
വൈകി ലഭിച്ച മഴ, മഴയുടെ അളവിലുണ്ടായ കുറവ് തുടങ്ങി കേരളത്തിലെ മണ്‍സൂണിന് ഇക്കുറി ഒട്ടേറെ താളംതെറ്റലുകള്‍ സംഭവിച്ചിരുന്നു. ഇത് സംസ്ഥാനത്തിന്റെ കാലാവസ്ഥാ ഘടനയെ പ്രവചനാതീതമാക്കുമെന്നാണ് വിദഗ്ധരുടെ പക്ഷം.
വേനല്‍ച്ചൂട് കൂടിയതോടെ സൂര്യാഘാതമടക്കമുള്ള അപകടങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി. ഇത്തവണ വടക്കന്‍ മേഖലകളില്‍ വന്‍ വരള്‍ച്ച തന്നെ ഉണ്ടാകുമെന്നാണ് ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഭാഗമായ ജലസാങ്കേതിക കേന്ദ്രം നടത്തിയ പഠനത്തിലെ നിഗമനം. വടക്കന്‍ കേരളത്തില്‍ ഇപ്പോള്‍ തുലാവര്‍ഷമഴ വാര്‍ഷിക മഴയുടെ 15 ശതമാനമെ ലഭിക്കുന്നുള്ളൂ.
തെക്കന്‍ കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴയുടെ തോതില്‍ അഞ്ച് ശതമാനവും വടക്കുകിഴക്കന്‍ മണ്‍സൂണ്‍ മഴയുടെ തോതില്‍ 8.3 ശതമാനവും കുറവുണ്ടയതായി പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Latest