അണക്കെട്ടുകള്‍ നവീകരിക്കാന്‍ 280 കോടി ലോക ബേങ്ക് സഹായം

Posted on: March 25, 2013 10:42 am | Last updated: March 25, 2013 at 10:42 am

30mulla02തിരുവനന്തപുരം: അണക്കെട്ടുകളുടെ സുരക്ഷക്കും നവീകരണങ്ങള്‍ക്കുമായി സംസ്ഥാനത്ത് പ്രത്യേക പദ്ധതി നടപ്പാക്കുന്നു. അണക്കെട്ടുകളുടെ അടിസ്ഥാന സൗകര്യ വികസനവും അറ്റകുറ്റപ്പണികളും നവീകരണവും വൈദ്യുതീകരണവും ഉള്‍പ്പെടെയുള്ളതാണ് പദ്ധതി. ജലവിഭവ വകുപ്പിന്റെയും വൈദ്യുതി ബോര്‍ഡിന്റെയും നേതൃത്വത്തില്‍ ഡാം റീഹാബിലിറ്റേഷന്‍ ആന്‍ഡ് ഇംപ്രൂവ്‌മെന്റ് പ്രൊജക്ട ്(ഡി ആര്‍ ഐ പി) എന്ന വിപുലമായ പദ്ധതിക്കാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ലോക ബേങ്കിന്റെ വായ്പയും സംസ്ഥാന വിഹിതവും ഉള്‍പ്പെടുത്തിയാകും പദ്ധതി ആരംഭിക്കുക. ആകെ 31 പദ്ധതികളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ ജലവകുപ്പിന്റെ നിയന്ത്രണത്തിലുള്ള അണക്കെട്ടുകള്‍, ബാരേജുകള്‍, റഗുലേറ്ററുകള്‍ തുടങ്ങിയവ ഉള്‍പ്പെട്ടെ 19 പദ്ധതികകളുണ്ട്. ബാക്കിയുള്ള 12 എണ്ണം വൈദ്യുതി ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ളവയാണ്്.
അണക്കെട്ടുകളുടെ കാര്യക്ഷമതയും സുരക്ഷയും പുനസ്ഥാപിക്കുന്നതിന് പദ്ധതിയിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അണക്കെട്ടുകളുടെയും അനുബന്ധ ഭാഗങ്ങളുടെയും പുനരുദ്ധാരണങ്ങളും പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്. ഇതിനുപുറമേ അണക്കെട്ടുകളുമായി ബന്ധപ്പെട്ട എര്‍ത്ത് ഡാമുകളുടെ അറ്റകുറ്റപണികള്‍, അണക്കെട്ടുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍, നിലവിലുള്ള റോഡുകളുടെ വികസനം, ഷട്ടറുകളുടെ അറ്റകുറ്റപണികള്‍, വൈദ്യുതീകരണവും അണക്കെട്ട് പ്രദേശത്തെ സുരക്ഷ വര്‍ധിപ്പിക്കാനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, അണക്കെട്ടുകള്‍ക്ക് ആവശ്യമായ മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയെല്ലാം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ആറ് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ലോകബേങ്കിന്റെ വായ്പ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 280 കോടി രൂപയുടേതാണ് പദ്ധതി. ഇതില്‍ 80 ശതമാനം ലോകബേങ്ക് വായ്പയും 20 ശതമാനം സംസ്ഥാന വിഹിതവുമാണ്. ലോകബേങ്കിന്റെ നിയന്ത്രണത്തിലുള്ള ഐ ഡി എ ( ഇന്റര്‍നാഷനല്‍ ഡെവലപ്‌മെന്റ് അസോസിയേഷന്‍) ഐ ബി ആര്‍ ഡി (ഇന്റര്‍നാഷനല്‍ ബേങ്ക് ഫോര്‍ റി കണ്‍സ്‌ട്രേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ്) എന്നീ എജന്‍സികള്‍ വഴി 50:50 എന്ന അനുപാതത്തിലാണ് ലോകബേങ്ക് വായ്പ നല്‍കുന്നത്.
സങ്കീര്‍ണമായ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍ നോട്ടം വഹിക്കാന്‍ ലോക ബേങ്കിന്റെ ടാസ്‌ക് ടീമും ഉണ്ടായിരിക്കും. പദ്ധതി നടത്തിപ്പിനായി 158 കോടി രൂപയുടെ ഭരണാനുമതിയും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.