പുനരധിവാസത്തിന്റെ പേരില്‍ ചതിക്കപ്പെട്ടെന്ന് ലിയാഖത്തിന്റെ ഭാര്യ

Posted on: March 25, 2013 10:37 am | Last updated: March 25, 2013 at 10:37 am
SHARE

Liyakat_Ali1ശ്രീനഗര്‍: ഡല്‍ഹിയില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടെത്തിയെന്നാരോപിച്ച് പിടിക്കപ്പെട്ട സഈദ് ലിയാഖത്ത് ഷാ പുനരധിവാസത്തിന്റെ പേരില്‍ ചതിക്കപ്പെടുകയായിരുന്നെന്ന് അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ അക്തര്‍ നിസ. സംസ്ഥാന സര്‍ക്കാറിന്റെ പുനരധിവാസ പദ്ധതിയനുസരിച്ച് പാക്കിസ്ഥാനില്‍ നിന്ന് നേപ്പാള്‍ വഴിയാണ് താനും ഭര്‍ത്താവും ഇന്ത്യയിലേക്ക് തിരിച്ചത്. ഇന്ത്യന്‍ അതിര്‍ത്തിയില്‍ വെച്ച് സുരക്ഷാ സേനയുടെ വാഹനത്തിലാണ് തങ്ങള്‍ ഖോരഖ്പൂരിലെത്തിയത്. ഇവിടെ വെച്ച് സുരക്ഷാ സേനാംഗങ്ങള്‍ക്കൊപ്പമാണ് പ്രഭാത ഭക്ഷണം കഴിച്ചത്. അവര്‍ ഞങ്ങളോട് വളരെയധികം സഹകരിച്ചു. എന്നാല്‍, പിന്നീട് ഡല്‍ഹി പോലീസ് എല്ലാം അട്ടിമറിക്കുകയായിരുന്നു. തീവ്രവാദിയെന്നാരോപിച്ച് ഡല്‍ഹിയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടെത്തിയ ആളായി ഭര്‍ത്താവിനെ ചിത്രീകരിക്കുകയായിരുന്നെന്നും രാജ്യത്തെ ഒന്നാകെ അവര്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കുപ്‌വാരയിലെ വസതിയില്‍ വെച്ച് സംസാരിക്കവെ അക്തര്‍ നിസ മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാറിന്റെ പുനരധിവാസ പദ്ധതി പ്രകാരം മടങ്ങിയെത്തുന്നവരോട് പോലീസ് ഇത്തരത്തിലാണ് പെരുമാറുന്നതെങ്കില്‍ ആരെങ്കിലും മടങ്ങിയെത്താന്‍ ആഗ്രഹിക്കുമോ? മടങ്ങിയെത്താനുള്ള തീരുമാനമെടുത്തതില്‍ ഇപ്പോള്‍ ഞാന്‍ ദുഃഖിക്കുന്നു. പോലീസ് ഇത്തരത്തില്‍ ചെയ്താല്‍ എന്ത് ചെയ്യും -നിസ ചോദിച്ചു. എന്തെങ്കിലും വഴിയുണ്ടെങ്കില്‍ പാക്കിസ്ഥാനിലേക്ക് തന്നെ മടങ്ങിപ്പോകാന്‍ താന്‍ ആഗ്രഹിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. സര്‍ക്കാറിന്റെ പുനരധിവാസ പദ്ധതി പ്രകാരം ഭര്‍ത്താവിനെ രാജ്യത്തേക്ക് മടങ്ങാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് 2011ല്‍ കുപ്‌വാര പോലീസ് സ്റ്റേഷനില്‍ അപേക്ഷ നല്‍കിയിരുന്നതായി ഷായുടെ ആദ്യ ഭാര്യ ആമിന ബാനു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
തീവ്രവാദിയാണെന്ന് തെറ്റിദ്ധരിച്ചാണ് ഷായെ അറസ്റ്റ് ചെയ്തതെന്ന് ജമ്മു കാശ്മീര്‍ പോലീസും വ്യക്തമാക്കിയിട്ടുണ്ട്. തീവ്രവാദത്തിന്റെ വഴിയിലേക്ക് പോയ യുവാക്കളെ തിരികെ കൊണ്ടുവരുന്നതിനായി ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ നടപ്പാക്കിയ പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെട്ടയാളാണ് ഷായെന്നാണ് ജമ്മു കാശ്മീര്‍ പോലീസ് സ്ഥിരീകരിച്ചിട്ടുള്ളത്.
സര്‍ക്കാറിന്റെ പുനരധിവാസ പദ്ധതിയുടെ ഭാഗമായാണ് ഷായുടെ മടങ്ങിവരവെന്ന് സി പി എം ജമ്മു കാശ്മീര്‍ സംസ്ഥാന ഘടകവും വ്യക്തമാക്കി. ഷായുടെ അറസ്റ്റ് നിസ്സാരമായി കാണാന്‍ കഴിയില്ലെന്നും യഥാര്‍ഥ വസ്തുത വെളിപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വൈ തിരിഗാമി പറഞ്ഞു. നിരപരാധികളായ യുവാക്കള്‍ ഇത്തരത്തില്‍ കുറ്റം ചുമത്തപ്പെടുന്നത് മോശം പ്രവണതയുണ്ടാക്കുമെന്നും ഷായുടെ രണ്ടാം ഭാര്യ പറയുന്ന കാര്യങ്ങള്‍ വസ്തുനിഷ്ഠമാണെന്നാണ് തങ്ങള്‍ കരുതുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര സര്‍ക്കാറുമായി ബന്ധപ്പെട്ട് മോചനം എത്രയും വേഗം സാധ്യമാക്കണമെന്നും തിരിഗാമി സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
ഹിസ്ബുല്‍ മുജാഹിദീന്‍ പ്രവര്‍ത്തകനായ ഷാ ഡല്‍ഹിയില്‍ ആക്രമണം നടത്താന്‍ വരുന്നതിനിടെയാണ് പിടിയിലായതെന്നാണ് ഡല്‍ഹി പോലീസിന്റെ വാദം. 1997ല്‍ കാശ്മീരില്‍ നിന്ന് പാക്കിസ്ഥാനിലെത്തിയ ഷാ അവിടെ ആയുധ പരിശീലനം നേടിയതായാണ് ഡല്‍ഹി പോലീസ് ആരോപിക്കുന്നത്. ഖോരഖ്പൂരില്‍ വെച്ച് പിടിയിലായ ഇയാളില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് ഡല്‍ഹിയിലെ ഒരു ഗസ്റ്റ് ഹൗസില്‍ നിന്ന് ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും പിടികൂടിയെന്നാണ് ഡല്‍ഹി പോലീസ് പ്രത്യേക സംഘത്തലവന്‍ എസ് എന്‍ ശ്രീനിവാസ് വെള്ളിയാഴ്ച മാധ്യമങ്ങളെ അറിയിച്ചത്. അഫ്‌സല്‍ ഗുരുവിന്റെ ശിക്ഷ നടപ്പാക്കിയതില്‍ പ്രതിഷേധിച്ച് സ്‌ഫോടനം നടത്താനാണ് ഇയാള്‍ എത്തിയതെന്നും ഡല്‍ഹി പോലീസ് ആരോപിച്ചിരുന്നു.