ആവേശഭരിതരായി അണികള്‍; സുരക്ഷയില്‍ ഞെരുങ്ങി മുശര്‍റഫ്

Posted on: March 25, 2013 10:27 am | Last updated: March 25, 2013 at 10:27 am
SHARE

MUSHARRAFദുബൈ/ഇസ്‌ലാമാബാദ്: ഞാന്‍ ഏറെ വികാരാധീനനാണ്. സ്വന്തം മണ്ണില്‍ കാലുകുത്തുന്നതിന്റെ ആവേശം പൂര്‍ണമായി ആസ്വദിക്കാന്‍ പക്ഷേ, സാധിക്കുന്നില്ല. ഞാനും അനുയായികളും അപകടം പിടിച്ച ഒരു അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്. ആ തിരിച്ചറിവ് സമ്മിശ്ര വികാരമുണ്ടാക്കുന്നു- കറാച്ചിയിലെ ജിന്ന വിമാനത്താവളത്തില്‍ വന്നിറങ്ങിയ ജനറല്‍ പര്‍വേസ് മുശര്‍റഫ് പറഞ്ഞു.
അനുയായികള്‍ക്ക് നേരെ കൈവീശിക്കാണിച്ചും ഫോട്ടോയെടുക്കാനായി പരമാവധി സമയം നല്‍കിയും പ്രസന്നവദനനായി സംസാരിച്ചും കനത്ത സുരക്ഷാ സംവിധാനത്തിന്റെ പിരിമുറുക്കം മറികടക്കാന്‍ അദ്ദേഹം ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍, കൂടുതല്‍ സമയം വിമാനത്താവളത്തില്‍ ചെലവഴിക്കാന്‍ സുരക്ഷാ വൃത്തങ്ങള്‍ അനുവദിച്ചില്ല. വിമാനത്താവളത്തിന് പുറത്ത് പത്രസമ്മേളനം നടത്താനുള്ള നീക്കവും സുരക്ഷാ വിഭാഗം തടഞ്ഞു. കറാച്ചിയിലെ പൊതുയോഗത്തിന് നേരത്തേ അനുമതി നിഷേധിച്ചിരുന്നു.
നാല് വര്‍ഷത്തെ പ്രവാസം മതിയാക്കി തിരിച്ചെത്തിയ നേതാവിനെ സ്വീകരിക്കാന്‍ ആയിരങ്ങള്‍ വിമാനത്താവള കവാടത്തില്‍ തടിച്ചു കൂടിയിരുന്നു. അവര്‍ മുശര്‍റഫിന് ഉച്ചത്തില്‍ മുദ്രാവാക്യം മുഴക്കി. തിക്കിത്തിരക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ കൂടിയായപ്പോള്‍ വിമാനത്താവള പരിസരത്ത് നേരിയ സംഘര്‍ഷാവസ്ഥയുണ്ടായി.
പ്രത്യേക എമിറൈറ്റസ് വിമാനത്തില്‍ കയറാനായി ദുബൈ വിമാനത്തവളത്തിലെത്തിയപ്പോഴും സമാനമായ അന്തരീക്ഷമായിരുന്നു. ബ്രിട്ടന്‍, കാനഡ, സ്വിറ്റ്‌സര്‍ലാന്‍ഡ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള അനുയായികള്‍ യാത്രയാക്കാന്‍ വിമാനത്താവളത്തില്‍ എത്തി. മൊത്തത്തില്‍ ഒരു വിവാഹ പാര്‍ട്ടി പോലുണ്ട് എന്നാണ് ദുബൈയില്‍ മുശര്‍റഫ് പ്രതികരിച്ചത്. വിമാനത്തിലിരുന്ന് മുശര്‍റഫ് ട്വീറ്റ് ചെയ്തു: ‘നാട്ടിലേക്കുള്ള യാത്ര. പാക്കിസ്ഥാന്‍ ഫസ്റ്റ്’. ‘ഒരുപാട് വെല്ലുവിളികളുണ്ട്. സുരക്ഷാ വെല്ലുവിളികള്‍, നിയമപരമായ പ്രതിസന്ധികള്‍, രാഷ്ട്രീയ വെല്ലുവിളികള്‍. അവയെല്ലാം ഞാന്‍ അഭിമുഖീകരിക്കും.’ വിമാനത്തില്‍വെച്ച് പത്രലേഖകരോട് മുശര്‍ഫ് പറഞ്ഞു.
ഉച്ചകഴിഞ്ഞ് 1.24നാണ് മുശര്‍റഫ് ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. രാജ്യം നിര്‍ണായകമായ പരിവര്‍ത്തനങ്ങളിലൂടെ കടന്ന് പോകുമ്പോഴാണ് നാല് വര്‍ഷത്തിന് ശേഷം മുശര്‍ഫ് നാട്ടിലെത്തുന്നത്.
ചരിത്രത്തിലാദ്യമായി അഞ്ച് വര്‍ഷ കാലാവധി പൂര്‍ത്തിയാക്കി സിവിലിയന്‍ സര്‍ക്കാര്‍ മെയ് 11ന് തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. ഭരണകക്ഷിയായ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് വെല്ലുവിളിയുയര്‍ത്താന്‍ നവാസ് ശരീഫിന്റെ പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗും ഇമ്രാന്‍ ഖാന്റെ തഹ്‌രിക്കെ പാര്‍ട്ടിയുമുണ്ട്. ഇവക്കിടയിലേക്ക് പുതിയ ശക്തിയായി തന്റെ പുതിയ പാര്‍ട്ടിയായ ആള്‍ പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗിനെ മാറ്റിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് വന്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ക്കിടയിലേക്ക് മുന്‍ ജനറല്‍ വരുന്നത്. പക്ഷേ, കേസുകള്‍ക്കും ഭീഷണികള്‍ക്കുമിടയില്‍ തന്റെ വ്യക്തിപ്രഭാവം പൂര്‍ണമായി പുറത്തെടുക്കാന്‍ മുശര്‍റഫിന് സാധിക്കുമോ എന്നതാണ് ചോദ്യം.
പ്രധാനമായും രണ്ട് കേസുകളാണ് അദ്ദേഹത്തിന് മുന്നിലുള്ളത്. 2007ല്‍ ബേനസീര്‍ ഭൂട്ടോ വധിക്കപ്പെട്ടതുമായി ബന്ധപ്പെട്ടതാണ് ഒന്ന്. അന്നത്തെ പ്രസിഡന്റെന്ന നിലയില്‍ ബേനസീറിന് ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്നാണ് കേസ്. 2006ല്‍ ബലൂച് ദേശീയ നേതാവ് നവാബ് അക്ബര്‍ ഖാന്‍ ബുഗ്തി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസിലും മുശര്‍റഫ് പ്രതിയാണ്.
എന്നാല്‍, കോടതി അദ്ദേഹത്തിന് സംരക്ഷിത ജാമ്യം അനുവദിച്ചതോടെ ആ ഭീഷണി നീങ്ങുകയായിരുന്നു.