വിപണി കീഴടക്കി മാരക വിഷാംശം കലര്‍ന്ന മത്സ്യങ്ങള്‍

Posted on: March 25, 2013 10:20 am | Last updated: March 26, 2013 at 10:20 am
SHARE

loc_fish-marketപാലക്കാട്: അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വിപണിയിലെത്തുന്നത് മാരകമായ വിഷാംശം കലര്‍ന്ന മത്സ്യം. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയില്‍ നടത്തിയ പരിശോധനയിലാണ് ഫോര്‍മാലിനുള്‍പ്പെടെയുള്ള രാസപദാര്‍ഥങ്ങളും മാരക ബാക്ടീരിയയും കലര്‍ന്ന മത്സ്യം വില്‍ക്കുന്നതായി കണ്ടെത്തിയത്. അയല, മത്തി, ചൂര തുടങ്ങിയ മീനുകളിലാണ് വിഷ പദാര്‍ഥങ്ങളുടെ സാന്നിധ്യമുള്ളതെന്നും കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ പ്രമുഖ മാര്‍ക്കറ്റുകളില്‍ മാത്രമല്ല ഗ്രാമാന്തരങ്ങളില്‍ സൈക്കിളില്‍ വില്‍ക്കുന്ന മത്സ്യങ്ങളിലും ഇത്തരം വിഷാംശം കലര്‍ന്നിട്ടുണ്ട്. ഇകോളി, സ്റ്റഫൈലോകോക്കസ്, സാല്‍മണെല്ലോ തുടങ്ങിയ ബാക്ടീരിയകളുടെ അളവും മത്സ്യത്തില്‍ കൂടുതലാണെന്ന് പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ഈ മാരകമായ വിഷാംശം ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് ഇടയാക്കും. തമിഴ്‌നാട്ടില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന മത്സ്യങ്ങള്‍ എളുപ്പത്തില്‍ കേടാകാതിരിക്കുന്നതിന് വേണ്ടിയാണ് ഇത്തരം വിഷാംശം കലര്‍ത്തുന്നതത്രെ.
മാരക രാസപദാര്‍ഥമായ ഫോര്‍മാലിനെ അര്‍ബുദമുണ്ടാക്കുന്ന വസ്തുക്കളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് രാജ്യാന്തര അര്‍ബുദ ഗവേഷണ ഏജന്‍സി പെടുത്തിയിരിക്കുന്നത്. പരിസര മലിനീകരണവും വിഷപദാര്‍ഥങ്ങളും മാലിന്യവും കടലിലേക്ക് വലിച്ചെറിയുന്നതും മത്സ്യങ്ങളിലേക്ക് വിഷമെത്താന്‍ കാരണമാകുന്നുണ്ട്. ഇതിനുപുറമേയാണ് അന്യ സംസ്ഥാനങ്ങളില്‍ നിന്ന് രാസവസ്തുക്കള്‍ കലര്‍ത്തിയ മീനുമെത്തുന്നത്. ഇത് ആരോഗ്യത്തിന് കടുത്ത ഭീഷണി ഉയര്‍ത്തുകയാണ്.
മത്സ്യത്തില്‍ മാത്രമല്ല മീന്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന ഐസിലും വിഷാംശം ചേര്‍ക്കുന്നുണ്ട്.
പല ഐസ് പ്ലാന്റുകളും ഉപയോഗിക്കുന്നത് മലിനജലമാണെന്ന് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയുടെ പഠനം വ്യക്തമാക്കുന്നു. ഭക്ഷ്യസുരക്ഷാ നിയമത്തിലെ ചില പഴുതുകള്‍ കാരണമാണ് ഐസ് പ്ലാന്റുകള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ നിന്ന് ഭക്ഷ്യസുരക്ഷാ വിഭാഗവും പിന്നോട്ട് പോകുന്നത്. മത്സ്യത്തിന് പുറമെ ശീതളപാനീയ ശാലകളിലും ഇത്തരം ഐസ് ജ്യൂസ് ഉണ്ടാക്കാനും ഉപയോഗിക്കുന്നുണ്ട്. ഇത് പകര്‍ച്ചവ്യാധികള്‍ക്കും ഇടയാക്കുന്നതായും പഠനത്തില്‍ പറയുന്നു.