Connect with us

Articles

അര്‍ധ ജനാധിപത്യത്തിന്റെ ബലികള്‍

Published

|

Last Updated

അവസാനം അബ്ദുന്നാസര്‍ മഅ്ദനിക്ക് ജാമ്യം ലഭിച്ചു. മകള്‍ ശമീറയുടെ നിക്കാഹിന് കാര്‍മികത്വം വഹിക്കാനാണ് പിതാവും മതപണ്ഡിതനുമെന്ന നിലക്ക് അദ്ദേഹത്തിന് കര്‍ണാടക കോടതി ജാമ്യം അനുവദിച്ചത്. ഈ ജാമ്യം പോലും അനുവദിക്കുന്നതിനെതിരെ പ്രോസിക്യൂഷന്‍ വാദിച്ചിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. സമാനമായ ചില കേസുകളില്‍ തൊട്ടു മുമ്പ് ജാമ്യം അനുവദിച്ചിരുന്നതു കൊണ്ട് അതേ പോലെ തനിക്കും ജാമ്യം അനുവദിക്കപ്പെടുകയാണുണ്ടായതെന്നും അദ്ദേഹം വിശദീകരിക്കുകയുണ്ടായി. മഅ്ദനിക്ക് ജാമ്യം ലഭിച്ചതും അദ്ദേഹം ഒരു ദിവസം മുഴുവന്‍ സാങ്കേതികത്തടവില്‍ ബംഗളൂരു വിമാനത്താവളത്തില്‍ കാത്തിരുന്നതും കൊട്ടിയത്തെത്തിയതും മകളുടെ വിവാഹത്തില്‍ പങ്കെടുത്തതും അതിനിടെ “പ്രഭാഷണം നടത്തിയ”തും രാഷ്ട്രീയ നേതാക്കള്‍ പങ്കെടുത്തതും എല്ലാം കേരളത്തിലെ ദൃശ്യ മാധ്യമങ്ങളടക്കം എല്ലാവരും നന്നായി ആഘോഷിക്കുകയുണ്ടായി. വാര്‍ത്താ മൂല്യം, പരസ്യ മൂല്യം, പ്രശ്‌നങ്ങള്‍ മൂര്‍ച്ഛിപ്പിക്കാനുള്ള ഗൂഢ തന്ത്രങ്ങള്‍, യഥാര്‍ഥ പ്രശ്‌നങ്ങള്‍ മൂടിവെക്കാനുള്ള കൗശലങ്ങള്‍, തങ്ങള്‍ക്ക് വൈരാഗ്യമുള്ളവരെ ഒളിയമ്പെയ്യാനുള്ള ഒരുപകരണം എന്നിങ്ങനെയുള്ള പല തലത്തിലും പ്രയോജന വഴികളിലുമാണ് ഈ ജാമ്യവും വരവും കേരളം കൊണ്ടാടിയത്. അങ്ങനെയായതു കൊണ്ടു തന്നെ, അദ്ദേഹം തിരിച്ച് ജയിലില്‍ എത്തിയതിനെ തുടര്‍ന്ന് എല്ലാ കോലാഹലങ്ങളും തത്കാലത്തേക്ക് ശമിക്കുകയും ചെയ്തു.
നിക്കാഹിന്റെ ചടങ്ങിലെ സംസാരത്തില്‍ തന്റെ വേദനകള്‍ അദ്ദേഹം പങ്കിടുകയുണ്ടായി. കര്‍ണാടകത്തില്‍ നീതിയുടെ പ്രകാശ കിരണങ്ങള്‍ കണ്ടു തുടങ്ങിയെന്ന് ആരും കരുതേണ്ടതില്ലെന്നും കോയമ്പത്തൂരിലേതിനേക്കാളും അതിഭീകരമാണ് കര്‍ണാടകയിലെ നീതി പീഠത്തിന്റെ അവസ്ഥയെന്നും അദ്ദേഹം വിലപിച്ചു. കര്‍ണാടകയില്‍ നീതിയുടെ സൂര്യോദയം അകലെയാണ്. തന്റെ ഇന്നത്തെ അവസ്ഥയില്‍ നിരാശനോ ദുഃഖിതനോ അല്ല. താന്‍ നേരിടുന്ന കടുത്ത അനീതിക്കെതിരെ കേരളത്തിലെ പൊതുസമൂഹം ഒപ്പം നില്‍ക്കുന്നുവെന്നതില്‍ അതിയായ സന്തോഷമുണ്ട്. തടവില്‍ കഴിയുന്നവരില്‍ താന്‍ മാത്രമല്ല നിരപരാധി. കുറ്റം ചെയ്യാത്ത ഒട്ടേറെ പേര്‍ കാരാഗൃഹത്തില്‍ കഴിയുന്നുണ്ട്. മുമ്പ് പറഞ്ഞ ചില വാക്കുകളുടെ പേരിലാണ് പീഡിപ്പിക്കപ്പെടുന്നത്. മകളുടെ വിവാഹത്തിന് എത്താന്‍ സാധിച്ചത് അല്ലാഹുവിന്റെ കൃപ കൊണ്ടു മാത്രമാണ്. തന്റെ പ്രസംഗത്തിന്റെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്താണ് പണ്ട് പീഡിപ്പിച്ചത്. തന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ എല്ലാവരോടും അന്ന് ക്ഷമ ചോദിച്ചതുമാണ്. തന്റെ ഒരു കണ്ണ് ഇപ്പോഴും ഇരുട്ടിലാണ്. വലതു കണ്ണിന്റെ കാഴ്ചശക്തി പൂര്‍ണമായും നഷ്ടപ്പെട്ടു. ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇപ്രകാരമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.
ആത്മവിമര്‍ശനപരമായും എന്നാല്‍, അത്യന്തം സത്യസന്ധമായും ആത്മാര്‍ഥമായുമുള്ള അദ്ദേഹത്തിന്റെ സംസാരം കേരളമെമ്പാടും പുറത്തുമുള്ള ജനങ്ങള്‍ ചാനലുകളിലൂടെയും പത്രങ്ങളിലുടെയും കേള്‍ക്കുകയും വായിക്കുകയും ചെയ്തു.
അദ്ദേഹത്തിന്റെ അവസ്ഥയില്‍ അനുതാപമുള്ളവര്‍ തന്നെ ഇത്തരത്തില്‍ സംസാരിക്കേണ്ടിയിരുന്നുവോ; മൗനം പുലര്‍ത്തുന്നതായിരുന്നില്ലേ ഉചിതം എന്ന് പറയുന്നുണ്ടായിരുന്നു. സത്യത്തില്‍ ഈ വാദത്തില്‍ ഒരു കഴമ്പുമില്ല. കര്‍ശനമായ ജാമ്യ വ്യവസ്ഥകള്‍ ലംഘിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ കര്‍ണാടക പോലീസ് കൂടെ തന്നെ ഉണ്ടായിരുന്നു. മാത്രമല്ല, അവര്‍ ഇടക്കിടെ ശ്രദ്ധിച്ചും സൂക്ഷിച്ചും മാത്രം സംസാരിക്കണമെന്ന് ഓര്‍മപ്പെടുത്തുകയും ചെയ്തിരുന്നു. എന്നിട്ടും തന്റെ സ്വതസ്സിദ്ധമായ ശൈലിയില്‍ വികാരപരമായും വേദന മറച്ചുവെക്കാതെയും സംസാരിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചിട്ടുണ്ടാകുക എന്തു ആത്മബോധവും വകതിരിവുമായിരിക്കണം?
അത് രാഷ്ട്രീയവും ചരിത്രപരവുമായ വകതിരിവും ആത്മജ്ഞാനവുമാണെന്നതാണ് സത്യം. ലോക രാഷ്ട്രീയവും ഇന്ത്യന്‍ രാഷ്ട്രീയവും രാഷ്ട്രമീമാംസയും അക്കാദമിക്കായി പഠിച്ച് മനപ്പാഠമാക്കിയ ആളല്ലല്ലോ അദ്ദേഹം. സ്വന്തം ശരീരവും മനസ്സും ജീവിതവും വേദനകളും വ്യക്തിത്വവും വിശ്വാസവും ഏതു കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോയത് എന്നു സ്വയം പരിശോധിച്ചും ആലോചിച്ചുമാണ് അദ്ദേഹം കാര്യങ്ങളെ വിലയിരുത്തുന്നത് എന്നു വ്യക്തമാണ്. തന്റെ അകം കൊണ്ട് കേരളം/ഇന്ത്യ എന്ന പുറത്തെ വ്യാഖ്യാനിക്കാനും വിലയിരുത്താനും ദൈവം നിയോഗിച്ച ഒരു ബലിയാണ് താന്‍ എന്നു പോലും കരുതാവുന്ന അത്രയും പീഡനാത്മകമായ അനുഭവങ്ങളാണ് അദ്ദേഹത്തിനുണ്ടായിരിക്കുന്നത്. അതിനു കാരണം ഇന്ത്യയില്‍ നടപ്പിലായിക്കൊണ്ടിരിക്കുന്ന അര്‍ധ ഫാസിസ്റ്റ്- അപ്രഖ്യാപിത അടിയന്തിരാവസ്ഥ നടപടികള്‍ക്ക് പീഡിപ്പിക്കാനും ശത്രുവായി കൊണ്ടാടാനും ഉചിതമായ ഒരു പ്രതീകവും ഇരയുമായി മഅ്ദനി മാറിത്തീര്‍ന്നിരിക്കുന്നുവെന്നതുമാണ്.
കേരളത്തിന്റെ പൊതുബോധത്തില്‍ വിലയിച്ചു കിടക്കുന്ന സെക്കുലറിസം എന്നത് മൃദുഹിന്ദുത്വ- സവര്‍ണ ബോധത്തിന്റെ വേഷപ്രച്ഛന്നമാണെന്ന് തെളിയിക്കുന്ന അവസരങ്ങള്‍ കൂടിയാണിത്. തുര്‍ക്കിത്തൊപ്പിയും നിസ്‌കാരത്തഴമ്പും വെള്ള ജൂബയും ഇടത്തോട്ടുടുത്ത മുണ്ടും മതപുരോഹിതന്റെ വാക്കുകളും ചേര്‍ന്നുള്ള ഒരു പ്രതിനിധാനത്തെ, സെക്കുലറിസ്റ്റ് എന്തിന് സാമാന്യം എന്നു പോലും അടയാളപ്പെടുത്താന്‍ ഉദാരമല്ലാത്ത വിധത്തില്‍ സവര്‍ണ- മൃദു ഹിന്ദുത്വ കാഴ്ചാ ബോധത്തിലാണ് കേരളീയത/മലയാളിത്തം എന്നിവ വിചാരിക്കപ്പെടുന്നതെന്നതാണ് വാസ്തവം. മഅ്ദനി എന്താണ് ചെയ്യുന്നത്/പറയുന്നത് എന്നു മാത്രമല്ല അദ്ദേഹം എപ്രകാരമാണ് പ്രത്യക്ഷപ്പെടുന്നത് എന്നതുമാണ് പ്രധാനം എന്നത് നാം കാണാതിരിക്കരുത്. പൊതുജീവിതത്തിന്റെ ശരാശരിവത്കരണത്തിന് തടസ്സമായിത്തീരുന്ന വേഷങ്ങളും വെളിപ്പെടലുമായി തൊപ്പി/ജൂബ/നിസ്‌കാരത്തഴമ്പ്/പര്‍ദ തുടങ്ങിയവ മാറിത്തീര്‍ന്നിരിക്കുന്നു എന്നര്‍ഥം.
മഅ്ദനി തന്നെ തുറന്നു പറഞ്ഞതു പോലെ, ഇപ്പോള്‍ നടന്നു വരുന്ന നീതിന്യായ നടപടികളിലൂടെ അദ്ദേഹത്തിന് സ്വതന്ത്രമായി ജീവിക്കാനുതകുന്ന വിധത്തില്‍ പുറത്തു വരാനാകുമെന്ന് കരുതാനാകാത്ത സ്ഥിതിയാണുള്ളത്. ആരോഗ്യം പാടേ നശിച്ച പരിതസ്ഥിതിയില്‍ അദ്ദേഹം എത്ര കാലം ജീവിച്ചിരിക്കുമെന്നു തന്നെ പറയാനാകില്ല. ഇപ്പോള്‍ ലഭിച്ചതു പോലെ ഒരു ജാമ്യവും ഇനി കിട്ടിക്കൊള്ളണമെന്നില്ല. തന്റെ പ്രിയപ്പെട്ട ജനങ്ങളെയും അനുയായികളെയും അഭിസംബോധന ചെയ്യുന്നതിന് ഇനി ജീവിതത്തില്‍ അവസരങ്ങളുണ്ടാകാന്‍ സാധ്യത കുറവാണെന്ന് അദ്ദേഹത്തിന് തന്നെ ബോധ്യമായെന്ന് ചുരുക്കം. പരസ്യമായി ആവിഷ്‌കരിക്കപ്പെടുന്ന ആത്മകഥയിലെ നിര്‍ണായകമായ ഒരു തുറന്നു പറച്ചിലായി തന്റെ ജാമ്യത്തെ അദ്ദേഹം വികസിപ്പിച്ചിരിക്കുന്നു.
ഈ വികസിപ്പിക്കലിനെ, നീതിന്യായത്തില്‍ അമിതമായ വിധേയത്വവും വിശ്വാസവുമുണ്ടെന്ന് സ്വയം നടിക്കുന്ന തീവ്ര/മൃദു ഹിന്ദുത്വ ശക്തികള്‍ അങ്ങേയറ്റം രൂക്ഷമായ ഭാഷയില്‍ അപലപിച്ചതു തന്നെ, അതിന്റെ രാഷ്ട്രീയ നിര്‍ണായകത്വം വര്‍ധിപ്പിച്ചിരിക്കുന്നു. തങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നതും ന്യായീകരിച്ചുകൊണ്ടിരിക്കുന്നതുമായ മര്‍ദന വ്യവസ്ഥയെ അതിന്റെ സുപ്രധാന ഇര തന്നെ പരസ്യമായി വെളിപ്പെടുത്തിയിരിക്കുന്നതിന്റെ അസ്വസ്ഥതയാണ് അവര്‍ പ്രകടിപ്പിച്ചത്. അക്കൂട്ടരുടെ ജനാധിപത്യ മുഖം മൂടി അഴിഞ്ഞു വീണിരിക്കുന്നു.
ഇടതു/വലതു മുന്നണിയുടെ പ്രമുഖരും അല്ലാത്തവരുമായ നേതാക്കള്‍ മഅ്ദനിയുടെ മകളുടെ നിക്കാഹിലെത്തി എന്ന ആഹ്ലാദകരമായ വസ്തുതയും രേഖപ്പെടുത്തേണ്ടതുണ്ട്. അക്കൂട്ടരില്‍ എന്തുകൊണ്ടും പ്രമുഖന്‍, സി പി എം സംസ്ഥാന സെക്രട്ടറി സഖാവ് പിണറായി വിജയന്‍ തന്നെയായിരുന്നു. അചഞ്ചലമായ മുഖഭാവത്തോടെ, മഅ്ദനിയുടെ തൊട്ടടുത്ത് അദ്ദേഹം ഇരിപ്പുറപ്പിച്ചത്, ജനാധിപത്യ/മതേതര മലയാളികളുടെ ആത്മവിശ്വാസത്തിന് അനല്‍പമായ ബലമാണ് സമ്മാനിച്ചത്. പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഡോ. തോമസ് ഐസക്, പി കെ ഗുരുദാസന്‍, വൈക്കം വിശ്വന്‍ എന്നിവരും കെ ടി ജലീല്‍, എ നീലലോഹിതദാസന്‍ നാടാര്‍, ഡോ. സെബാസ്റ്റ്യന്‍ പോള്‍, ഭാസുരേന്ദ്ര ബാബു തുടങ്ങിയവരുമാണ് ഇടതുപക്ഷത്തു നിന്ന് സന്നിഹിതരായത്. യു ഡി എഫിന്റെ പ്രതിനിധികളായി, പൊന്നാനി എം പി. ഇ ടി മുഹമ്മദ് ബഷീര്‍, വയനാട് എം പി. എം ഐ ഷാനവാസ്, കൊല്ലം എം പി പീതാംബരക്കുറുപ്പ്, കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവരുമുണ്ടായിരുന്നു. കേന്ദ്രത്തിലും കേരളത്തിലുമുള്ള യു ഡി എഫ് നേതാക്കളുടെ ഒന്നാം നിര അവിടെ നിന്ന് ഒഴിഞ്ഞു നില്‍ക്കുന്നതില്‍ അതീവശ്രദ്ധ പുലര്‍ത്തിയെന്നു സാരം.
സാന്നിധ്യം, അസാന്നിധ്യം, കാഴ്ച, കണ്ടില്ലെന്നു നടിക്കല്‍, വിലയിരുത്തല്‍, അപലപിക്കല്‍, കുറ്റപ്പെടുത്തല്‍ എന്നിങ്ങനെയുള്ള പ്രതികരണങ്ങളിലൂടെ കേരളമൊന്നാകെയാണ് മഅ്ദനിയുടെ തടവിനെയും ജാമ്യത്തെയും സ്വന്തം ശരീരത്തിലേക്ക് സ്വീകരിച്ചിരിക്കുന്നത് എന്ന യാഥാര്‍ഥ്യം എത്ര മൂടിവെച്ചാലും നമ്മെ വേട്ടയാടിക്കൊണ്ടേയിരിക്കും.

Latest