Connect with us

Kozhikode

കോഴിക്കോട്ട് കേന്ദ്രീയ വിദ്യാലയം അനുവദിക്കും: പള്ളം രാജു

Published

|

Last Updated

കോഴിക്കോട്: പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോഴിക്കോട്ട് ഒരു കേന്ദ്രീയ വിദ്യാലയം അനുവദിക്കുമെന്ന് കേന്ദ്ര മാനവശേഷി മന്ത്രി ഡോ. എം എം പള്ളം രാജു. ഡി സി സി ഓഫീസില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണച്ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാനും നിലവിലുള്ളവയുടെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും മാനവവിഭവ ശേഷി വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. മതിയായ പശ്ചാത്തല സൗകര്യങ്ങളും സാഹചര്യങ്ങളും ലഭ്യമായാല്‍ കേരളത്തില്‍ ഒരു ഐ ഐ ടി സ്ഥാപിക്കാന്‍ മുന്‍ഗണന നല്‍കും.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസ നിലവാരത്തില്‍ ഏറെ മുന്നിലാണ് കേരളം. 23 കോടി കുട്ടികള്‍ ഇന്ന് പ്രാഥമിക വിദ്യാഭ്യാസവും പതിനൊന്ന് കോടിയോളം പേര്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും നേടുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പോളിടെക്‌നിക്കുകളും ഐ ടി സ്‌കൂളുകളും പോലുള്ള തൊഴിലധിഷ്ഠിത സ്ഥാപനങ്ങളുടെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തും. അത്തരം സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കി പുതുതലമുറയെ അവയിലേക്ക് കൂടി ആകര്‍ഷിക്കേണ്ടതുണ്ട്. കൂടുതല്‍ സ്‌കൂളുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഗവേഷണ കേന്ദ്രങ്ങളും സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഡി സി സി പ്രസിഡന്റ് കെ സി അബു അധ്യക്ഷത വഹിച്ചു. എം കെ രാഘവന്‍ എം പി, കെ പി സി സി സെക്രട്ടറി അഡ്വ കെ പ്രവീണ്‍കുമാര്‍, കെ വി സുബ്രഹ്മണ്യന്‍, അഡ്വ. ഐ മൂസ, മൊയ്തീന്‍ മാസ്റ്റര്‍, അഡ്വ എം രാജന്‍, പി കെ മാമുക്കോയ പങ്കെടുത്തു.