Connect with us

Kozhikode

കോംട്രസ്റ്റ് ഫാക്ടറി: ഏപ്രിലില്‍ ജില്ലയില്‍ ഹര്‍ത്താല്‍ നടത്തും

Published

|

Last Updated

കോഴിക്കോട്: മാനാഞ്ചിറയിലെ കോംട്രസ്റ്റ് വീവിംഗ് ഫാക്ടറി വിഷയത്തില്‍ തൊഴിലാളികള്‍ പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി ഏപ്രിലില്‍ ജില്ലയില്‍ ഹര്‍ത്താല്‍ നടത്താന്‍ ഫാക്ടറി പരിസരത്ത് നടന്ന ബഹുജന കൂട്ടായ്മ തീരുമാനിച്ചു. ഏപ്രില്‍ ഒന്നിന് എ ഐ ടി യു സി ഓഫീസില്‍ ചേരുന്ന സമരസഹായ സമിതിയുടെയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും സംയുക്ത യോഗത്തില്‍ ഹര്‍ത്താലിന്റെ തീയതി തീരുമാനിക്കും.
കോംട്രസ്റ്റ് ഭൂമിയും കെട്ടിടങ്ങളും ഏറ്റെടുക്കുന്നതിനുള്ള ബില്‍ 2012 ജൂലൈ 25നാണ് നിയമസഭ പാസാക്കിയത്. എന്നാല്‍ ഇതുവരെയും ബില്ലിന് രാഷ്ട്രപതിയുടെ അനുമതി കിട്ടിയിട്ടില്ല. രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കാത്തതിനാല്‍ തൊഴിലാളികള്‍ ആനുകൂല്യങ്ങളൊന്നും ലഭിക്കാതെ പ്രയാസപ്പെടുകയാണ്. വ്യവസായ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ ബില്ലിന് അംഗീകാരം ലഭിക്കേണ്ട ആവശ്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതുവരെ തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങളൊന്നും ലഭ്യമായിട്ടില്ല. സംസ്ഥാന ബജറ്റിലാകട്ടെ, കോംട്രസ്റ്റ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഫണ്ടൊന്നും വകയിരുത്തിയിട്ടുമില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകാന്‍ തൊഴിലാളികള്‍ നിര്‍ബന്ധിതരായതെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
ഫാക്ടറി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനുള്ള ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം കിട്ടുന്നത് ദുരൂഹമായി വൈകുകയാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഏറ്റെടുത്തതായി പ്രഖ്യാപിച്ച ഭൂമിയില്‍ കണ്ണും നട്ട് ഭൂമാഫിയ പ്രവര്‍ത്തനം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. പല ഉന്നതരുടെയും പ്രവര്‍ത്തനങ്ങള്‍ ഇതിന് പിന്നിലുണ്ടെന്നും ആരോപണമുണ്ട്. ഈയൊരു സാഹചര്യത്തിലാണ് ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള ശക്തമായ പ്രതിഷേധ സമരങ്ങളിലേക്ക് നീങ്ങാന്‍ ബഹുജന കൂട്ടായ്മ തീരുമാനിച്ചത്.