Connect with us

Kozhikode

കോഴിക്കോട് ഇനി ഇ-ജില്ല

Published

|

Last Updated

കോഴിക്കോട്: വിരല്‍ത്തുമ്പില്‍ ഓണ്‍ലൈന്‍ വേഗതയുമായി കോഴിക്കോട് ഇനി മുതല്‍ ഇ-ജില്ല. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള സേവനങ്ങള്‍ സേവന കേന്ദ്രങ്ങള്‍, ഓണ്‍ലൈന്‍ എന്നിവ വഴി സുതാര്യമായും വേഗത്തിലും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന പദ്ധതിയാണ് ഇ-ജില്ല. ഇതിന്റെ ഭാഗമായി വില്ലേജുകളില്‍ നിന്ന് 23 സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി ലഭിക്കും.
ജില്ലയിലെ കുന്നുമ്മല്‍, തൂണേരി, തിനൂര്‍, ചേളന്നൂര്‍, കാക്കൂര്‍, കൊടുവള്ളി, മരുതോങ്കര, ചക്കിട്ടപാറ, നന്മണ്ട, കോട്ടൂളി വില്ലേജുകളിലൊഴികെ ഇന്ന് മുതല്‍ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭിക്കും. സാങ്കേതിക പ്രശ്‌നങ്ങള്‍ തീര്‍ത്ത് ഈ വില്ലേജുകളും ഉടന്‍ തന്നെ പദ്ധതിയുടെ ഭാഗമാകുമെന്ന് അധികൃതര്‍ അറിയിച്ചു.
ജില്ലയില്‍ ഒന്നാം ഘട്ടത്തില്‍ റവന്യൂ വകുപ്പിലാണ് പദ്ധതി നടപ്പിലാക്കുക. ജില്ലയിലെ 150 അക്ഷയ കേന്ദ്രങ്ങളിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതിയുടെ നടപടിക്രമങ്ങള്‍
അപേക്ഷകന്‍ ആദ്യം അക്ഷയ കേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യുകയാണ് വേണ്ടത്. രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് സര്‍ട്ടിഫിക്കറ്റുകളും മറ്റ് രേഖകളും സ്‌കാന്‍ ചെയ്ത് അപേക്ഷയോടൊപ്പം സൂക്ഷിക്കാം. ഒരിക്കല്‍ ഏതെങ്കിലും സര്‍ട്ടിഫിക്കറ്റിന് അക്ഷയ കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്താല്‍ നമ്പര്‍ സൂക്ഷിച്ചുവെക്കണം. ഈ രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ച് തുടര്‍ന്നും സേവനങ്ങള്‍ ലഭിക്കും. അക്ഷയ കേന്ദ്രങ്ങളില്‍ 20 രൂപയാണ് സര്‍വീസ് ചാര്‍ജ്. കൂടാതെ രേഖകള്‍ സ്‌കാന്‍ ചെയ്ത് അറ്റാച്ച് ചെയ്യുന്നതിന് ഒരു പേജിന് രണ്ട് രൂപ നിരക്കില്‍ ഈടാക്കും. ഇത്തരത്തില്‍ സമര്‍പ്പിക്കുന്ന പൂര്‍ണമായ അപേക്ഷ ഓണ്‍ലൈനിലൂടെ തന്നെ വില്ലേജ് ഓഫീസുകളില്‍ നിന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം അക്ഷയ കേന്ദ്രങ്ങള്‍ വഴി പ്രിന്റ് എടുത്ത് അപേക്ഷകന് നല്‍കും. അപേക്ഷകളില്‍ തീരുമാനമെടുക്കുന്നതിന് കൂടുതല്‍ വിശദാംശങ്ങളോ രേഖകളോ ആവശ്യം വന്നാല്‍ മാത്രം അപേക്ഷകന്‍ വില്ലേജ് ഓഫീസില്‍ ഹാജരായാല്‍ മതി. അപേക്ഷയുടെ ഓരോ ഘട്ടങ്ങളിലുമെത്തുമ്പോഴും അപേക്ഷകന്റെ മൊബൈലില്‍ എസ് എം എസായി വിവരങ്ങള്‍ ലഭിക്കും.
തഹസില്‍ദാര്‍ നല്‍കേണ്ട സര്‍ട്ടിഫിക്കറ്റുകളാണെങ്കില്‍ വില്ലേജ് ഓഫീസുകളില്‍ നിന്ന് അപേക്ഷ താലൂക്കിലെത്തും. തുടര്‍ന്ന് ഓണ്‍ലൈന്‍ വഴി അക്ഷയ കേന്ദ്രങ്ങളിലെത്തുകയും ചെയ്യും. ഏത് വില്ലേജ് ഓഫീസുകളിലേക്കുള്ള അപേക്ഷയും ഏത് അക്ഷയ കേന്ദ്രത്തില്‍ നിന്നും അയക്കാം. വില്ലേജ് ഓഫീസര്‍ അംഗീകരിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ ഏത് അക്ഷയ കേന്ദ്രത്തില്‍ നിന്ന് വേണമെങ്കിലും പ്രിന്റെടുക്കുകയും ചെയ്യാം. ഡിജിറ്റല്‍ ഒപ്പോട് കൂടി ലഭ്യമാകുന്ന സര്‍ട്ടിഫിക്കറ്റുകള്‍ 2004ലെ വിവരസാങ്കേതിക വിദ്യാ ആക്ട് പ്രകാരം നിയമസാധുതയുള്ളതാണ്. ലഭ്യമാകുന്ന സര്‍ട്ടിഫിക്കറ്റുകളുടെ വിശ്വാസ്യത വേേു://ലറശേെൃശര.േസലൃമഹമ. ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ പരിശോധിക്കാവുന്നതാണ്. സര്‍ക്കാര്‍ ഏജന്‍സിയായ നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ ആണ് ഇതിനുള്ള സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചെടുത്തത്.
ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് സാമൂഹികനീതി മന്ത്രി ഡോ. എം കെ മുനീര്‍ ജില്ലയെ ഇ-ഡിസ്ട്രിക്കായി പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം കെട്ടിട നികുതി ഉള്‍പ്പെടെയുള്ളവ ഓണ്‍ലൈനായി അടക്കാനുള്ള പദ്ധതി നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്റര്‍നെറ്റും കമ്പ്യൂട്ടര്‍ സംവിധാനവും ഉണ്ടെങ്കില്‍ സര്‍ക്കാര്‍ ഓഫീസുകളിലെത്താതെ തന്നെ പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭിക്കുന്ന തരത്തിലേക്ക് പദ്ധതി വിപുലപ്പെടുത്തുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
എ പ്രദീപ്കുമാര്‍ എം എല്‍എ അധ്യക്ഷത വഹിച്ചു. പുരുഷന്‍ കടലുണ്ടി എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, കലക്ടര്‍ കെ വി മോഹന്‍കുമാര്‍, കേരള സ്റ്റേറ്റ് ഐ ടി മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ പി നൗഫല്‍, ഉമ്മര്‍ പാണ്ടികശാല, എം എ. റസാഖ് മാസ്റ്റര്‍, മനയത്ത് ചന്ദ്രന്‍, മുക്കം മുഹമ്മദ്, മുരുകേശന്‍ പിള്ള, കെ പി രാജന്‍, എ ഡി എം. കെ പി രമാദേവി സംസാരിച്ചു.

 

 

ഓണ്‍ലൈന്‍ വഴി ലഭ്യമാകുന്ന
സര്‍ട്ടിഫിക്കറ്റുകള്‍

ജാതി സര്‍ട്ടിഫിക്കറ്റ്, താമസ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റ്, റിലേഷന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്, പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റ്, ബാധ്യതാ സര്‍ട്ടിഫിക്കറ്റ്, ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, .ഡൊമിസൈല്‍ സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, നോണ്‍ ക്രീമിലിയര്‍ സര്‍ട്ടിഫിക്കറ്റ്, കൈവശാവകാശവും നോണ്‍ അറ്റാച്ച്‌മെന്റും, മിശ്രവിവാഹ സര്‍ട്ടിഫിക്കറ്റ്,ലൈഫ് സര്‍ട്ടിഫിക്കറ്റ്, വാല്യൂവേഷന്‍ സര്‍ട്ടിഫിക്കറ്റ്, വിധവാ/വിഭാര്യന്‍ സര്‍ട്ടിഫിക്കറ്റ്, ഒരേ വ്യക്തിയാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് , മത/ജാതി പരിവര്‍ത്തന സര്‍ട്ടിഫിക്കറ്റ്, അഗതി സര്‍ട്ടിഫിക്കറ്റ്, കുടുംബാംഗത്വ സര്‍ട്ടിഫിക്കറ്റ്, ആശ്രിതനെന്ന സര്‍ട്ടിഫിക്കറ്റ്, പുനര്‍വിവാഹം നടത്തിയിട്ടില്ലെന്ന സര്‍ട്ടിഫിക്കറ്റ്.