ഗള്‍ഫ് സിന്‍ഡ്രോം

Posted on: March 25, 2013 7:47 am | Last updated: March 26, 2013 at 10:18 am
SHARE

dddനാടും വീടും കുടുംബവും വിട്ട് വിദേശത്തേക്ക് ജോലി പോകുന്നവരില്‍ പലരും മാനസിക സംഘര്‍ഷങ്ങളില്‍ അകപ്പെട്ടുകൊണ്ടിരിക്കുകയാണ്. മരുഭൂമിയില്‍ മരുപ്പച്ച തേടിയലയുന്ന ഗള്‍ഫുകാരന്റെ എല്ലാ പരാധീനതകളും ഗള്‍ഫ് സിന്‍ഡ്രോം എന്ന രണ്ട് വാക്കുകളില്‍ ആവാഹിച്ചു അടക്കിയിരിക്കുന്നു.
പഴയ കാലങ്ങളില്‍ കേരളീയര്‍ സിങ്കപ്പൂര്‍, മലേഷ്യ, സിലോണ്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറുകയും അവിടെയുള്ള പരിസ്ഥിതിയും സമൂഹവുമായി കൂടിക്കലരുകയും ചെയ്തിരുന്നു. അന്നില്ലാത്തൊരു അവസ്ഥ ഇന്ന് വിദേശങ്ങളിലേക്ക് പറക്കുന്നവരില്‍ ഉണ്ടാകുന്നു. വ്യക്തിയുടെയും സമൂഹത്തിന്റെയും കുടുംബത്തിന്റെയും രാജ്യത്തിന്റെയും സ്ഥാപനത്തിന്റെയും നിലനില്‍പ്പ് വിദേശികളെ കൊണ്ടാണ്. ചുട്ടു പൊള്ളുന്ന മണലാരണ്യത്തില്‍ നിരവധി സ്വപ്‌നങ്ങളുമായി ജോലി ചെയ്യുന്ന ഗള്‍ഫുകാരന്റെ ശാരീരിക മാനസിക പ്രശ്‌നങ്ങളെക്കുറിച്ചോ ജീവിതാവസ്ഥയെക്കുറിച്ചോ അറിയാനോ മനസ്സിലാക്കാനോ പരിഹരിക്കാനോ കഴിയുന്നില്ലെന്നത് ദുഃഖകരമാണ്. നാട്ടിലെത്തുന്ന ഗള്‍ഫുകാരനോട് ‘എപ്പോള്‍ വന്നു, എപ്പോള്‍ പോകും?’ എന്ന രണ്ട് ചോദ്യങ്ങള്‍ കൊണ്ട് മതിയാക്കുമ്പോള്‍ വേദനിക്കുന്ന ഗള്‍ഫുകാരന്റെ മനസ്സിലേക്ക് വീണ്ടും അഗ്നി പടര്‍ത്തുന്ന ചോദ്യങ്ങള്‍ തൊടുത്തു വിടുകയാണ്.
തൊഴില്‍ തേടി വിദേശത്തേക്ക് പറക്കുന്ന ഒരാള്‍ നാല് രീതിയിലുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. തൊഴില്‍പരം, സാമ്പത്തികം, സെക്ഷ്വല്‍, സാമൂഹികം. ഗള്‍ഫിലേക്ക് പറക്കുന്നവരെ നാല് വിഭാഗമാക്കാം. ഉന്നത വിദ്യാഭ്യാസവും സാമ്പത്തിക ശേഷിയുമുള്ളവര്‍, നാട്ടില്‍ത്തന്നെ തരക്കേടില്ലാത്ത ജോലിയും മറ്റു ചുറ്റുപാടുകളുമുള്ളവര്‍ (ജോലി ഉപേക്ഷിച്ചോ നീണ്ട അവധിയെടുത്തോ ആയിരിക്കും ഇവര്‍ വിദേശത്തേക്ക് പോകുന്നത്), തരക്കേടില്ലാത്ത വിദ്യാഭ്യാസമുണ്ടായിട്ടും നാട്ടില്‍ ഒരു ജോലി ലഭിക്കാതെ നിരാശരായി കഴിയുന്നവര്‍, പ്രത്യേകിച്ച് ഒരു തൊഴില്‍ പരിചയമോ വിദ്യാഭ്യാസമോ ഇല്ലാത്ത കടുത്ത ദാരിദ്ര്യവും സാമ്പത്തിക പരാധീനതകളും അനുഭവിക്കുന്നവര്‍.
പണം തേടിയുള്ള യാത്രയില്‍ അവര്‍ തൊഴില്‍ കൊണ്ട് സംതൃപ്തരാകുന്നില്ല. തങ്ങളുടെ സ്റ്റാറ്റസിനും വിദ്യാഭ്യാസത്തിനും യോജിച്ച തൊഴില്‍ ലഭിക്കാതെ വരുമ്പോള്‍ ആദ്യത്തെ രണ്ട് കൂട്ടരും നിരാശരാവുന്നു. തൊഴിലിന്റെ കാഠിന്യം അവസാനത്തെ രണ്ട് കൂട്ടരെയും തളര്‍ത്തുന്നു. തൊഴില്‍ കൊണ്ട് സമാധാനവും സംതൃപ്തിയും ലഭിക്കാതെ വരുമ്പോള്‍ എങ്ങനെയെങ്കിലും വര്‍ഷങ്ങള്‍ തള്ളിനീക്കട്ടെ എന്ന ചിന്തയായി. ലക്ഷങ്ങള്‍ വിസക്കും യാത്രക്കും വേണ്ടി ചിലവഴിച്ചിട്ടും വേണ്ടത്ര പ്രതിഫലം ലഭിക്കാതെ മാനസിക സംതൃപ്തിയില്ലാതെ ജോലിയില്‍ തുടര്‍ന്ന് ആയുസ്സ് കത്തിത്തീരുമ്പോള്‍ മാനസിക സംഘര്‍ഷങ്ങള്‍ നിറഞ്ഞ് നീറപ്പുകയുകയുമാണ്.
വിദേശത്തേക്ക് പറക്കുന്നതോടു വ്യക്തി ‘ഗള്‍ഫുകാര’നായി. സമൂഹത്തില്‍ അവന്‍ ഒറ്റപ്പെട്ടതുപോലെ തോന്നും. സ്വന്തം നാട്ടില്‍ത്തന്നെ താനൊരു ഗള്‍ഫുകാരനായി കണക്കാക്കപ്പെടാന്‍ തുടങ്ങുന്നതോടെ സമൂഹവുമായുള്ള അകല്‍ച്ച പൂര്‍ണമാകുന്നു. ഗള്‍ഫുകാരന്‍ എന്ന അപര നാമം മായ്ക്കപ്പെടാത്ത കാലത്തോളം തനിക്കു ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ സമൂഹത്തില്‍ നിന്നും നഷ്ടപ്പെടാന്‍ തുടങ്ങും.
അന്യനാട്ടില്‍ ജോലി ചെയ്യുന്നവന്റെ കുടുംബ ബന്ധങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ പലതാണ്. കുടുംബത്തിന്റെ ഭദ്രതക്കും മറ്റും ഉഷണക്കാറ്റ് വീശുന്ന ഇരുണ്ട യാമങ്ങളില്‍ ഉറക്കം വെടിഞ്ഞ് തന്റെ കൊച്ചു കൊച്ചു സ്വപ്‌നങ്ങള്‍ക്ക് നിറമേകുന്നു. ഒടുവില്‍ ഒന്നോ രണ്ടോ മാസത്തെ ലീവിന് നാട്ടിലേക്കു തിരിക്കുന്നു. പിന്നെ, ഒരിണക്കു വേണ്ടിയുള്ള നെട്ടോട്ടമായി. ലീവ് തീരുന്നതിനു മുമ്പ് എങ്ങനെയോ വിവാഹം ശരിപ്പെടുത്തുന്നു. ഒന്നു രണ്ട് ആഴ്ച കഴിയുമ്പോള്‍ മടങ്ങുന്നു. ഇണയെ നഷ്ടപ്പെട്ട മണവാട്ടി കണ്ണീരും സ്വപ്നങ്ങളുമായി നാട്ടില്‍ കഴിയുന്നു. ഇവിടെ പരസ്പരം മനസ്സിലാക്കാനുള്ള അവസരം പോലും ലഭിക്കാത്ത ദമ്പതികള്‍ തമ്മിലുള്ള പ്രകടമായ പൊരുത്തക്കേടുകള്‍ പോലും അറിയിക്കാന്‍ കഴിയാതെ വരുന്നു.
അഥവാ അടുത്തറിയാനോ പൊരുത്തക്കേടുകള്‍ കണ്ടറിഞ്ഞ് വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായി പരസ്പരധാരണയും സ്‌നേഹവും ബഹുമാനവും വളര്‍ത്തിയെടുക്കാനോ കഴിയാതെ വരുന്നു. ധര്‍മച്യുതി ഭയന്ന് വികാരങ്ങളെ നിയന്ത്രിക്കാന്‍ ഇരുകൂട്ടരും നിര്‍ബന്ധിതരാകുന്നു. ചിലപ്പോള്‍ വിവാഹബന്ധത്തില്‍ പാളിച്ചകള്‍ വരെ സംഭവിക്കുന്നു. സാമ്പത്തികവും ലൈംഗികപരവുമായ പ്രശ്‌നങ്ങളിലേക്ക് എത്തിപ്പെടുന്നു.
വിവാഹിതനാകാന്‍ പോകുമ്പോള്‍ ഏതു തരത്തിലുള്ള വിവാഹ ബന്ധമാണ് വേണ്ടതെന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ മുന്‍കൂട്ടി രൂപവത്കരിക്കണം. വിദേശത്ത് ജോലി ചെയ്യുന്ന ഒരാളുടെ പരാധീനതകളും ചുറ്റുപാടുകളുമെല്ലാം അറിഞ്ഞ് സഹകരിക്കുന്ന ഒരു ബന്ധമാണ് എപ്പോഴും അഭികാമ്യം. പരസ്പര ധാരണയും ബഹുമാനവും ഇത്തരം ബന്ധത്തിലൂടെ എളുപ്പം ഉണ്ടാക്കാന്‍ കഴിയും. ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ പരസ്പരം അടുത്തറിയാനും ആശയാഭിലാഷങ്ങള്‍ കൈമാറാനും ഭാവി ജീവിതത്തെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാക്കിക്കൊടുക്കാനും കഴിയുന്ന വിധത്തിലായിരിക്കണം വിവാഹം. ഹ്രസ്വമായ അവധിയില്‍ വിവാഹിതരാവാതിരിക്കുന്നതാണ് നല്ലത്. ഇത്തരം സമയങ്ങളില്‍ വിവാഹ നിശ്ചയം കൊണ്ട് തൃപ്തിയടയണം.
സാമൂഹിക വ്യവസ്ഥിതിയോടും തൊഴിലിനോടും പൊരുത്തപ്പെടാനുള്ള കഴിവ് അന്യനാട്ടില്‍ ജോലി ചെയ്യുന്നവര്‍ ഉണ്ടാക്കിയെടുക്കണം. ഇല്ലെങ്കില്‍ കടുത്ത മാനസികാഘാതങ്ങള്‍ക്ക് വഴിയൊരുക്കും. മാനസിക പ്രതിരോധശക്തി നശിച്ച വ്യക്തിയില്‍ പലതരം മാനസിക സംഘര്‍ഷങ്ങള്‍ പ്രത്യക്ഷപ്പെടും. അമിതമായ ഉത്കണ്ഠ, അടിസ്ഥാനരഹിതമായ ഭയം, വിഷാദം തുടങ്ങിയ രോഗങ്ങള്‍ക്ക് ചിലപ്പോള്‍ വിധേയനാവേണ്ടി വരും. പൊരുത്തക്കേടുകളെ ആത്മവിശ്വാസത്തോടെ നേരിടുകയും അപകര്‍ഷതാബോധം ഇല്ലാതാക്കുകയും പുതിയ സാഹചര്യങ്ങളോടും മാറ്റങ്ങളോടും ഏറ്റുമുട്ടാനുള്ള മനഃശക്തി ഉണ്ടാക്കിയെടുക്കുകയും ചെയ്താല്‍ മനസ്സിനെ തകര്‍ക്കാന്‍ ഒരിക്കലും കഴിയില്ലെന്ന് ഗള്‍ഫുകാരന്‍ വിശ്വസിക്കണം.
ജീവിത വിജയത്തിന്റെ പ്രധാന ഘടകങ്ങളായ ആരോഗ്യവും സമ്പാദ്യവും സന്തോഷവും സാമൂഹികാംഗീകാരവും നേടിയെടുക്കണം. വിദേശങ്ങളില്‍ ജോലി ചെയ്യുമ്പോഴും സ്വന്തം കുടുംബത്തിന്റെയും ഇണയുടെയും വിശേഷങ്ങള്‍ അറിയാനും മറ്റും സമയം കണ്ടെത്തണം. മൊബൈലില്‍ ബാലന്‍സ് തീരുന്നതിനേക്കാള്‍ സ്‌നേഹത്തിന്റെ ബാലന്‍സ് തീരാതെ നോക്കുക. വ്യക്തി ബന്ധങ്ങള്‍ വളര്‍ത്തുകയും മാനസിക ദുഃഖങ്ങള്‍ പരസ്പരം പങ്കുവെക്കുകയും സാമ്പത്തിക വരുമാനത്തില്‍ നിന്ന് അല്‍പ്പം മിച്ചം വെക്കുകയും ചെയ്താല്‍ ഗള്‍ഫ് സിന്‍ഡ്രോം ഇല്ലാതെ ജീവിക്കാന്‍ കഴിയുന്നതാണ്.

[email protected]