ബസ് ഓട്ടോയിലിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് പരുക്ക്‌

Posted on: March 25, 2013 1:34 am | Last updated: March 25, 2013 at 1:34 am
SHARE

നിലമ്പൂര്‍: നിലമ്പൂര്‍-പെരുമ്പിലാവ് പാതയിലെ തൊണ്ടിയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചു പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ ഉച്ചക്ക് പന്ത്രണ്ടോടെയാണ് അപകടമുണ്ടായത്.
മഞ്ചേരി സ്വദേശി പനോളി മുഹമ്മദിന്റെ ഭാര്യ ആസ്യ, മകന്‍ ആസിഫ്, ഭാര്യ ഹഫ്‌സ ബാനു, മക്കളായ ജാസിഫ്, ജാസിം എന്നിവര്‍ക്കാണ് പരുക്കേറ്റത്. മഞ്ചേരിയല്‍ നിന്ന് കൂറ്റമ്പാറയിലേക്ക് വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ വരുന്നതിനിടെ ഇവര്‍ സഞ്ചരിച്ച ഓട്ടോ എതിരെവന്ന കാവേരി ബസുമായി ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ഓട്ടോ സമീപത്തെ വയലിലേക്ക് തെറിച്ചുവീണു. ഓട്ടോ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. മറ്റൊരു ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന പിതാവ് മുഹമ്മദും നാട്ടുകാരും ചേര്‍ന്നാണ് പരുക്കേറ്റവരെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചത്. പിന്നീട് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
റോഡിലെ കൊടുംവളവ് പരിചയമില്ലാത്തതാണ് അപകടകാരണം. ആസ്യ, ആസിഫ് എന്നിവരുടെ പരുക്ക് ഗുരുതരമാണ്.