Connect with us

Malappuram

സംരക്ഷണ നടപടികളില്ല; ഫ്യൂസ് ബോക്‌സുകള്‍ നശിക്കുന്നു

Published

|

Last Updated

കല്‍പകഞ്ചേരി: സംരക്ഷിക്കാന്‍ നടപടികളില്ലാത്തതിനാല്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ട്രാന്‍സ്‌ഫോര്‍മ്മറിന്റെ സമീപത്ത് സ്ഥാപിച്ച ഫ്യൂസ് പെട്ടികള്‍ നശിക്കുന്നു.
ഏഴ് വര്‍ഷം മുമ്പ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ആക്‌സിലറേറ്റര്‍ പവര്‍ ഡവലപ്മന്റ് ആന്റ് റീം ഫാം ഫണ്ട് ഉപയോഗിച്ചാണ് ഇത്തരം ഫ്യൂസ് പെട്ടികള്‍ സ്ഥാപിച്ചത്. വൈദ്യുതി മോഷണം തടയുക, പ്രസരണ നഷ്ടം പരിഹരിക്കുക എന്നീ ലക്ഷ്യത്തോടെയാണ് ഈ പരിഷ്‌കരണം കെ എസ് ഇ ബി നടപ്പിലാക്കിയത്. ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയില്‍പെടുന്ന സ്ഥലങ്ങളിലെ വൈദ്യുതി ഉപയോഗത്തിന്റെ അളവിനെ കുറിച്ച് അറിയുന്നതിനുള്ള മീറ്ററുകളും ഫ്യൂസുകളുടെ സംരക്ഷണത്തിനും വേണ്ടിയാണ് ഇവ സ്ഥാപിച്ചിട്ടുള്ളത്. 7500 രൂപ ചെലവില്‍ നിര്‍മ്മിച്ച ബോക്‌സുകള്‍ക്ക് മതിയായ സംരക്ഷണമില്ലാത്തതിനാല്‍ ഇപ്പോള്‍ നശിച്ചുകൊണ്ടിരിക്കുകയാണ്. ഫ്യൂസ് ബോക്‌സുകളുടെ കേടുപാടുകള്‍ യഥാസമയം തീര്‍ക്കുകയോ പെയ്ന്റിംഗ് നടത്തുകയോ ചെയ്യാത്തത് കാരണം തകര ഷീറ്റുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച പെട്ടികളുടെ വാതിലുകള്‍ മിക്കയിടത്തും അടര്‍ന്ന് വീണ് തുരുമ്പെടുത്ത് നശിച്ചിരിക്കുകയാണ്. ഫ്യൂസ് ബോക്‌സുകള്‍ താഴിട്ട് പൂട്ടി താക്കോലുകളില്‍ ഒന്ന് ലൈന്മാന്റെ ഉത്തരവാദിത്വത്തിലും മറ്റൊന്ന് സെക്ഷന്‍ ഓഫീസിലും സൂക്ഷിക്കാനാണ് നിര്‍ദ്ദേശം.
എന്നാല്‍ പലയിടങ്ങളിലും ഇപ്പോള്‍ വാതിലുകള്‍ തുറന്ന് കിടക്കുന്നതിനു പുറമെ ബോക്‌സ് പെട്ടികള്‍ മുഴുവനായും നശിച്ചുകൊണ്ടിരിക്കുകയാണ്. ഇത് കാരണം ലൈനില്‍ വൈദ്യുതി ഇല്ലാതെ വരുമ്പോള്‍ യാതൊരു മുന്‍ കരുതലുമെടുക്കാതെ നാട്ടുകാര്‍ തന്നെ ഫ്യൂസ് ഇടുന്നത് അപകടം വിളിച്ചു വരുത്തുന്നുണ്ട്.