കുഞ്ഞു തങ്ങളുടെ നിര്യാണം പൊന്മുണ്ടത്തിന് തീരാ നഷ്ടം

Posted on: March 25, 2013 1:31 am | Last updated: March 25, 2013 at 1:31 am
SHARE

കല്‍പകഞ്ചേരി: കഴിഞ്ഞ ദിവസം നിര്യാതനായ പൊന്മുണ്ടം മഹല്ല് ഖാസി വലിയാക്കതൊടി അബ്ദുല്ല കോയ തങ്ങള്‍ എന്ന കുഞ്ഞു തങ്ങളുടെ (63) മയ്യിത്ത് ഖബറടക്കി.
വന്‍ ജനാവലിയുടെ സാനിധ്യത്തില്‍ ഇന്നലെ രാവിലെ 11.30ന് പൊന്മുണ്ടം ജുമുഅ മസ്ജിദ് ഖബറസ്ഥാനിലാണ് മയ്യിത്ത് മറവ് ചെയ്തത്. കാല്‍ നൂറ്റാണ്ട് കാലം പൊന്മുണ്ടം മഹല്ല് ഖാളിയായി സേവന മനുഷ്ഠിച്ച തങ്ങള്‍ പണ്ഡിതനും ദീനി സേവനം മാത്രം കൈമുതലാക്കി പ്രവര്‍ത്തിച്ച മഹാ മനീഷിയുമായിരുന്നു. വി ടി എസ് തങ്ങളുടെ വിയോഗത്തിലൂടെ പൊന്മുണ്ടത്തുകാര്‍ക്ക് നശ്ടപ്പെട്ടത് ആത്മീയ ചൈതന്യം നല്‍കിയിരുന്ന തണലായിരുന്നു. പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളേജിലായിരുന്നു മത പഠനം. എല്ലാ വിഭാഗം ജനങ്ങളോടും ഒരേ രീതിയിലുള്ള സമീപനം സ്വീകരിച്ചിരുന്ന തങ്ങള്‍ എല്ലാവര്‍ക്കും പ്രിയങ്കരനുമായിരുന്നു.
തങ്ങളുടെ നിര്യാണത്തില്‍ അനുശോചിച്ച് ഇന്നലെ പൊന്മുണ്ടത്ത് വ്യാപാരികള്‍ കടകളടച്ചു. തങ്ങളുടെ മരണത്തെ തുടര്‍ന്ന് പൊന്മുണ്ടം തഅ്‌ലീമുല്‍ കുര്‍ആന്‍ മദ്രസക്കും അനുബന്ധ സ്ഥാപനങ്ങള്‍ക്കും ഇന്നലെ അവധിയായിരുന്നു. തങ്ങളുടെ വസതി അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി എം എല്‍ എ, ഹമീദലി ശിഹാബ് തങ്ങള്‍, അബ്ബാസലി ശിഹാബ് തങ്ങള്‍, ഡി ഡി ഇ. കെ സി ഗോപി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി കെ ഉമ്മര്‍ ഹാജി തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.