വൃക്കരോഗികള്‍ക്ക് പ്രതിമാസം 525 രൂപ പെന്‍ഷന്‍

Posted on: March 25, 2013 1:24 am | Last updated: March 25, 2013 at 1:24 am
SHARE

Rupee-vs-Dollar-weakതിരുവനന്തപുരം: സാമൂഹിക സുരക്ഷാ മിഷന്‍ മുഖേന വൃക്ക തകരാറുമൂലം സ്ഥിരമായി ഡയാലിസിസ് വേണ്ടി വരുന്ന ബി പി എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പ്രതിമാസ പെന്‍ഷന്‍ നല്‍കുന്ന സമാശ്വാസം പദ്ധതിയുടെ മാര്‍ഗനിര്‍ദേശങ്ങളായി. വൃക്കക്ക് തകരാര്‍ സംഭവിച്ച് മാസത്തില്‍ ഒരു പ്രാവശ്യമെങ്കിലും ഡയാലിസിസിന് വിധേയരാകുന്ന ബി പി എല്‍ വിഭാഗത്തില്‍പ്പെടുന്നവരായിരിക്കും പദ്ധതിയുടെ ഗുണഭോക്താക്കള്‍.

ആറ് മാസമെങ്കിലും തുടര്‍ച്ചയായ ഡയാലിസിസ് ആവശ്യമുള്ളവരാണെന്ന് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കണം. ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്ന രോഗി വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കു വിധേയനായി ഡയാലിസിസ് അവസാനിപ്പിച്ചാല്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കു ശേഷമുള്ള തുടര്‍ചികിത്സ എടുക്കുന്ന കാലയളവില്‍ പരമാവധി രണ്ട് വര്‍ഷം ധനസഹായത്തിന് അര്‍ഹതയുണ്ടായിരിക്കും.
ഡയാലിസിസിന്റെ ഇടവേള ഒരു മാസത്തില്‍ കൂടുതലാണെങ്കില്‍ ധനസഹായത്തിന് അര്‍ഹതയുണ്ടാകില്ല. മറ്റ് സര്‍ക്കാര്‍ ധനസഹായം ലഭ്യമാകുന്നവര്‍ക്കും ഈ പ്രത്യേക ധനസഹായത്തിന് അര്‍ഹതയുണ്ടായിരിക്കും.
ഗുണഭോക്താവിന് പ്രതിമാസം 525 രൂപ വീതം ധനസഹായം നല്‍കും. സാമൂഹിക നീതി വകുപ്പിന് വേണ്ടി കേരള സാമൂഹിക സുരക്ഷാ മിഷനാണ് പദ്ധതി നടപ്പാക്കുന്നത്. ധനസഹായത്തിന് അര്‍ഹതയുള്ള രോഗികള്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോറം പൂരിപ്പിച്ച് ഇനിപ്പറയുന്ന രേഖകള്‍ സഹിതം ബന്ധപ്പെട്ട ശിശുവികസന പദ്ധതി ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.
രോഗി പ്രതിമാസം ഡയാലിസിസിന് വിധേയമാകുന്നുവെന്നുള്ള സര്‍ക്കാര്‍/സ്വകാര്യ ആശുപത്രിയിലെ വൃക്കരോഗ വിദഗ്ധര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്. സര്‍ട്ടിഫിക്കറ്റില്‍ ഡോക്ടറുടെ സീല്‍, രജിസ്‌ട്രേഷന്‍ നമ്പര്‍ എന്നിവ നിര്‍ബന്ധമായും രേഖപ്പെടുത്തണം. രോഗി ബി പി എല്‍ കുടുംബാംഗമാണെന്ന് തെളിയിക്കുന്ന ബി പി എല്‍ റേഷന്‍ കാര്‍ഡിന്റെ ഗസറ്റഡ് ഓഫീസര്‍ അറ്റസ്റ്റ് ചെയ്ത കോപ്പി/തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവി നല്‍കുന്ന ബി പി എല്‍ സര്‍ട്ടിഫിക്കറ്റ്.
അപേക്ഷ ലഭിച്ചാലുടന്‍ ശിശുവികസന പദ്ധതി ഓഫീസര്‍മാര്‍ വീട് സന്ദര്‍ശിച്ച് രോഗി ഡയാലിസിസിന് വിധേയമാകുന്നു എന്ന് ഉറപ്പ് വരുത്തി വ്യക്തമായ ശിപാര്‍ശ സഹിതം എക്‌സിക്യുട്ടീവ് ഡയറക്ടര്‍, കേരള സാമൂഹിക സുരക്ഷാ മിഷന്‍, പൂജപ്പുര, തിരുവനന്തപുരം-12 വിലാസത്തില്‍ അയക്കണം.
സാമൂഹിക സുരക്ഷാ മിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അപേക്ഷ പരിശോധിച്ച് അര്‍ഹതയുള്ളവര്‍ക്ക് ധനസഹായം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കും. അര്‍ഹതയുള്ള ഗുണഭോക്താക്കള്‍ക്ക് കോര്‍-ബേങ്കിങ് സംവിധാനമുള്ള നാഷനലൈസ്ഡ് ബേങ്ക് (ഐ ഒ ബി, എസ് ബി ടി, എസ് ബി ഐ, സിന്‍ഡിക്കേറ്റ്, കനറ) അക്കൗണ്ട് വഴി ധനസഹായം അനുവദിക്കും.
ഗുണഭോക്താക്കളുടെ പേര് വിവരങ്ങള്‍ സുരക്ഷാമിഷന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. ഓരോ പ്രോജക്ട് ഓഫീസിന്റെയും പരിധിയിലുള്ള ഗുണഭോക്താക്കളുടെ പേര് വിവരങ്ങള്‍ ബന്ധപ്പെട്ട ഐ സി ഡി എസ് പ്രോജക്ട് ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്ത് സൂക്ഷിക്കണം. ധനസഹായം അനുവദിച്ച് ആറ് മാസം തികയുന്ന മുറക്ക് രോഗിയുടെ ലൈഫ് സര്‍ട്ടിഫിക്കറ്റും ഡയാലിസിസ് തുടര്‍ന്നും ആവശ്യമാണെന്നുള്ള സര്‍ട്ടിഫിക്കറ്റും സര്‍ക്കാര്‍/സ്വകാര്യ ആശുപത്രിയിലെ വൃക്കരോഗ വിദഗ്ധനില്‍ നിന്നും വാങ്ങി ഹാജരാക്കണം. അപേക്ഷയുടെ മാതൃക വെബ്‌സൈറ്റില്‍ ലഭിക്കും.