തെക്കും വടക്കും രണ്ട് ഉപവാസങ്ങള്‍

Posted on: March 25, 2013 12:09 am | Last updated: March 25, 2013 at 10:12 am
SHARE

SIRAJ.......പോയ വാരം രണ്ട് നിരാഹാരസമരങ്ങള്‍ കൊണ്ട് ശ്രദ്ധേയമായിരുന്നു. തിരുവനന്തപുരത്ത് യൂനിവേഴ്‌സിറ്റി കോളജിന് മുന്നില്‍ പ്രശസ്ത കഥാകാരന്‍ കെ പി രാമനുണ്ണി ആരംഭിച്ച ഉണ്ണാവ്രതം ഒരു ദിവസം കൊണ്ട് പരിസമാപിച്ചുവെങ്കില്‍ അങ്ങ് വടക്ക് കാസര്‍കോട്ട് നിരാഹാരസമരം മൂന്നാം വാരത്തിലേക്ക് കടന്നിരിക്കയാണ്. മലയാളം ഒന്നാം ഭാഷയാക്കാനുള്ള നിയമ നിര്‍മാണത്തിന് സത്വരം സമൂര്‍ത്തമായ നടപടികള്‍ ആവശ്യപ്പെട്ടായിരുന്നു രാമനുണ്ണിയുടെ ഉപവാസം. ക്ലാസിക്കല്‍ പദവിയുടെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്ന മലയാളം, ഇനിയും ഈ ഭാഷ സംസാരിക്കുന്ന കൊച്ചു കേരളത്തില്‍ പോലും ഒന്നാം ഭാഷയാക്കാന്‍ ഇതുവരെ നടപടി ഉണ്ടായില്ലെന്നത് അക്ഷന്തവ്യമായ അപരാധമാണ്. ഒടുവില്‍ ഒ എന്‍ വി കുറുപ്പ്, സുഗതകുമാരി, പിരപ്പന്‍കോട് മുരളി എന്നിവരുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സാംസ്‌കാരിക മന്ത്രി കെ സി ജോസഫും നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌നപരിഹാരത്തിന് ഉറപ്പ് ലഭിച്ചത്. സംസ്ഥാനങ്ങളിലെ വിദ്യാലയങ്ങളില്‍ മലയാളം ഒന്നാം ഭാഷയാക്കി നിയമനിര്‍മാണം നടത്തുക, കോടതി ഭാഷ മലയാളമാക്കുക, പ്രവേശന പരീക്ഷകള്‍ മലയാളത്തില്‍ എഴുതാന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍, നടപ്പ് നിയമസഭാ സമ്മേളനത്തില്‍ തന്നെ സര്‍വകക്ഷി യോഗം വിളിച്ച് നിയമനിര്‍മാണത്തിന് നടപടി തുടങ്ങുമെന്ന ഉറപ്പിന്മേലാണ് ഉപവാസം തത്ക്കാലം പിന്‍വലിച്ചത്. ഇതുകൊണ്ടും പരിഹാര മായില്ലെങ്കില്‍ താന്‍ ഉള്‍പ്പെടെയുള്ളവര്‍ നിരാഹാരസമരത്തിനിറങ്ങുമെന്ന് ജ്ഞാനപീഠ പുരസ്‌കാര ജേതാവ് ഒ എന്‍ വി കുറുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുലപ്പാല് പോലെതന്നെ മാതൃഭാഷയായ മലയാളവും കേരള മക്കള്‍ക്ക് നാവിന്‍ തുമ്പത്ത് തേനൂറും വികാരമാണ്.
കാസര്‍കോട്ട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഇപ്പോഴും ഉപവാസ സമരം അനിശ്ചിതമായി തുടരുകയാണ്. തിരുവനന്തപുരത്തെ ഉപവാസം മലയാള ഭാഷയുടെ അഭിമാനവും മലയാളികളുടെ അവകാശവും നേടിയെടുക്കാനായിരുന്നെങ്കില്‍, കാസര്‍കോട്ട് എ മോഹന്‍കുമാര്‍ തുടരുന്ന ഉപവാസം മനുഷ്യരുടെ അതിജീവനത്തിനായാണ്. എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനി തളിച്ചതിനെ തുടര്‍ന്ന് ഭൂമിയിലും വെള്ളത്തിലും അന്തരീക്ഷത്തിലും കലര്‍ന്ന വിഷം പിഞ്ചു കുഞ്ഞുങ്ങളടക്കം മനുഷ്യരെ ജീവച്ഛവങ്ങളാക്കിയിരിക്കുന്നു. എന്‍ഡോസള്‍ഫാന്‍ ഉപയോഗം കേരളത്തില്‍ ഔദ്യോഗികമായി നിരോധിച്ചുവെങ്കിലും അത് വരുത്തിവെച്ച കെടുതികള്‍ ഇപ്പോഴും മഹാമാരിയായി ജനങ്ങളെ വേട്ടയാടുകയാണ്. മാരക വിഷമെന്നും മനുഷ്യരടക്കം ജീവജാലങ്ങള്‍ക്ക് വിനാശകരമെന്നും ശാസ്ത്രീയ പഠനങ്ങള്‍ തെളിയിച്ചിട്ടും ഇന്ത്യയില്‍ ഇതിന്റെ ഉത്പാദനവും വില്‍പനയും പ്രയോഗവും തുടരുകയാണ്. ഭരണകൂടം പോലും, കീടനാശിനിയുടെ പേരില്‍ വിഷം വാരി വിതറുന്ന കീടനാശിനി കമ്പനികളുടെ തടവുകാരായി മാറിയിരിക്കുകയാണ്. ആഹാരത്തിന് പോലും വകയില്ലാത്ത പട്ടിണിപ്പാവങ്ങള്‍ക്ക് മരുന്ന് വാങ്ങുകയെന്നത് ഒരു ‘ആര്‍ഭാട’മാണ്. സര്‍ക്കാറിന്റെയും സമൂഹത്തിന്റെയും സഹായവും കരുണയും ഇവര്‍ക്ക് കൂടിയേ തീരൂ. ഇവരുടെ പുനരധിവാസം ഒരു അനിവാര്യതയാണ്. അതിനിടയിലാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള സര്‍ക്കാര്‍ വക ആനുകൂല്യങ്ങള്‍ അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ നിര്‍ത്തുമെന്ന് അധികൃതര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. അങ്ങനെ അധികൃതര്‍ അടിച്ചേല്‍പ്പിച്ച സമരമാണ് കാസര്‍കോട്ടേത്. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ വ്യാഴാഴ്ച മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗം ഒരു നാടകമായിരുന്നുവെന്ന് വേണം കരുതാന്‍. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ പുനരധിവസിപ്പിക്കാന്‍ ബൃഹത്തായ പദ്ധതിയില്ലാതെ പ്രശ്‌നത്തിന് പരിഹാരമെന്നത് അക്കരപ്പച്ചയാകുകയേയുള്ളു. മാത്രമല്ല, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്ന സംഘടനകളെ ഉള്‍പ്പെടുത്തി വേണം പ്രശ്‌ന പരിഹാര ചര്‍ച്ച നടത്തുന്നത്. ഏഴ് വര്‍ഷമായി ദുരിതബാധിതര്‍ക്കൊപ്പം അവര്‍ക്ക് താങ്ങും തണലുമായി പ്രവര്‍ത്തിക്കുന്നവരെ മാറ്റിനിര്‍ത്തി, പ്രവര്‍ത്തിക്കാത്ത കടലാസ് സംഘടനകളുമായി ചര്‍ച്ച നടത്തുന്നത് തികഞ്ഞ വഞ്ചനയാണ്.
ഇന്ന് കാസര്‍കോട്ട് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ അനുരഞ്ജന സംഭാഷണം നടക്കുന്നുണ്ട്. എല്ലാ പ്രശ്‌നങ്ങള്‍ക്കും ഇതില്‍ പരിഹാരമാകുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് ആയിരക്കണക്കിന് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കും കുടുംബങ്ങള്‍ക്കും പ്രതീക്ഷ നല്‍കുന്നുണ്ട്. നിശ്ചിത കാലയളവിലോ സമയപരിധി വെച്ചോ പരിഹരിക്കാവുന്ന ദുരന്തമല്ല എന്‍ഡോസള്‍ഫാന്‍ വരുത്തിവെച്ചത്. തലമുറകള്‍തന്നെ ഇതിന്റെ ദോഷവശങ്ങള്‍ അനുഭവിക്കേണ്ടിവരും. ഇത് മനസ്സിലാക്കി, മനുഷ്യത്വപരമായ പ്രായോഗിക സമീപനം സര്‍ക്കാര്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. അനിശ്ചിതകാല ഉപവാസ മടക്കമുള്ള പ്രക്ഷോഭത്തിന് ജനങ്ങള്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യം കൂടി സര്‍ക്കാര്‍ മനസ്സിലാക്കണം. ഏതായാലും എന്‍ഡോസള്‍ഫാന്‍വിരുദ്ധ സമരത്തിന് പിന്നില്‍ രാഷ്ട്രീയം കാണാന്‍ ആരും മുതിരരുത്.