മിര്‍ ഹസര്‍ഖാന്‍ ഖോസോ പാക്കിസ്ഥാനിലെ ഇടക്കാല പ്രധാനമന്ത്രി

Posted on: March 24, 2013 2:51 pm | Last updated: March 25, 2013 at 1:28 am
SHARE

khosoഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇടക്കാല കാവല്‍ സര്‍ക്കാറിന്റെ പ്രധാനമന്ത്രിയായി റിട്ട. ജസ്റ്റിസ് മിര്‍ ഹസര്‍ ഖാന്‍ ഖോസോവിനെ തിരഞ്ഞെടുത്തു. ഖോസോവിനെ ഇടക്കാല പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഫക്രുദ്ദീന്‍ ജി ഇബ്‌റാഹിം അറിയിച്ചു. പാക്കിസ്ഥാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങള്‍ ചര്‍ച്ച നടത്തിയ ശേഷം നടത്തിയെ വോട്ടെടുപ്പിലാണ് പ്രധാനമന്ത്രിയെ തീരുമാനിച്ചത്.
കമ്മീഷനിലെ അഞ്ചംഗങ്ങളില്‍ ഒരാള്‍ മാത്രമാണ് എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തിയതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. പാര്‍ലിമെന്ററി സമിതി അഭിപ്രായൈക്യത്തിലെത്താത്തതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങള്‍ തീരുമാനമെടുത്തത്. പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി നിയമനം അംഗീകരിച്ചതിന് ശേഷമാണ് സത്യപ്രതിജ്ഞ നടക്കുക.
ഭരണകക്ഷിയായ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയാണ് ഖോസോവിന്റെ പേര് മുന്നോട്ട് വെച്ചത്. സ്റ്റേറ്റ് ബേങ്ക് മുന്‍ ഗവര്‍ണര്‍ ഇശ്‌റത്ത് ഹുസൈന്റെ പേരും പി പി പി നിര്‍ദേശിച്ചിരുന്നു. ആദ്യ ഘട്ട ചര്‍ച്ചയില്‍ പി പി പിയുടെ രണ്ടാമത്തെ സ്ഥാനാര്‍ഥിയായ ഖോസോവിനെ കമ്മീഷന്‍ അംഗങ്ങളായ ഇബ്‌റാഹിമും റഹ്മാനും പിന്തുണക്കുകയായിരുന്നു. മറ്റ് രണ്ട് അംഗങ്ങളായ ജസ്റ്റിസുമാരായ കിയാനിയും ഖാനും പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗ് നവാസിന്റെ സ്ഥാനാര്‍ഥിയായ റിട്ട. ജസ്റ്റിസ് നാസിര്‍ അസ്‌ലം സാഹിബിനെയാണ് പിന്തുണച്ചത്. രണ്ടാം വട്ട ചര്‍ച്ചയിലാണ് അഭിപ്രായൈക്യമുണ്ടായതെന്ന് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
സുതാര്യമായ തിരഞ്ഞെടുപ്പിനാണ് പ്രാധാന്യം നല്‍കുകയെന്ന് ഖോസോ പറഞ്ഞു. ബലൂചിസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസായി വിരമിച്ചയാളാണ് ഖോസോ. ബലൂചിസ്ഥാനിലെ ആക്ടിംഗ് ഗവര്‍ണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.