Connect with us

Kerala

നെല്‍വയല്‍ സംരക്ഷണ നിയമം സര്‍ക്കാര്‍ അട്ടിമറിക്കുന്നു

Published

|

Last Updated

തിരുവനന്തപുരം: നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുക്കുന്നു. 2005ന് മുമ്പ് നികത്തിയ വയലുകളും നീര്‍ത്തടങ്ങളും കരഭൂമിയാക്കാന്‍ ഒരു വര്‍ഷം മുമ്പ് അനുമതി നല്‍കിയ സര്‍ക്കാര്‍ നിലവിലുള്ള വയലുകളെയും നിയമപരിധിയില്‍ നിന്നൊഴിവാക്കാന്‍ നീക്കം തുടങ്ങി. വികസനത്തിന് തടസ്സമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഭേദഗതി കൊണ്ടുവരാനാണ് സര്‍ക്കാറിന്റെ ശ്രമം.
ഇതിന്റെ ഭാഗമായി നെല്‍വയല്‍ സംരക്ഷണ നിയമം വികസനപദ്ധതികള്‍ക്ക് തടസ്സമാകുന്ന സാഹചര്യം മറികടക്കാനുള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ കെ എം ചന്ദ്രശേഖര്‍ അധ്യക്ഷനായ സമിതിയെ നിയോഗിച്ചിരിക്കുകയാണ്.
നിലവില്‍ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം സര്‍ക്കാറിന്റെ വികസന പദ്ധതികള്‍ക്ക് തടസമാണെന്നാണ് സര്‍ക്കാര്‍ നിലപാട്. വിവിധ പദ്ധതികള്‍ക്കായി പാഴായിക്കിടക്കുന്ന വയലുകളും തണ്ണീര്‍ത്തടങ്ങളും വിവിധ വകുപ്പുകള്‍ ഏറ്റെടുത്തിട്ടുണ്ടെങ്കിലും 2008ലെ നിയമംമൂലം നിര്‍മാണം നടത്താനാകുന്നില്ലെന്ന് ഇത് സംബന്ധിച്ച് ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് പ്രശ്‌നത്തെക്കുറിച്ച് പഠിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി നാലിനാണ് സര്‍ക്കാര്‍ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ കെ എം ചന്ദ്രശേഖര്‍ അധ്യക്ഷനായ സമിതിയില്‍ ചീഫ് സെക്രട്ടറി സിറിയക് ജോസഫ്, വ്യവസായ വകുപ്പിന്റെയും ഗതാഗത വകുപ്പിന്റെയും ചുമതലയുള്ള അഡീഷനല്‍ ചീഫ് സെക്രട്ടറിമാരും കെ എസ് ഐ ഡി സി മാനേജിംഗ് ഡയറക്ടര്‍, ധനകാര്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, നിയമം, ഫിഷറീസ്, റവന്യൂ, കൃഷി, പൊതുമരാമത്ത്, തദ്ദേശ സ്വയംഭരണം വകുപ്പുകളുടെ സെക്രട്ടറിമാരും ഈ സമിതിയില്‍ അംഗങ്ങളാണ്.
2005ന് മുമ്പ് നികത്തിയ നെല്‍വയലുകള്‍ കരഭൂമിയാക്കുകയും ഡാറ്റാ ബേങ്ക് യഥാസമയം പ്രസിദ്ധീകരിക്കാതിരിക്കുകയും ചെയ്തതോടെ ദുര്‍ബലമായ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തെ പൂര്‍ണമായി ഇല്ലാതാക്കുകയാണ് സമിതി രൂപവത്കരണത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന വിമര്‍ശം ഇതിനകം ഉയര്‍ന്നുകഴിഞ്ഞു.
റോഡ്, ഹൈവേ തുടങ്ങി പശ്ചാത്തല മേഖലയുടെ വികസനത്തിന് തടസ്സമാകുന്നുവെന്ന വാദം ഉയര്‍ത്തിയാണ് സര്‍ക്കാര്‍ സമിതിയെ വെച്ചിരിക്കുന്നത്. നിയമം അനുസരിച്ച് വീട് വെക്കാനോ പൊതു ആവശ്യത്തിനോ നെല്‍വയല്‍ നികത്താന്‍ അനുമതി നല്‍കാന്‍ സര്‍ക്കാറിന് അധികാരമുണ്ടെന്നിരിക്കെ, ഇങ്ങനെയൊരു വാദഗതി ഉയര്‍ത്തി നിയമം അട്ടിമറിക്കുന്നത് വന്‍കിട റിയല്‍ എസ്റ്റേറ്റ് മാഫിയകളെ സഹായിക്കാനാണെന്നാണ് ആക്ഷേപം. നിയമത്തിന്റെ ഭാഗമായി തയ്യാറാക്കേണ്ട ഡാറ്റബേങ്ക് തെറ്റുകള്‍ തിരുത്തി മൂന്ന് മാസത്തിനകം പ്രസിദ്ധീകരിക്കുമെന്ന് മുഖ്യമന്ത്രി തന്നെ നിയമസഭയില്‍ ഉറപ്പ് നല്‍കിയിട്ട് ഒരു വര്‍ഷമായി. തദ്ദേശസ്വയംഭരണ വകുപ്പാണ് ഇത് പ്രസിദ്ധീകരിക്കേണ്ടത്.
2005ന് മുമ്പ് നികത്തിയ വയലുകള്‍ കരഭൂമിയാക്കാന്‍ അനുമതി നല്‍കിയതിന്റെ മറവില്‍ തരിശ്ശിട്ടതും ഭാഗികമായി മാത്രം നികത്തിയതുമായ ആയിരക്കണക്കിന് ഏക്കര്‍ കരഭൂമിയാക്കി രൂപാന്തരപ്പെടുത്തിയിരുന്നു.

Latest