അന്വേഷണം സിനിമാ കഥയെ വെല്ലും വേഗത്തില്‍

Posted on: March 24, 2013 10:23 am | Last updated: March 24, 2013 at 10:23 am
SHARE

chelembra-bank-robberyമലപ്പുറം: ചേലേമ്പ്ര സൗത്ത് മലബാര്‍ ഗ്രാമീണ ബേങ്കിലെ കവര്‍ച്ച ധൂം എന്ന ഹിന്ദി സിനിമ അനുകരിച്ചായിരുന്നുവെങ്കില്‍ പോലീസ് പ്രതികളെ പിടികൂടിയത് സിനിമാക്കഥകളെ വെല്ലുന്ന വേഗത്തില്‍. സംസ്ഥാന പോലീസിന്റെ അന്വേഷണ മികവ് തെളിയിക്കുന്നതായിരുന്നു കേസ് അന്വേഷണം. മുഖ്യപ്രതി ജോസഫ് എന്ന ജയ്‌സണ്‍ കവര്‍ച്ച ആസൂത്രണം ചെയ്തത് ധൂം സിനിമയുടെ ഒന്നാം ഭാഗം കണ്ടായിരുന്നു. ഇക്കാര്യം പോലീസിനോട് പ്രതി സമ്മതിക്കുകയും ചെയ്തു. അഭിഷേക് ബച്ചനും ജോണ്‍ എബ്രഹാമും തകര്‍ത്ത് അഭിനയിച്ച സിനിമയുടെ കഥയും ഒരു ബേങ്ക് കവര്‍ച്ചയും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ്.
സിനിമയുടെ അവസാനം കള്ളനായി അഭിനയിച്ച ജോണ്‍ എബ്രഹാം പോലീസ് പിടിയിലാകുമെന്ന് കണ്ടതോടെ കൊള്ളയടിച്ച പണം ഉപേക്ഷിച്ച് കടലില്‍ ചാടി ആത്മഹ്യ ചെയ്യുകയായിരുന്നു. എന്നാല്‍ സിനിമയെ അനുകരിച്ച് ബേങ്ക് കവര്‍ന്നവര്‍ക്ക് രക്ഷപ്പെടാനായില്ല. പഴുതടച്ച അന്വേഷണത്തിനൊടുവില്‍ 56 ദിവസത്തിനകം കേസിലെ ആദ്യ നാല് പ്രതികളെയും പിടികൂടി. പോലീസ് കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു.
പ്രതികള്‍ പലവട്ടം അന്വേഷണം വഴി തെറ്റിക്കാനും ശ്രമിച്ചു. 2008 ജനുവരി 11ന് ഹൈദരാബാദിലെ ഒരു ഹോട്ടലില്‍ നിന്ന് 53 പാക്കറ്റ് സ്വര്‍ണാഭരണങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അന്വേഷണത്തിലെ പതിവ് രീതികളൊഴിവാക്കിയായിരുന്നു ഉദ്യോഗസ്ഥരുടെ നീക്കം. തുടക്കത്തില്‍ മദ്യകുപ്പിയും ചെരുപ്പും കോണ്‍ക്രീറ്റ് ചുമര്‍ തുരക്കുന്ന യന്ത്രത്തിന്റെ ഭാഗവും മാത്രമായിരുന്നു തുമ്പായി ലഭിച്ചത്. അന്വേഷണത്തിനായി വിദഗ്ധ സംഘത്തിന്റെ സഹായവും പോലീസ് തേടി.
20 ലക്ഷത്തിലേറെ ഫോണ്‍കോളുകളാണ് അന്വേഷണകാലയളവില്‍ സംഘം പരിശോധിച്ചത്. ഇതിനിടെയാണ് മുഖ്യപ്രതി ജോസഫിന്റെ ഫോണില്‍ നിന്ന് ബേങ്ക് കെട്ടിട ഉടമ കുഞ്ഞാതുട്ടി ഹാജിക്ക് വന്ന കോളുകള്‍ ശ്രദ്ധയില്‍ പെടുന്നത്. ഇത് കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ നിന്നാണെന്ന് കണ്ടെത്തി. പിന്നീട് ചേലേമ്പ്ര, വേങ്ങര ടവറുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി.
പോലീസ് കുറ്റിക്കാട്ടൂരിലെത്തിയതറിഞ്ഞ സംഘം ഹൈദരാബാദ് നമ്പളളിയിലെ ഹോട്ടല്‍ മുറിയില്‍ ഒരു കിലോ സ്വര്‍ണം ഉപേക്ഷിച്ച് അന്വേഷണം വഴിതിരിച്ച് വിടാന്‍ ശ്രമിച്ചു.
ഇക്കാര്യം തിരിച്ചറിഞ്ഞ പോലീസ് ഫെബ്രുവരി 25ന് രാത്രി പ്രതികളായ ജോസഫിനെയും ഷിബുവിനെയും ജോസഫിന്റെ വാടക വീട്ടില്‍ നിന്നും രാധാകൃഷ്ണനെയും കനകേശ്വരിയെയും കോഴിക്കോട് വിരിപ്പിലെ വാടകവീട്ടില്‍ നിന്നും പിടികൂടി. പിന്നീടെല്ലാം വേഗത്തിലായിരുന്നു.
പ്രതികള്‍ ഉപയോഗിച്ചിരുന്ന കാറുകളും 63.42 കിലോഗ്രാം സ്വര്‍ണവും കോരപ്പുഴയില്‍ ഉപേക്ഷിച്ച ആയുധനങ്ങളും കണ്ടെടുത്തു. സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ച വൈത്തിരി സ്വദേശി സൈനുദ്ദീനെയും 2009 മാര്‍ച്ചില്‍ അറസ്റ്റ് ചെയ്തു. മലപ്പുറം പോലീസ് സൂപ്രണ്ടായിരുന്ന പി വിജയന്റെ നേതൃത്വത്തിലുള്ള 25 അംഗ സംഘമാണ് കേസ് അന്വേഷിച്ചിരുന്നത്.
മികച്ച അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന സര്‍ക്കാറിന്റെ അനുമോദനവും ക്യാഷ് അവാര്‍ഡുകളും നല്‍കുകയുണ്ടായി. മഞ്ചേരി അതിവേഗ കോടതിയിലായിരുന്നു സംസ്ഥാനത്തെ ഏറ്റവും വലിയ ബേങ്ക് കവര്‍ച്ചയുടെ കേസ് വിസ്താരം നടന്നത്.