Connect with us

National

അഡ്വാനിയെ പ്രശംസിച്ചും അഖിലേഷ് സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചും മുലായം സിംഗ്

Published

|

Last Updated

ലക്‌നോ: മകന്‍ അഖിലേഷ് യാദവിന്റെ യു പി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചും ബി ജെ പി നേതാവ് എല്‍ കെ അഡ്വാനിയെ പ്രശംസ കൊണ്ട് മൂടിയും സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ്. ലക്‌നോയില്‍ റാം മനോഹര്‍ ലോഹ്യയുടെ 103ാമത് ജന്മദിനാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ, എന്‍ ഡി എ സഖ്യത്തെയും മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പയിയെയും പ്രശംസിച്ച് സമാജ്‌വാദി പാര്‍ട്ടി ജനറല്‍ സെക്രട്ടറി രാം ഗോപാല്‍ യാദവ് രംഗത്തെത്തിയിരുന്നു.
“മോശം സംസ്ഥാനമാണ് യു പിയെന്നും അഴിമതി വ്യാപകമാണെന്നും അഡ്വാനി സാഹബ് പറയുന്നു. അഡ്വാനിയെ പോലെയുള്ള മുതിര്‍ന്ന നേതാവ് പറയുമ്പോള്‍ ഞാനത് മനസ്സിലാക്കേണ്ടതുണ്ട്. അദ്ദേഹം ഒരിക്കലും കളവ് പറയുകയില്ല. അദ്ദേഹം സത്യം മാത്രമാണ് പറയുകയെന്ന് ഞാന്‍ ഒരുപാട് തവണ പറഞ്ഞിട്ടുണ്ട്. അദ്ദേഹവുമായി അടുത്ത് തന്നെ കൂടിക്കാഴ്ച നടത്തും. യു പിയിലെ ക്രമസമാധാനനില നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി പരാജയപ്പെടുകയാണെങ്കില്‍ അദ്ദേഹം കഴിവ്‌കെട്ട ഭരണാധികാരിയാണ്.” മുലായം സിംഗ് വിമര്‍ശിച്ചു.
സുതാര്യമായല്ല അഖിലേഷ് ഭരിക്കുന്നത്. കര്‍ക്കശ നിലപാടാണ് അദ്ദേഹത്തിന്. മുഖസ്തുതി നേടാനുള്ള വ്യഗ്രതയില്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാറിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചിരിക്കുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ അഖിലേഷ് കാര്‍ക്കശ്യം പുലര്‍ത്തുന്നുമില്ല. മന്ത്രിമാര്‍ വിശ്രമിക്കുകയും ഉദ്യോഗസ്ഥര്‍ പ്രശംസ കിട്ടാന്‍ വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അതാണ് സര്‍ക്കാറിന് ചീത്തപ്പേരുണ്ടാക്കിയത്. ഇത് അനുവദിക്കുകയില്ലെന്ന് മുലായം മുന്നറിയിപ്പ് നല്‍കി.
പോലീസ് സ്റ്റേഷനുകളും നീതിന്യായ ഓഫീസുകളും അഴിമതിയുടെ വലിയ കേന്ദ്രങ്ങളാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പുനരവലോകനം നടത്തുകയും പോലീസ് മേധാവികള്‍, ജില്ലാ മജിസ്‌ട്രേറ്റുമാര്‍ എന്നിവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും വേണം. ഉദ്യോഗസ്ഥര്‍ക്ക് ഭയമില്ലെങ്കില്‍ സര്‍ക്കാറിന്റെ പ്രവര്‍ത്തനം സുഗമമാകുകയില്ലെന്ന് മുലായം പറഞ്ഞു.

Latest