സംസ്ഥാനത്ത് മരച്ചീനി ഉത്പാദനം കുത്തനെ കുറഞ്ഞു

Posted on: March 24, 2013 10:07 am | Last updated: March 24, 2013 at 10:07 am
SHARE

kappaകണ്ണൂര്‍: ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി സംസ്ഥാനത്ത് വ്യാപകമായി കൃഷി ചെയ്യാന്‍ നിര്‍ദേശിക്കപ്പെട്ട മരച്ചീനി കൃഷിയുടെ ഉത്പാദനം കുത്തനെ കുറഞ്ഞു. കൃഷിയിറക്കുന്നത് പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാര്‍ പദ്ധതികള്‍ കാര്യക്ഷമമാകാത്തതും വിപണന കേന്ദ്രങ്ങള്‍ കണ്ടെത്താനാകാതിരുന്നതുമാണ് മരച്ചീനി കൃഷിയില്‍ നിന്ന് കര്‍ഷകരെ പിന്തിരിപ്പിച്ചത്. പ്രധാന ഭക്ഷ്യ ഉത്പന്നമായ അരി ഉത്പാദനത്തിന് പൂര്‍ണമായും അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സാഹചര്യത്തില്‍ നെല്ലുത്പാദനം കൂട്ടുന്നതിനോടൊപ്പം തന്നെ മരച്ചീനി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് കൂടിയായിരുന്നു കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് പദ്ധതി ആവിഷ്‌കരിച്ചത്.
അടിയന്തരമായും മരച്ചീനി പോലുള്ള കൃഷി വ്യാപിപ്പിക്കണമെന്നതായിരുന്നു വിദഗ്ധ നിര്‍ദേശം. ഇതിന്റെ ഭാഗമായി പാതയോര കൃഷിയിലും കുടുംബശ്രീയിലും മരച്ചീനിക്ക് പ്രത്യേക പരിഗണനയും നല്‍കിയിരുന്നു. എന്നാല്‍ മരച്ചീനി കൃഷി പ്രോത്സാഹന പരിപാടികള്‍ക്കൊന്നും തുടര്‍ച്ചയുണ്ടായില്ല.
ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുമെന്നതിനപ്പുറം കേരളത്തിലെ മണ്ണ് മരച്ചീനിക്ക് ഏറെ അനുയോജ്യമാണെന്ന് വിലയിരുത്തപ്പെട്ടിരുന്നു.
എച്ച് 165, എച്ച് 97, ശ്രീസഹ്യ, മലയന്‍ 4, ശ്രീവിശാഖം തുടങ്ങിയ മികച്ച മരച്ചീനി ഇനങ്ങള്‍ ഗവേഷണ കേന്ദ്രങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത്തരം ഗുണമേന്മയുള്ള ഇനങ്ങളില്‍ നിന്ന് നല്ല വിളവ് ലഭിച്ചിരുന്നു.
സംസ്ഥാനത്ത്1982ല്‍ 2,73,470 ഹെക്ടറിലായിരുന്നു മരച്ചീനി കൃഷി ചെയ്തിരുന്നത്. 1990-92 വരെ കൃഷി സ്ഥലത്തിന്റെ വിസ്തൃതിയില്‍ വലിയ വ്യത്യാസമുണ്ടായിരുന്നില്ല. എന്നാല്‍ 2012ഓടെ ഇത് 1,11,190 ഹെക്ടറായി ചുരുങ്ങി. ഒടുവിലത്തെ കണക്ക് പ്രകാരം നിലവിലുള്ള കൃഷി സ്ഥലത്തിന്റെ അഞ്ച് ശതമാനമെങ്കിലും കുറഞ്ഞിട്ടുണ്ടാകുമെന്ന് കര്‍ഷക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വര്‍ഷം 24,55,880 ടണ്ണായിരുന്നു ഉത്പാദനം.
തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതലായി മരച്ചീനി കൃഷിയുള്ളത്. സംസ്ഥാനത്ത് ഏറ്റവും വിപുലമായ വിപണന സാധ്യതയാണ് മരച്ചീനിക്കുള്ളതെന്നിരിക്കെ അധികൃതരുടെ അനാസ്ഥ മാത്രമാണ് കൃഷി തഴയപ്പെടാനുള്ള പ്രധാനകാരണമെന്ന് വിലയിരുത്തപ്പെടുന്നു.
കേരളത്തിലുത്പാദിപ്പിക്കുന്ന കപ്പയുടെ 70 ശതമാനം ഭക്ഷണത്തിനും ശേഷിക്കുന്നവ കാലിത്തീറ്റ നിര്‍മാണത്തിനുമായാണ് ഉപയോഗിക്കുന്നത്.
മുന്‍കാലങ്ങളില്‍ മലബാറില്‍ നിന്ന് ലോറികളില്‍ സേലത്തെ സ്റ്റാര്‍ച്ച് നിര്‍മാണ ഫാക്ടറികളിലേക്ക് പോലും കപ്പ കയറ്റിയയച്ചിരുന്നു. ഏത്തപ്പഴത്തിലും മരച്ചീനിയിലും സ്റ്റാര്‍ച്ചിന്റെ (അന്നജം) തോത് ഏറെക്കുറെ ഒരുപോലെയാണെങ്കിലും മരച്ചീനിക്ക് വിപണിയില്‍ ഏത്തപ്പഴത്തിന് കിട്ടുന്നത് പോലുള്ള പരിഗണന ലഭിക്കുന്നില്ല. മറ്റു കാര്‍ഷിക വിളകളെ അപേക്ഷിച്ച് കീടബാധയേല്‍ക്കാത്ത കൃഷിയെന്ന രീതിയില്‍ വലിയ സാധ്യത തന്നെയാണ് മരച്ചീനിക്കുള്ളത്.
കപ്പ കൊണ്ടുള്ള നിരവധി വിഭവങ്ങള്‍ അന്യ സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലുമടക്കമുണ്ടെങ്കിലും ഇതൊന്നും പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതി സംസ്ഥാനത്ത് ആവിഷ്‌കരിച്ചിട്ടില്ല.
കഴിഞ്ഞ വര്‍ഷം ഹോര്‍ട്ടി കോര്‍പ്പിന്റെ ആഭിമുഖ്യത്തില്‍ മരച്ചീനി സംഭരണത്തിന് സര്‍ക്കാര്‍ പദ്ധതിയൊരുക്കിയിരുന്നു. 13 രൂപ തറവില നിശ്ചയിച്ച് കൊല്ലം ജില്ലയിലായിരുന്നു പ്രത്യേക കേന്ദ്രങ്ങള്‍ തുറന്ന് സംഭരിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ വലിയ തോതില്‍ മരച്ചീനി സംഭരിക്കാനുള്ള അപേക്ഷ കര്‍ഷകരില്‍ നിന്ന് ലഭിച്ചതോടെ കൂടുതല്‍ ഏറ്റെടുക്കാന്‍ കഴിയില്ലെന്ന നിലപാടുമായി ഹോര്‍ട്ടി കോര്‍പ്പ് പിന്മാറുകയായിരുന്നു.