തമിഴ്‌നാട് ഇന്ത്യയിലായതിനാല്‍…

Posted on: March 24, 2013 9:58 am | Last updated: March 25, 2013 at 10:04 am
SHARE

Karunanidhi

loka visheshamഅക്ഷരാര്‍ഥത്തില്‍ ചെകുത്താനും കടലിനുമിടക്കായിരുന്നു ഇന്ത്യന്‍ ഭരണാധികാരികള്‍. ആഭ്യന്തര രാഷ്ട്രീയ സമ്മര്‍ദം ഒരു വശത്ത്. അന്താരാഷ്ട്ര നയതന്ത്ര ബാധ്യതകള്‍ മറുവശത്ത്. ഭരണസഖ്യത്തിലെ പ്രമുഖ കക്ഷിയെ നഷ്ടപ്പെടുത്തിയിട്ടാണ് ഇന്ത്യ, യു എന്‍ മനുഷ്യാവകാശ സമിതിയിലെ ശ്രീലങ്കന്‍ വിരുദ്ധ പ്രമേയത്തില്‍ വോട്ട് ചെയ്യാന്‍ പോയത്. പ്രമേയം പാസായി. ഇന്ത്യ പ്രമേയത്തിന് അനുകൂലമായി തന്നെ വോട്ട് ചെയ്തു. എന്നുവെച്ചാല്‍ ശ്രീലങ്കക്കെതിരായ നിലപാട് സ്വീകരിച്ചു. പക്ഷേ, ഭേദഗതികളൊന്നും കൊണ്ടുവന്നില്ല. എല്‍ ടി ടി ഇയെ അമര്‍ച്ച ചെയ്യാനായി തുടങ്ങിയ സൈനിക നടപടിയുടെ അന്ത്യഘട്ടത്തില്‍ അരങ്ങേറിയ ക്രൂരമായ കൂട്ടക്കുരുതിയായിരുന്നു പ്രമേയത്തിന്റെ ഹേതു. തീര്‍ത്തും മയപ്പെട്ട ഒരു പ്രമേയം. യുദ്ധക്കുറ്റങ്ങള്‍ നടന്നോ എന്ന് പരിശോധിക്കണം. അതിനായുള്ള അന്വേഷണത്തിന് ശ്രീലങ്ക തന്നെ മുന്‍കൈ എടുക്കണം. സ്വയം വിമര്‍ശപരമായ സമീപനം ആയിരിക്കണം ശ്രീലങ്കയുടെത്. ‘മേലില്‍ ആവര്‍ത്തിക്കരുത്’ സ്റ്റൈലിലുള്ള പ്രമേയമാണ് പാസ്സായത്. നടന്നത് വംശഹത്യയാണെന്ന പദം പ്രമേയത്തില്‍ വന്നില്ല. യുദ്ധക്കുറ്റങ്ങളില്‍ അന്താരാഷ്ട്ര അന്വേഷണവും ഉണ്ടാകില്ല. യു എന്‍ എച്ച് ആര്‍ സിയിലെ പ്രമേയം സത്യത്തില്‍ പ്രതീകാത്മകമായ ഒരു ഏര്‍പ്പാട് മാത്രമാണ്. അത് പാലിക്കാന്‍ അംഗരാജ്യങ്ങള്‍ക്കു പോലും ബാധ്യതയില്ല. സഖ്യങ്ങളുടെയും വിധേയത്വത്തിന്റെയും കാര്യത്തില്‍ രാജ്യങ്ങള്‍ എവിടെ നില്‍ക്കുന്നുവെന്ന് അറിയാനുള്ള നയതന്ത്ര പദപ്രശ്‌നം മാത്രമാണ് ഇത്തരം പ്രമേയങ്ങള്‍.
ശ്രീലങ്കയെ ചൈന പിന്തുണക്കുന്നത് കൊണ്ട് മാത്രമാണ് ഇത്തരമൊരു പ്രമേയം അമേരിക്ക കൊണ്ടുവന്നത്. ഇറാഖിലെ ചോരക്കളികളില്‍ ആനന്ദം കൊള്ളുന്ന, അഫ്ഗാനിലും പാക്കിസ്ഥാനിലും പൈലറ്റില്ലാ വിമാനങ്ങള്‍ തൊടുത്തു വിട്ട് മനുഷ്യരെ പച്ചക്ക് കൊല്ലുന്ന, ഗാസാ ചീന്തിലെ നിരായുധരായ മനുഷ്യര്‍ക്ക് മേല്‍ ബോംബു മഴ പെയ്യിച്ച ഇസ്‌റാഈലിനെ നിര്‍ലജ്ജം ന്യായീകരിക്കുന്ന, ഏത് രാജ്യത്തിന്റെയും സ്വാസ്ഥ്യങ്ങള്‍ക്ക് മേല്‍ കടന്നു കയറാന്‍ അധികാരമുണ്ടെന്ന് വിശ്വസിക്കുന്ന അമേരിക്കക്ക് ശ്രീലങ്കയെ വിമര്‍ശിക്കാന്‍ എന്ത് ധാര്‍മിക അവകാശമാണുള്ളത്? പാക്കിസ്ഥാനും ചൈനയും മാലിദ്വീപും മ്യാന്‍മറും ബംഗ്ലാദേശുമൊക്കെ ശ്രീലങ്കക്ക് അനുകൂലമായി വോട്ട് ചെയ്ത് അമേരിക്കയുടെ എതിര്‍ ചേരിയില്‍ തന്നെയാണ് തങ്ങളുള്ളതെന്ന് തെളിയിച്ചു.
തീര്‍ച്ചയായും പുലികള്‍ക്കെതിരായ സൈനിക നീക്കം ഏകപക്ഷീയമായ കൂട്ടക്കുരുതിയായിരുന്നു. അത് കണ്ടെത്താന്‍ ഇനിയൊരു അന്വേഷണത്തിന്റെ ആവശ്യമില്ല. ആയിരക്കണക്കിന് സാധാരണക്കാര്‍ കൊല്ലപ്പെട്ടു. അവശേഷിച്ചവരെ അവരുടെ സ്വാഭാവികമായ ഇടങ്ങളില്‍ നിന്ന് അഭയാര്‍ഥിക്യാമ്പിന്റെ ദുരിതങ്ങളിലേക്ക് ആട്ടിയോടിച്ചു. പുലിത്തലവന്‍ പ്രഭാകരന്റെ മകന്‍ ബാലചന്ദ്രനെ പോയിന്റ് ബ്ലാങ്കില്‍ വെടിവെച്ച് കൊല്ലുന്ന ദൃശ്യം ലോകത്തെ നിതാന്തമായ ഞെട്ടലിലേക്ക് തള്ളിവിട്ടിരുന്നുവല്ലോ. സൈന്യം രാക്ഷസീയത കൈവരിക്കുകയായിരുന്നു. സ്റ്റേറ്റ് സ്‌പോണ്‍സേര്‍ഡ് സിംഹള ഭീകരതയാണ് നടന്നത്. ആ കൊടും ക്രൂരതയെ അപലപിക്കാന്‍ ഇത്തരമൊരു അഴകൊഴമ്പന്‍ പ്രമേയം മതിയോ? കുരുതി നടക്കുമ്പോള്‍ കൈയും കെട്ടി നോക്കി നില്‍ക്കുകയും അതിനു മുന്നോടിയായി ശ്രീലങ്കന്‍ സൈന്യത്തെ പരിശീലിപ്പിക്കുകയും ചെയ്ത ഇന്ത്യ ഇപ്പോള്‍ ഈ പ്രമേയത്തെ പിന്തുണക്കുക വഴി നയതന്ത്രപരമായി ഒറ്റപ്പെടുകയാണ് ചെയ്തത്. നാളെ കാശ്മീരിന്റെ പേരില്‍, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ ഇന്ത്യക്കെതിരെ ഒരു പ്രമേയം കൊണ്ടുവന്നാല്‍ ഇന്ത്യ എങ്ങനെ പ്രതിരോധിക്കും? ഒട്ടും ആത്മാര്‍ഥമല്ലാത്ത ഒരു പിന്തുണക്കല്‍ വഴി ശ്രീലങ്കയില്‍ ക്രിയാത്മകമായി ഇടപെടാനുള്ള സാധ്യത ഇന്ത്യ കളഞ്ഞുകുളിച്ചിരിക്കുന്നു.
ശ്രീലങ്കയില്‍ തമിഴ് വംശജരുടെ ചരിത്രപരമായ അവകാശം അംഗീകരിക്കപ്പെടും വരെ പുതിയ എല്‍ ടി ടി ഇ ഉണ്ടായിക്കൊണ്ടിരിക്കും. ഇത്തരം പ്രമേയങ്ങളും. ഇവയുടെ പേരില്‍ ദ്രാവിഡ പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പ് നേട്ടങ്ങള്‍ കൊയ്യാം. ഇന്ത്യക്ക് അമേരിക്കന്‍ വിധേയത്വം ഉറപ്പിക്കാം. പാക്കിസ്ഥാനും ചൈനക്കും പുതിയ സഖ്യങ്ങളുടെ സാധ്യത തേടാം. ഈ പ്രയോജന വേട്ടകള്‍ക്കിടയില്‍ തമിഴന്റെ സത്യം കടലെടുത്തു പോകും. ഓര്‍മകള്‍ ഉണ്ടായിരിക്കുക തന്നെയാണ് ഈ ദുരവസ്ഥക്കുള്ള ഒരേയൊരു പരിഹാരം.
ഉത്തരേന്ത്യയില്‍ നിന്ന് ബംഗാള്‍ ഉള്‍ക്കടലിലൂടെ വന്നു കുടിയേറിപ്പാര്‍ത്തവരുടെ പിന്‍മുറക്കാരാണ് ശ്രീലങ്കയിലെ ഭൂരിപക്ഷ ജനതയായ സിംഹളര്‍. ആര്യ ഭാഷാ കുടുംബത്തില്‍ പെട്ട സിംഹളയാണ് ഇവരുടെ ഭാഷ. ക്രിസ്തുവര്‍ഷാരംഭത്തില്‍ തന്നെ തമിഴരും ലങ്കയിലേക്കു കുടിയേറി. ചോള, പാണ്ഡ്യ പടയോട്ടങ്ങള്‍ തമിഴ് കുടിയേറ്റത്തെ സഹായിച്ചു. ക്രമേണ വടക്കും കിഴക്കും വന്‍തോതില്‍ തമിഴര്‍ കേന്ദ്രീകരിച്ചു. യാഴ്പ്പാണം എന്നു പഴയ പേരുള്ള ഇന്നത്തെ ജാഫ്‌നയില്‍ ഒരു തമിഴ് രാജവംശം തന്നെ നിലനിന്നിരുന്നുവെന്ന് ചരിത്രകാരന്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. തമിഴര്‍ അവര്‍ പാര്‍ത്ത പ്രദേശത്തെ തമിഴ് ഈഴമെന്ന് വിളിച്ചു. എല്‍ ടി ടി ഇയുടെ പോരാട്ടത്തിന് ഭൂതകാലത്തില്‍ വേരുകളുണ്ടായിരുന്നുവെന്ന് ഈ ചരിത്രയാഥാര്‍ഥ്യങ്ങള്‍ തെളിയിക്കുന്നു.
ബ്രിട്ടീഷ് ആധിപത്യകാലത്ത് സിലോണില്‍ തേയില കൃഷിയായിരുന്നു മുഖ്യ തൊഴില്‍. തദ്ദേശീയരായ സിംഹളരും തമിഴരും പണിക്ക് തികയാതെ വന്നപ്പോള്‍ ആയിരക്കണക്കിന് തമിഴ് തൊഴിലാളികളെ ബ്രിട്ടീഷ് അധികാരികള്‍ സിലോണിലേക്ക് കൊണ്ടുവന്നു. വളരെക്കാലത്തെ തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഇവരില്‍ പലര്‍ക്കും ശ്രീലങ്കയില്‍ പൗരത്വം ലഭിച്ചു. ബ്രിട്ടീഷ് ഭരണകാലത്ത് തമിഴര്‍ വിദ്യാഭ്യാസ രംഗത്ത് വന്‍ പുരോഗതി കൈവരിച്ചു. കുറെയധികം പേര്‍ ഇംഗ്ലീഷ് ഭാഷ പഠിച്ചു. അവരൊക്കെയും പൊതു ഭരണം, അധ്യാപനം, ആതുരസേവനം തുടങ്ങിയ മേഖലകളില്‍ ഉദ്യോഗങ്ങളിലെത്തി. വ്യാപാര വ്യവസായ മേഖലകളിലും അവര്‍ കാര്യമായ മുന്നേറ്റമുണ്ടാക്കി.
ltte_350_0219131208551948ല്‍ സിലോണ്‍ സ്വാതന്ത്ര്യം നേടിയതോടെ കാറ്റുമാറി വീശിത്തുടങ്ങി. ശ്രീലങ്കയെന്ന പേരുമാറ്റത്തോടൊപ്പം മുന്‍ഗണനകളും അപ്പാടെ മാറി. ഇംഗ്ലീഷ് ഭാഷയുടെ പ്രാമുഖ്യം നഷ്ടപ്പെട്ടു. 1956ല്‍ പ്രസിഡന്റ് സോളമന്‍ ബണ്ഡാരനായകെ ഏക ഭരണഭാഷ സിംഹളമാണെന്ന് പ്രഖ്യാപിച്ചു. രാജ്യത്തിന്റെ കെട്ടുറപ്പിന് ഭൂരിപക്ഷ ഭാഷ തന്നെ ഭരണഭാഷയാകണമെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. ഔദ്യോഗിക ഭാഷയായി സിംഹളയെ അംഗീകരിക്കാന്‍ തമിഴര്‍ തയ്യാറല്ലായിരുന്നു. ഇവിടെ നിന്നാണ് ചോരച്ചാലുകളുടെ തുടക്കം. ഭാഷാപരമായ ഒറ്റപ്പെടലില്‍ നിന്ന് മുളപൊട്ടിയ അതൃപ്തിയാണ് വിദ്വേഷത്തിന്റെ മഹാവൃക്ഷമായി വളര്‍ന്നത്.
1956ല്‍ ശ്രീലങ്കയിലെ ഉന്നത ഉദ്യോഗസ്ഥരില്‍ മുപ്പത് ശതമാനം തമിഴരായിരുന്നു. 1970 ആയപ്പോഴേക്കും അത് അഞ്ച് ശതമാനമായി ഇടിഞ്ഞു. എല്ലാ സര്‍ക്കാര്‍ സംവരണങ്ങളും സിംഹളര്‍ക്ക് അനുകൂലമായിരുന്നു. ന്യൂനപക്ഷ വിഭാഗത്തിന് ലഭിക്കേണ്ട ഒരു പരിഗണനയും തമിഴര്‍ക്ക് അനുവദിക്കാന്‍ കാലാകാലങ്ങളില്‍ അധികാരത്തില്‍ വന്ന സര്‍ക്കാറുകള്‍ തയ്യാറായില്ല. 1972ലേയും 1978ലേയും ഭരണഘടനാ പുനഃസംഘടനയും സിംഹള പ്രാമാണ്യമുറപ്പിക്കാനാണ് ഉപയോഗിച്ചത്.
തമിഴ് ഭൂരിപക്ഷ പ്രദേശങ്ങളില്‍ സിംഹളരെ കുടിയിരുത്താനുള്ള തന്ത്രപരമായ നീക്കം കൂടി സര്‍ക്കാര്‍ നടത്തി. ജാഫ്‌നയിലാണ് ഈ ആസൂത്രിത നീക്കം കാര്യമായി പ്രയോഗിച്ചത്. തമിഴ് കൃഷിക്കാര്‍ ഉത്പാദിപ്പിക്കുന്ന മുളക്, ഉള്ളി തുടങ്ങിയവ വന്‍തോതില്‍ ഇറക്കുമതി ചെയ്തു. ഇറക്കുമതി ചെയ്ത ഉത്പന്നങ്ങള്‍ കുറഞ്ഞ വിലക്ക് വിറ്റതോടെ കര്‍ഷകര്‍ ദുരിതത്തിലായി. അങ്ങനെ സമസ്ത മേഖലയിലും വിവേചനം. ഈ വിവേചനങ്ങളില്‍ നിന്നാണ് ‘വിടുതലൈ പുലികള്‍’ ജനിക്കുന്നത്. ജനാധിപത്യ മാര്‍ഗത്തിലൂടെ തങ്ങളുടെ അവകാശങ്ങള്‍ പിടിച്ചെടുക്കാന്‍ തമിഴ് വംശജര്‍ക്ക് സാധിക്കുമായിരുന്നു. പക്ഷേ യാഥാര്‍ഥ്യങ്ങള്‍ അവരെ ആയുധമണിയിക്കുകയാണ് ചെയ്തത്. സിംഹള ഭൂരിപക്ഷത്തിനായി നിലകൊള്ളുന്ന ഭരണസംവിധാനത്തില്‍ നിന്ന് പുറത്തു കടന്ന് പ്രത്യേക ഈഴം സ്ഥാപിക്കുകയെന്നത് മാത്രമാണ് പോംവഴിയെന്ന പോര്‍മുനയിലേക്ക് തമിഴ് ജനതയെ നടത്തിക്കാന്‍ എല്‍ ടി ടി ഇക്കും വേലുപ്പിള്ള പ്രഭാകരനും സാധിച്ചു. പിന്നെ ആക്രമണങ്ങളുടെയും പ്രത്യാക്രമണങ്ങളുടെയും കാലമായിരുന്നു. ഒടുവില്‍ പ്രഭാകരന്‍ തീര്‍ന്നു. പുലികള്‍ ചിതറി. തമിഴര്‍ നിതാന്തമായ അന്യതാബോധത്തിലേക്ക് കൂപ്പുകുത്തി.
ദ്വീപ് രാഷ്ട്രത്തിലെ മുഴുവന്‍ ജനതയുടെയും വേരുകള്‍ ഇവിടെയാണെന്ന ചരിത്രപരമായ കാരണം ഒന്നു മാത്രം മതി ഈ പ്രതിസന്ധികളില്‍ ഇന്ത്യയുടെ ഉത്തരവാദിത്തം വ്യക്തമാകാന്‍. പക്ഷേ, തീര്‍ത്തും വൈരുധ്യം നിറഞ്ഞതായിരുന്നു ഇന്ത്യയുടെ സമീപനം. എണ്‍പതുകളുടെ തുടക്കത്തില്‍ എല്‍ ടി ടി ഇ അനുകൂല നിലപാടായിരുന്നു ഇന്ത്യക്ക്.
1987ല്‍ ശ്രീലങ്കന്‍ സേന ജാഫ്‌ന വളഞ്ഞപ്പോള്‍ ഭക്ഷണവും മരുന്നുമില്ലാതെ മരണത്തിന്റെ അഴിമുഖത്ത് ഒറ്റപ്പെട്ടുപോയ തമിഴര്‍ക്ക് ദുരിതാശ്വാസവുമായി ഇന്ത്യന്‍ കപ്പല്‍ ലങ്കന്‍ തീരത്തേക്ക് തിരിച്ചു. ഇന്ത്യന്‍ ഇടപെടല്‍ അംഗീകരിക്കാന്‍ ലങ്കന്‍ ഭരണകൂടം ഒരുക്കമല്ലായിരുന്നു. പ്രസിഡന്റ് ജയവര്‍ധനെ തീരത്ത് സൈനിക വിന്യാസം നടത്തി. തുടര്‍ന്ന് 1987 ജൂലൈ 29ന് ഇന്ത്യ -ശ്രീലങ്ക സമാധാന ഉടമ്പടിയില്‍ രാജീവ് ഗാന്ധിയും ജയവര്‍ധനെയും ഒപ്പ് വെച്ചു.
എല്‍ ടി ടി ഇയുടെ ഭാഗത്ത് നിന്ന് പ്രകോപനപരമായ ആക്രമണങ്ങള്‍ ഉണ്ടാകരുതെന്ന് കരാര്‍ നിഷ്‌കര്‍ഷിച്ചു. ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ ഇന്ത്യ ലങ്കയെ സഹായിക്കണമെന്നും വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍, തൊട്ടടുത്ത വര്‍ഷം എല്‍ ടി ടി ഇ ചില മാര്‍ക്‌സിസ്റ്റ് ഗ്രൂപ്പുകളുമായി ചേര്‍ന്ന് സര്‍ക്കാര്‍ വിരുദ്ധ കലാപം ആരംഭിച്ചു. ഇതോടെ ഇന്ത്യ കടുത്ത എല്‍ ടി ടി ഇ വിരുദ്ധ നിലപാടിലേക്ക് നീങ്ങി. അങ്ങനെയാണ് ഇന്ത്യന്‍ പീസ് കീപ്പിംഗ് ഫോഴ്‌സ് ശ്രീലങ്കയിലെത്തിയത്. പിന്നെ എല്‍ ടി ടി ഇയും ഇന്ത്യന്‍ സമാധാനസേനയും തമ്മില്‍ രൂക്ഷ പോരാട്ടത്തിന്റെ നാളുകളായിരുന്നു. ശ്രീപെരുമ്പത്തൂരില്‍ ഛിന്നഭിന്നമായിപ്പോയ രാജീവ് ഗാന്ധിയുടെ മൃതദേഹത്തിലാണ് ഈ ശത്രുത കലാശിച്ചത്. രാജീവ് ഗാന്ധിയുടെ വധത്തോടെ എല്‍ ടി ടി ഇ തീര്‍ത്തും ഇന്ത്യയുടെ ശത്രുപക്ഷത്തായി. ദ്രാവിഡ പാര്‍ട്ടികള്‍ക്ക് പഴയ സമ്മര്‍ദ ശക്തി നഷ്ടപ്പെട്ടു. തമിഴരെ പിന്തുണക്കാന്‍ പറയുമ്പോഴെല്ലാം അവര്‍ക്ക് രാജീവ് വധത്തെ അപലപിക്കേണ്ടിവന്നു. 2006ല്‍ എല്‍ ടി ടി ഇ തന്നെ രാജീവ് വധത്തില്‍ ഖേദം പ്രകടിപ്പിച്ചു. പക്ഷേ, ഇന്ത്യക്ക് മാപ്പ് നല്‍കാന്‍ ആകുമായിരുന്നില്ല. തമിഴ് ഈഴം എന്ന ലക്ഷ്യത്തെ പോലും ഇന്ത്യന്‍ നേതാക്കള്‍ തള്ളിപ്പറഞ്ഞു.
പിന്നീടെപ്പോഴും ശ്രീലങ്കന്‍ സര്‍ക്കാറുമായി ഊഷ്മളമായ ബന്ധമാണ് ഇന്ത്യ പുലര്‍ത്തിപ്പോന്നത്. രണ്ട് മാസം മുമ്പാണ് ശ്രീലങ്കന്‍ സൈനിക ഉദ്യോഗസ്ഥര്‍ ഇന്ത്യയില്‍ വന്ന് പരിശീലനം നേടിയത്. അതുകൊണ്ട് ഇപ്പോഴത്തെ പ്രമേയ വ്യായാമം ഒരു നിലക്കും തമിഴ് വംശജര്‍ക്ക് ആശ്വാസം പകരാന്‍ പര്യാപ്തമല്ല. വില കുറഞ്ഞ നയതന്ത്ര മരുന്നുകള്‍ കൊണ്ട് പരിഹരിക്കാവുന്ന പരുക്കേ അത് ഇന്ത്യ- ശ്രീലങ്ക ബന്ധത്തിലുണ്ടാക്കിയിട്ടുള്ളൂ. കാലൂന്നി നില്‍ക്കാന്‍ ഇത്തിരി മണ്ണിനായുള്ള തമിഴ് വംശജന്റെ ദാഹം ഏത് വിഷമസന്ധിയിലേക്കാണ് അവരെ നയിക്കുകയെന്നത് പ്രവചനാതീതമാണ്. ശ്രീലങ്കയുടെ പുതിയ സുഹൃത്തുക്കളില്‍ നിന്ന് പ്രശ്‌നപരിഹാരത്തിനുള്ള ഇടപെടല്‍ ഉണ്ടാകില്ല. അതിവൈകാരികത വിതച്ച് നാല് വോട്ടുണ്ടാക്കാന്‍ മത്സരിക്കുന്ന ദ്രാവിഡ പാര്‍ട്ടികളിലും പ്രതീക്ഷ വേണ്ട. ഇന്ത്യന്‍ ഭരണ നേതൃത്വത്തിന് മാത്രമേ എന്തെങ്കിലും ചെയ്യാനാകൂ. തമിഴ്‌നാട് ഇന്ത്യയിലാണല്ലോ. അത് ഇന്ത്യന്‍ യൂനിയനില്‍ തന്നെ തുടരണമല്ലോ.