കേരളത്തില്‍ പ്രമേഹരോഗികളില്‍ ക്ഷയവും വര്‍ധിക്കുന്നു

Posted on: March 24, 2013 8:48 am | Last updated: March 25, 2013 at 12:39 pm

pramehamകണ്ണൂര്‍:കേരളത്തിലെ ക്ഷയരോഗികളില്‍ പകുതിയോളം പേര്‍ക്ക് പ്രമേഹമുണ്ടെന്ന കണ്ടെത്തല്‍ ആരോഗ്യ രംഗത്ത് പുതിയ വെല്ലുവിളിയായി മാറുന്നു. പ്രമേഹത്തിന്റെ തലസ്ഥാനമായി മാറിയ കേരളത്തിന് ഈ കണ്ടെത്തല്‍ ആശങ്കയുളവാക്കുന്ന കാര്യമാണ്. കേരളത്തിലെ ടി ബി രോഗികളില്‍ 44 ശതമാനം പേരില്‍ പ്രമേഹവും ഉണ്ട്. 25 ലക്ഷത്തോളമാണ് കേരളത്തിലെ പ്രമേഹരോഗികള്‍. ക്ഷയം കാരണം ചികിത്സക്കെത്തുന്നവരില്‍ 30 ശതമാനവും പ്രമേഹത്തിന് അടിമകളാണ്. സാധാരണ ക്ഷയരോഗം കണ്ടെത്തിയാല്‍ ആറ് മാസത്തെ സൗജന്യ ഡി ഒ ടി ചികിത്സയിലൂടെ ഭേദപ്പെടുത്താനാകും. എന്നാല്‍ പ്രമേഹരോഗികള്‍ക്ക് ക്ഷയരോഗം വന്നാല്‍ കൂടുതല്‍ കാലത്തെ ചികിത്സ വേണ്ടിവരും. സാധാരണ രോഗികള്‍ക്ക് നല്‍കുന്ന കാറ്റഗറി ഒന്ന് ചികിത്സ ഇവര്‍ക്ക് നല്‍കിയാല്‍ മതിയാകില്ല.
ഓരോ വര്‍ഷം കഴിയും തോറും ഭയാനകമായ രീതിയിലാണ് പ്രമേഹരോഗികള്‍ ക്ഷയരോഗത്തിനടിമപ്പെടുന്നത്. പ്രമേഹരോഗികളില്‍ ക്ഷയരോഗം തിരിച്ചുവരാനുള്ള സാധ്യതയും വളരെ കൂടുതലാണ്. 50 മുതല്‍ 60 ശതമാനം വരെയാണ് ക്ഷയരോഗം തിരിച്ചുവരാനുള്ള സാധ്യതയെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ കണക്കുമായി താരതമ്യപ്പെടുത്തിയാല്‍ ക്ഷയരോഗവും പ്രമേഹവും ഒരുമിച്ചുള്ളവരുടെ എണ്ണം കേരളത്തില്‍ വളരെ കൂടുതലാണ്.
കേരളത്തില്‍ ഓരോ വര്‍ഷവും 50,000 പേര്‍ പുതുതായി ക്ഷയരോഗ ചികിത്സക്കെത്തുന്നതായാണ് കണക്ക്. 2011ല്‍ 26,121 പേരായിരുന്നു ക്ഷയരോഗ ബാധിതരായി കണ്ടെത്തിയത്. എന്നാല്‍ രണ്ട് വര്‍ഷം പിന്നിട്ടപ്പോള്‍ ഇത് ഇരട്ടിയായി വര്‍ധിച്ചിരിക്കുകയാണ്. ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തല്‍ പ്രകാരം കേരളത്തില്‍ ഒരുലക്ഷം പേരില്‍ 165 പേര്‍ക്ക് ക്ഷയരോഗമുണ്ട്. സാധാരണ ക്ഷയരോഗികളില്‍ 83 ശതമാനം പേര്‍ക്ക് ചികിത്സയിലൂടെ രോഗം ഭേദമായിട്ടുണ്ട്.
നിലവില്‍ പ്രചാരത്തിലുള്ള മരുന്നുകള്‍ക്ക് കീഴടക്കാനാകാത്ത അതിജീവന ശേഷിയുള്ള ക്ഷയരോഗാണു മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ആശങ്കയുണ്ടാക്കിയിരിക്കുകയാണ്. ഓരോ മൂന്ന് മിനിട്ടിലും ഇന്ത്യയില്‍ രണ്ട് ക്ഷയരോഗ മരണം സംഭവിക്കുന്നുണ്ട്. മാത്രമല്ല, ക്ഷയരോഗ മരുന്നിനെ പ്രതിരോധിക്കുന്ന ക്ഷയം വര്‍ധിച്ചുവരികയുമാണ്. പ്രമേഹരോഗികള്‍ക്കൊപ്പം എച്ച് ഐ വി ബാധിതരിലും ക്ഷയരോഗം വര്‍ധിച്ച് വരുന്നത് ചികിത്സാ രംഗത്ത് ഭീഷണി സൃഷ്ടിക്കുന്നു.
ക്ഷയരോഗ ചികിത്സയില്‍ സ്വകാര്യ മേഖലയില്‍ വലിയ ചൂഷണമാണ് നടക്കുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ തന്നെ പറയുന്നു. സ്വകാര്യ ആശുപത്രികളില്‍ നല്‍കുന്ന ചികിത്സക്ക് മോണിറ്ററിംഗ് സംവിധാനമില്ലാത്തത് വലിയ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ ആറ് മാസത്തെ സൗജന്യ ഡോട്‌സ് ചികിത്സയിലൂടെ ക്ഷയരോഗം ഭേദപ്പെടുത്തുമ്പോള്‍ സ്വകാര്യ മേഖലയില്‍ നടക്കുന്ന ചികിത്സ സങ്കീര്‍ണതയുണ്ടാക്കുകയാണ്. സ്വകാര്യ ആശുപത്രികളില്‍ ക്ഷയരോഗ ചികിത്സക്കെത്തുന്നവരുടെ വിവരങ്ങള്‍ സര്‍ക്കാറിനെ അറിയിക്കണമെന്ന് ഉത്തരവുണ്ടെങ്കിലും ആറ് മാസമായിട്ടും ഭൂരിഭാഗം ആശുപത്രികളിലെയും ഡോക്ടര്‍മാരും ഇതുമായി സഹകരിക്കാന്‍ തയ്യാറാകുന്നില്ല. വ്യവസ്ഥാപിതമായ മാര്‍ഗത്തിലൂടെയുള്ള ക്ഷയരോഗ ചികിത്സയും കൃത്യമായ മരുന്ന് വിതരണവും സ്വകാര്യ മേഖലയില്‍ നടക്കുന്നില്ലെന്നതും പ്രശ്‌നമാകുന്നു. ഇത് സര്‍ക്കാറിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
മറ്റ് രാഷ്ട്രങ്ങളില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമാണ് ക്ഷയരോഗത്തിന് ചികിത്സ നല്‍കുന്നത്. എന്നാല്‍ ഇന്ത്യയില്‍ സ്വകാര്യ ആശുപത്രികളിലും ചികിത്സക്ക് അനുവാദം നല്‍കിയിട്ടുണ്ട്. മാത്രമല്ല, ക്ഷയരോഗത്തിന്റെ മരുന്ന് വില്‍പനയുടെ 20 ശതമാനവും ഇന്ത്യയിലാണ് നടക്കുന്നത്.