Connect with us

Palakkad

പകര്‍ച്ചവ്യാധികള്‍ക്കെതിരെ സംസ്ഥാനാന്തര യോഗം

Published

|

Last Updated

പാലക്കാട്: പകര്‍ച്ചവ്യാധികള്‍ക്കെതിരെ ആരോഗ്യവകുപ്പിന്റെ സംസ്ഥാനന്തര യോഗം നടത്തി .ഒരു ജനാധിപത്യ രാഷ്ട്രത്തിലെ രണ്ട് സംസ്ഥാനങ്ങളെന്ന നിലയില്‍ കേരളവും തമിഴ്‌നാടും ആരോഗ്യരംഗത്ത് മാത്രമല്ല നദീജലം പങ്ക് വെയ്ക്കുന്നതുള്‍പ്പെടെയുളള ഇതര രംഗങ്ങളില്‍ സഹകരണം ആവശ്യമാണ്. ആരോഗ്യ രംഗത്തെ പകര്‍ച്ചവ്യാധിക്കെതിരെയുളള സംയുക്തസംരംഭം ഇരു സംസ്ഥാനങ്ങളും തമ്മിലുളള സാഹോദര്യത്തില്‍ ഒരു ചുവട് വയ്പാകട്ടെ എന്നും വി ചെന്താമരാക്ഷന്‍ എം എല്‍ എ അഭിപ്രായപ്പെട്ടു. ഇരുസംസ്ഥാനങ്ങളുടേയും അതിര്‍ത്തി ജില്ലയിലെ മെഡിക്കല്‍ ഓഫീസര്‍മാരുടെ സംസ്ഥാനന്തര യോഗം നെല്ലിയാമ്പതി പലകപ്പാണ്ടി ഗ്രീന്‍ലാന്റ് റിസോര്‍ട്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം എല്‍ എ .വ്യക്തിശുചിത്വം, വീട് വൃത്തിയാക്കി പരിപാലിക്കല്‍ എന്നിവയില്‍ മലയാളികള്‍ മുമ്പിലാണെങ്കിലും പരിസരശുചിത്വത്തിന്റെ കാര്യത്തില്‍ വളരെ പിന്നിലാണ്. പുതിയ സാംക്രമികരോഗങ്ങളുടെ കാരണവും ശുചിത്വക്കുറവാണ്. മുതലമട മേഖലയില്‍ എന്‍ഡോസള്‍ഫാന്റെ ദൂഷ്യഫലങ്ങള്‍ കണ്ടുതുടങ്ങി. ഇക്കാര്യമെല്ലാം പഠനവിഷയമാക്കണമെന്നും എം എല്‍ എ ആവശ്യപ്പെട്ടു. ചികിത്സക്കെത്തുന്ന അന്യദേശക്കാരുടെ വിശദവിവരം അവരുടെ ദേശത്തെ ആരോഗ്യവിഭാഗത്തെ അറിയിച്ച് തുടര്‍ചികിത്സയ്ക്കും രോഗം വ്യാപിക്കാതിരിക്കുന്നതിനും ഇരുസംസ്ഥാനങ്ങളും മുന്നറിയിപ്പ് നല്‍കാനുളള സംവിധാനം ഉണ്ടാക്കണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ കണ്ടമുത്തന്‍ അഭിപ്രായപ്പെട്ടു. പ്രസിഡന്റിന്റെ അഭിപ്രായത്തെ ഇരുസംസ്ഥാനങ്ങളിലേയും ആരോഗ്യവകുപ്പ് ഡയറക്ടര്‍മാര്‍ അംഗീകരിച്ചു. പകര്‍ച്ചവ്യാധികള്‍ നിയന്ത്രണാതീതമാകാതിരിക്കാന്‍ മുന്നറിയിപ്പ് ഏറെ സഹായിക്കുമെന്ന് തമിഴ്‌നാട് ആരോഗ്യ ജോയിന്റ് ഡയറക്ടര്‍ ഡോ ദൊരൈരാജ് പറഞ്ഞു. സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ ജമീല പകര്‍ച്ചവ്യാധിയുടെ കാരണങ്ങളും പരിഹാര മാര്‍ഗങ്ങളും വിശദീകരിച്ചു. ജില്ലാ കലക്ടര്‍ പി എം അലി അസ്ഗര്‍ പാഷ, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ചന്ദ്രന്‍, തമിഴ്‌നാട് സ്റ്റേറ്റ് സര്‍വയലന്‍സ് ഓഫീസര്‍ ഡോ ബാലസുബ്രഹ്മണ്യന്‍, ആരോഗ്യ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ സരസ്വതി , ജോയിന്റ് ഡയറക്ടര്‍ ഡോ ശരവണന്‍ , ഡി എം ഒ ഡോ കെ വേണുഗോപാല്‍ , ആരോഗ്യകേരളം ജില്ലാ പ്രൊജക്ട് മാനേജര്‍ ഡോ ശ്രീഹരി സംസാരിച്ചു.
കേരളത്തിലെ പാലക്കാട്, മലപ്പുറം, ഇടുക്കി തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍, നീലഗിരി, തേനി എന്നീ ജില്ലകളിലെ ജില്ലാ ആരോഗ്യ വിഭാഗം പ്രവര്‍ത്തകരാണ് യോഗത്തില്‍ പങ്കെടുത്തത്. മറ്റ് അതിര്‍ത്തി ജില്ലകളിലെ യോഗം കഴിഞ്ഞു. മധ്യകേരളത്തിലെ അതിര്‍ത്തി ജില്ലകളെ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച യോഗം ഇത്തരത്തില്‍ നാലാമത്തേതാണ്‌