തീരുമാനം യുക്തിഭദ്രമാകണം

Posted on: March 24, 2013 7:14 am | Last updated: March 24, 2013 at 7:16 am
SHARE

SIRAJ.......1993ലെ മുംബൈ സ്‌ഫോടനക്കേസില്‍ സുപ്രിംകോടതി ശിക്ഷിച്ച ബോളിവുഡ് താരം സഞ്ജയ് ദത്തിന് ശിക്ഷയില്‍ മാപ്പ് ലഭിക്കുമോ? മാപ്പ് നല്‍കണമെന്ന് സുപ്രിംകോടതി മുന്‍ ജഡ്ജിയും പ്രസ്‌കൗണ്‍സില്‍ ചെയര്‍മാനുമായ മാര്‍ക്കണ്ഡേയ കട്ജുവിനെ പോലുള്ള പ്രഗത്ഭര്‍ അഭിപ്രായ പ്രകടനം നടത്തിയതോടെ വിഷയം ഒരു സംവാദമായി മാറിയിരിക്കുന്നു. വിചാരണാ കോടതിയിലും അതിന് മുകളിലുള്ള കോടതികളിലും നിയമത്തിന്റെ തലനാരിഴ കീറി പരിശോധിച്ച് നടത്തിയ വിധിയെഴുത്ത് മറ്റു പരിഗണനകള്‍വെച്ച് മാറ്റിമറിക്കാന്‍ സാധ്യമാണോ?. സ്‌ഫോടനക്കേസിലല്ല, ആയുധങ്ങള്‍ കൈവശം വെച്ചതിലാണ് ദത്തിനെ കുറ്റക്കാരനായി കണ്ടതെന്നും, അദ്ദേഹത്തിന്റ സ്വഭാവത്തില്‍ വന്ന മാറ്റം കണക്കിലെടുത്ത് ശിക്ഷ ഇളവ് ചെയ്യണമെന്നുമാണ് കട്ജു മഹാരാഷ്ട്രാ ഗവര്‍ണര്‍ കെ ശങ്കരനാരായണന് അയച്ച കത്തില്‍ അഭ്യര്‍ഥിച്ചിരിക്കുന്നത്. ദത്തിനെ ശിക്ഷിച്ചത് അഞ്ച് വര്‍ഷത്തേക്കാണ്. ഇതില്‍ ഒന്നര വര്‍ഷം അദ്ദേഹം നേരത്തെ അനുഭവിച്ചു. ശേഷിച്ച മൂന്നര വര്‍ഷം കൂടി തടവനുഭവിക്കണമെന്ന് ചുരുക്കം.
ശിക്ഷാ ഇളവിന് സഞ്ജയ് ദത്ത് അപേക്ഷ നല്‍കട്ടെ. അതിന് ശേഷം ഉചിതമായ തീരുമാനമെടുക്കുമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി മനീഷ് തിവാരിയും പ്രതികരിച്ചിട്ടുണ്ട്. അപേക്ഷ ലഭിച്ചാല്‍ വിവേചനാധികാരം ഉപയോഗിച്ച് തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ക്കാകുമെന്ന് അഭിപ്രായപ്പെട്ട കേന്ദ്രമന്ത്രി, പക്ഷേ അത് പരസ്യമായി അഭിപ്രായപ്രകടനം നടത്തേണ്ട വിഷയമല്ലെന്നും പറഞ്ഞു. കേന്ദ്രമന്ത്രിമാരടക്കമുള്ള പല രാഷ്ട്രീയക്കാരും ബോളിവുഡിലെ പ്രഗത്ഭരും സഞ്ജയ് ദത്തിനോട് അനുഭാവം പ്രകടിപ്പിച്ച് രംഗത്ത് വന്നിട്ടുണ്ട്. പക്ഷേ, ഈ വിഷയത്തില്‍ കേന്ദ്ര ബിന്ദുവായ ദത്ത് ‘കോടതിവിധി മാനിക്കു’ന്നുവെന്ന നിലപാടിലാണ്. ആവശ്യത്തിലധികം അനുഭവിച്ചുകഴിഞ്ഞുവെന്ന് വിശ്വസിക്കുന്ന ദത്ത്, ഇനിയും തീര്‍ന്നില്ലെങ്കില്‍ അതുകൂടി അനുഭവിക്കാന്‍ കരുത്തിനായി പ്രാര്‍ഥിക്കുന്നു. വ്യാഴാഴ്ച സുപ്രിം കോടതി നടത്തിയ വിധിപ്രഖ്യാപനത്തില്‍ ഒന്നാം പ്രതിയായ യാക്കൂബ് മേമന് വധശിക്ഷ ശരിവെച്ചപ്പോള്‍, മറ്റ് പത്ത് പേരുടെ വധശിക്ഷ ഇളവ്‌ചെയ്ത് മരണംവരെയുള്ള തടവാക്കി. ദത്തിന് വിധിച്ച ശിക്ഷ ആറ് വര്‍ഷത്തില്‍ നിന്ന് അഞ്ച് വര്‍ഷമാക്കി ഇളവ്‌ചെയ്തു. കോടതിവിധി അനുസരിച്ച് നാലാഴ്ചക്കകം ദത്ത് കോടതിയില്‍ കീഴടങ്ങണം. യാക്കൂബ് മേമനടക്കം കേസിലെ പ്രധാന പ്രതികളെല്ലാം ഇപ്പോഴും ഒളിവിലാണ്. പതിമൂന്നിടങ്ങളില്‍ നടന്ന സ്‌ഫോടന പരമ്പരയില്‍ 257 പേര്‍ കൊല്ലപ്പെട്ടിരുന്നു. 700ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
സ്‌ഫോടന പരമ്പരയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ ഇപ്പോഴും ഇത് വരുത്തിയ ആഘാതത്തില്‍ നിന്നും മോചിതരായിട്ടില്ല. അധോലോക നായകര്‍ക്കും, പാക്കിസ്ഥാനും പ്രത്യക്ഷത്തില്‍ തന്നെ പങ്കുണ്ടെന്ന് സുപ്രിംകോടതി നിരീക്ഷിച്ച കേസില്‍ പ്രധാനപ്പെട്ട പ്രതികള്‍ ഇപ്പോഴും പിടികിട്ടാപ്പുള്ളികളായി അയല്‍ രാജ്യത്ത് സ്വതന്ത്രരായി കഴിയുന്നുവെന്നത് അന്താരാഷ്ട്ര നിയമപാലന സംവിധാനത്തിന് നാണക്കേടാണ്. സഞ്ജയ് ദത്ത് ഇനിയും മൂന്നര വര്‍ഷം ജയിലില്‍ കഴിയേണ്ടിവരുമെന്നത് ബോളിവുഡില്‍ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. ദത്ത് നായകനായുള്ള അഞ്ചോളം ചിത്രങ്ങള്‍ക്കായി നിര്‍മാതാക്കള്‍ 250 കോടിയിലേറെ രൂപ മുടക്കിയിട്ടുണ്ടത്രെ. ശിക്ഷ ഇളവ് ചെയ്തു കിട്ടാന്‍ ഏറെ ആഗ്രഹിക്കുന്നതും സിനിമക്കായി പണം മുടക്കിയവരാണ്. ബോളിവുഡും അധോലോക സംഘങ്ങളും തമ്മിലുള്ള അവിശുദ്ധ ബന്ധങ്ങളും ഇത്തരുണത്തില്‍ സ്മരണീയമാണ്.
ഏതായാലും ദത്തിന്റെ ശിക്ഷാ ഇളവ് അത്ര എളുപ്പമാകുമെന്ന് കരുതുക വയ്യ. സ്‌ഫോടനപരമ്പരയില്‍ അദ്ദേഹത്തിന് നേരിട്ട് ബന്ധമില്ലെങ്കിലും, രാജ്യത്തിന്റെ ധനകാര്യ ആസ്ഥാനമായ മുംബൈയെ തകര്‍ക്കാനും, രാജ്യത്ത് വര്‍ഗീയ കലാപം കുത്തിയിളക്കാനും ലക്ഷ്യമിട്ട സ്‌ഫോടന പരമ്പരക്കും അക്രമത്തിനും ഉദ്ദേശിച്ചുള്ള ആയുധങ്ങളാണ് ദത്തിന്റെ കൈവശമെത്തിയത്. നിയമവിരുദ്ധമായി മാരകായുധങ്ങള്‍ കൈവശം വെക്കുന്നത് ഗുരുതരമായ കുറ്റമാണ്. വ്യക്തിനിഷ്ഠമായി ശിക്ഷയില്‍ ഇളവ് നല്‍കാന്‍ വാദിക്കുന്നവര്‍, മുംബൈ സ്‌ഫോടനം അനാഥമാക്കിയ നൂറുകണക്കിന് കുടുംബങ്ങളുടെ കണ്ണീര്‍ കാണാതെ പോകുന്നത് ഹൃദയശൂന്യതയാണ്.
ഏത് ശിക്ഷയും മനഃസംസ്‌കരണത്തിനുള്ളതാകണം, കൂടുതല്‍ കുറ്റവാളികളെ സൃഷ്ടിക്കാനാകരുത്. സഞ്ജയ് ദത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ നീതിപീഠത്തിന്റെ ഉന്നത മൂല്യങ്ങളും ആദര്‍ശങ്ങളും ഉയര്‍ത്തിപ്പിടിച്ച് ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് തീരുമാനമെടുക്കാം. എന്നാല്‍, അതിന്റെ യുക്തിഭദ്രത ജനങ്ങള്‍ക്ക് ബോധ്യമാകണം. നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതക്ക് കരുത്ത് പകരുന്നതുമാകണം തീരുമാനം എന്തായാലും.