ലോകക്കപ്പ് യോഗ്യത റൗണ്ട്:അര്‍ജന്റീനക്കും കൊളംബിയക്കും ജയം

Posted on: March 24, 2013 7:02 am | Last updated: March 24, 2013 at 7:02 am
SHARE

higuinബ്യൂണസ്‌ഐറിസ്: ലാറ്റിനമേരിക്കന്‍ മേഖലാ ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീനക്കും കൊളംബിയക്കും തകര്‍പ്പന്‍ ജയം. അര്‍ജന്റീന എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വെനെസ്വെലയെയും കൊളംബിയ മടക്കമില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ബൊളിവിയെയും തോല്‍പ്പിച്ചു. ഉറുഗ്വെ 1-1 പെറു സമനിലയായപ്പോള്‍ പെറു ഏകപക്ഷീയമായ ഒരു ഗോളഇന് ചിലിയെ തോല്‍പ്പിച്ചു.
റൗണ്ട് റോബിന്‍ അടിസ്ഥാനത്തില്‍ നടക്കുന്ന ഗ്രൂപ്പ് മത്സരത്തില്‍ പത്ത് മത്സരങ്ങളില്‍ 23 പോയിന്റോടെ അര്‍ജന്റീന ഒന്നാം സ്ഥാനത്തും ഒമ്പത് മത്സരങ്ങളില്‍ പത്തൊമ്പത് പോയിന്റോടെ കൊളംബിയ രണ്ടാമതും ഒമ്പത് മത്സരങ്ങളില്‍ പതിനേഴ് പോയിന്റോടെ ഇക്വഡോര്‍ മൂന്നാമതും നില്‍ക്കുന്നു.
പത്ത് മത്സരങ്ങളില്‍ പതിമൂന്ന് പോയിന്റുള്ള ഉറുഗ്വെയാണ് നാലാം സ്ഥാനത്ത്. ആദ്യ നാല് സ്ഥാനക്കാര്‍ നേരിട്ട് ലോകകപ്പ് യോഗ്യത നേടും. അഞ്ചാം സ്ഥാനക്കാര്‍ ഏഷ്യയിലെ അഞ്ചാം സ്ഥാനക്കാരുമായി പ്ലേ ഓഫ് കളിക്കാന്‍ യോഗ്യത നേടും. പന്ത്രണ്ട് പോയിന്റോടെ വെനെസ്വെലയാണ് നിലവില്‍ അഞ്ചാം സ്ഥാനത്തുള്ളത്. ലോകകപ്പ് ആതിഥേയരെന്ന നിലയില്‍ ബ്രസീല്‍ ലോകകപ്പ് ബെര്‍ത് നേടിയതിനാല്‍ യോഗ്യതാ റൗണ്ട് കളിക്കുന്നില്ല.
റയല്‍മാഡ്രിഡ് സ്‌ട്രൈക്കര്‍ ഗോണ്‍സാലോ ഹിഗ്വെയിന്റെ ഇരട്ടഗോളുകളാണ് അര്‍ജന്റീനക്ക് കരുത്തേകിയത്. മെസിയും സ്‌കോര്‍ ചെയ്തു. ബാഴ്‌സലോണയിലെ മികവ് ദേശീയ ടീമിന് വേണ്ടി പുറത്തെടുത്ത മെസിയായിരുന്നു പതിവുപോലെ ശ്രദ്ധാകേന്ദ്രം.
നിരവധി അവസരങ്ങള്‍ സൃഷ്ടിച്ച മെസിയാണ് ഇരുപത്തൊമ്പതാം മിനുട്ടില്‍ ആദ്യ ഗോളിന് വഴിയൊരുക്കിയത്. മെസിയും വാള്‍ട്ടര്‍ മോണ്ടില്ലോയും ചേര്‍ന്ന നീക്കമാണ് ഹിഗ്വെയിന്റെ ലീഡ് ഗോളില്‍ കലാശിച്ചത്. ആദ്യ പകുതിക്ക് പിരിയാന്‍ ഒരു മിനുട്ട് ശേഷിക്കുമ്പോഴാണ് മെസിയിലൂടെ രണ്ടാം ഗോള്‍. വെനെസ്വേല ഡിഫന്‍ഡര്‍ ഗബ്രിയേല്‍ സിചെറോ പന്ത് കൈകൊണ്ട് തൊട്ടതിനെ തുടര്‍ന്ന് ലഭിച്ച് പെനാല്‍റ്റിയിലായിരുന്നു ഗോള്‍. അമ്പത്തൊമ്പതാം മിനുട്ടില്‍ മൂന്നാം ഗോള്‍. മെസിയുടെ പ്രതിഭാവിലാസം കണ്ട ഗോള്‍. സ്വന്തം ഹാഫില്‍ നിന്ന് പന്തുമായി കുതിച്ച മെസി ഹിഗ്വെയിന് അനായാസ ഗോളൊരുക്കി. അഞ്ച് മിനുട്ടിനുള്ളില്‍ വെനെസ്വേല സുവര്‍ണാവസരം പാഴാക്കി. മഞ്ഞക്കാര്‍ഡ് കണ്ട ഹിഗ്വെയിന് ചൊവ്വാഴ്ച ബൊളിവിയക്കെതിരെ ഇറങ്ങാനാകില്ല. കളം വിടുമ്പോള്‍ അര്‍ജന്റൈന്‍ ആരാധകവൃന്ദം വലിയ കൈയ്യടി തന്നെ ഹിഗ്വെയിന് നല്‍കി.അഞ്ച് വ്യക്തിഗത ഗോളുകള്‍-അതായിരുന്നു ബൊളിവിയക്കെതിരെ കൊളംബിയ നേടിയ ജയത്തിന്റെ പ്രത്യേകത. മക്‌നെലി ടോറസ്(20), കാര്‍ലോസ് വാല്‍ഡസ്(49), തിയോഫിലോ ഗ്യൂട്ടിറെസ്(62), റഡാമെല്‍ ഫാല്‍കോ(86), പാബ്ലോ അര്‍മെറോ(90+3) എന്നിവരാണ് കൊളംബിയക്കായി സ്‌കോര്‍ ചെയ്തത്.
അര്‍ജന്റീനയുടെ മുന്‍ കോച്ച് ജോസ് പെക്കര്‍മാന്റെ കീഴില്‍ യോഗ്യതാ റൗണ്ടിലെ ആറ് മത്സരങ്ങളില്‍ അഞ്ചിലും ജയം നേടിയാണ് കൊളംബിയന്‍ കുതിപ്പ്. ചൊവ്വാഴ്ച ബൊളിവിയയിലെ ലാ പാസിലാണ് അര്‍ജന്റീനക്ക് കളി. ഹൈ ആള്‍ട്ടിട്ട്യൂഡ് വേദിയില്‍ ഡീഗോ മറഡോണയുടെ അര്‍ജന്റീന നാണം കെട്ടിരുന്നു. ഇത്തവണ, ഏറെ മുന്‍കരുതലുമായാണ് വേണ്ടത്ര ഓക്‌സിജനില്ലാത്ത വേദിയിലേക്ക് അര്‍ജന്റീനയെത്തുക. വെനെസ്വേല-കൊളംബിയ, ചിലി-ഉറുഗ്വെ, ഇക്വഡോര്‍-പരാഗ്വെ മത്സരങ്ങളും ചൊവ്വാഴ്ച നടക്കും.