Connect with us

Kerala

നിഖില്‍കുമാര്‍ ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു

Published

|

Last Updated

തിരുവനന്തപുരം: കേരള ഗവര്‍ണറായി നിഖില്‍ കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ലളിതമായ ചടങ്ങില്‍ ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍, മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഇന്നലെ കേരളത്തിലെത്തിയ ഗവര്‍ണര്‍ക്ക്് തിരുവനന്തപുരം എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഏരിയയില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഔദ്യോഗിക വരവേല്‍പ്പ് നല്‍കി. ഇന്നലെ ഉച്ചക്ക് 1.30 ഓടെ ദക്ഷിണമേഖല വായുസേനയുടെ ടെക്‌നിക്കല്‍ ഏരിയയില്‍ വിമാനമിറങ്ങിയ നിയുക്ത ഗവര്‍ണര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചശേഷം പരേഡ് പരിശോധിച്ചു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ബീഹാര്‍ മുഖ്യമന്ത്രിയുമായിരുന്ന സത്യേന്ദ്രനാരായണ്‍ സിന്‍ഹയുടെ മകനാണ് നിഖില്‍ കുമാര്‍. 1964 കേഡറിലെ ഐ പി എസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം ബീഹാര്‍ ഡി ജി പി, ഡല്‍ഹി പോലീസ് കമ്മീഷണര്‍, ബി എസ് എഫ്. ഐ ജി, എന്‍ എസ് ജി ഡയറക്ടര്‍, കേന്ദ്ര ആഭ്യന്തര വകുപ്പില്‍ സ്‌പെഷ്യല്‍ സെക്രട്ടറി, ദേശീയ സുരക്ഷാ സമിതി അംഗം തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. 2009 മുതല്‍ നാഗാലാന്‍ഡ് ഗവര്‍ണറായി പ്രവര്‍ത്തിച്ച് വരികയായിരുന്നു.