ഷാ തീവ്രവാദിയല്ലെന്ന് കാശ്മീര്‍ പോലീസ്

Posted on: March 23, 2013 11:05 am | Last updated: March 24, 2013 at 11:12 am
SHARE

police280

ശീനഗര്‍/ ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടെത്തിയെന്നാരോപിച്ച് പിടിക്കപ്പെട്ട സഈദ് ലിയാഖത്ത് ഷാ പോലീസ് തിരയുന്ന തീവ്രവാദിയാണെന്ന ഡല്‍ഹി പോലീസിന്റെ വാദം പൊളിയുന്നു. തീവ്രവാദിയാണെന്ന് തെറ്റിദ്ധരിച്ചാണ് ഷായെ അറസ്റ്റ് ചെയ്തതെന്ന വാദവുമായി ജമ്മു കാശ്മീര്‍ പോലീസ് രംഗത്തെത്തി. ഇക്കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് സംസ്ഥാന സര്‍ക്കാറും അറിയിച്ചിട്ടുണ്ട്.
തീവ്രവാദത്തിന്റെ വഴിയിലേക്ക് പോയ യുവാക്കളെ തിരികെ കൊണ്ടുവരുന്നതിനായി ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ നടപ്പാക്കിയ പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെട്ടയാളാണ് ഷായെന്നാണ് ജമ്മു കാശ്മീര്‍ പോലീസ് പറയുന്നത്. നേപ്പാള്‍ വഴി തിരികെ രാജ്യത്തെത്തിയയാളാണ് ഷായെന്നും ഡല്‍ഹി പോലീസ് തെറ്റിദ്ധരിക്കുകയായിരുന്നുവെന്നുമാണ് ജമ്മു കാശ്മീര്‍ പോലീസ് വ്യക്തമാക്കിയത്. ഹിസ്ബുല്‍ മുജാഹിദീന്‍ പ്രവര്‍ത്തകനായ ഷാ ഡല്‍ഹിയില്‍ ആക്രമണം നടത്താന്‍ വരുന്നതിനിടെയാണ് പിടിയിലായതെന്നാണ് ഡല്‍ഹി പോലീസിന്റെ വാദം. ജമ്മു കാശ്മീര്‍ പോലീസും സര്‍ക്കാറും ഇതിനെതിരെ രംഗത്തെത്തിയതോടെ ഡല്‍ഹി പോലീസിന്റെ വാദം അപ്രസക്തമാവുകയാണ്.
1997ല്‍ കാശ്മീരില്‍ നിന്ന് പാക്കിസ്ഥാനിലെത്തിയ ഷാ അവിടെ ആയുധ പരിശീലനം നേടിയതായാണ് ഡല്‍ഹി പോലീസ് ആരോപിക്കുന്നത്.
സര്‍ക്കാറിന്റെ പുനരധിവാസ പദ്ധതി പ്രകാരം രാജ്യത്തേക്ക് മടങ്ങാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ അപേക്ഷ കുപ്‌വാര ജില്ലാ അധികൃതര്‍ സ്വീകരിച്ചിരുന്നതായി ഷായുടെ ഭാര്യ അമീന ബീഗം പറഞ്ഞു. പതിനഞ്ച് വര്‍ഷം മുമ്പ് ആയുധധാരികള്‍ തന്റെ ഭര്‍ത്താവിനെ പിടികൂടി കൊണ്ടുപോകുകയായിരുന്നുവെന്നും ഒരു വര്‍ഷത്തിനു ശേഷം ലഭിച്ച കത്തില്‍ പാക്കിസ്ഥാനില്‍ ജോലി ചെയ്ത് ജീവിക്കുകയാണെന്ന് അറിയിച്ചതായും അമീന പറഞ്ഞു.
ഷാക്കെതിരെയുള്ള ഡല്‍ഹി പോലീസിന്റെ ആരോപണത്തെ കുറിച്ച് അന്വേഷിക്കുന്നതിന് സൂപ്രണ്ട് തസ്തികയിലുള്ള പോലീസ് ഉദ്യോഗസ്ഥനെ ഡല്‍ഹിയിലേക്ക് അയക്കുമെന്ന് ജമ്മു കാശ്മീര്‍ ആഭ്യന്തര മന്ത്രി സജ്ജാദ് അഹ്മദ് കിച്ച്‌ലൂ അറിയിച്ചു.