സാമാധാനപ്രിയനും മിതഭാഷിയുമായ പണ്ഡിതന്‍

Posted on: March 23, 2013 9:57 am | Last updated: March 24, 2013 at 10:09 am
SHARE
shaikh_aboobacker
മുഹമ്മദ് സഈദി റമദാന്‍ കാന്തപുരത്തോടൊപ്പം (ഫയല്‍ ചിത്രം)

ദമസ്‌കസ്: സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിലെ മസാറയിലെ മസ്ജിദുല്‍ ഈമാനില്‍ ദര്‍സ് നടത്തിക്കൊണ്ടിരിക്കുമ്പോള്‍ കൊല്ലപ്പെട്ട മുഹമ്മദ് സഈദി റമദാന്‍ അറബ് ഇസ്‌ലാമിക ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച, മദ്ഹബുകളുടെ ആവശ്യകത ഉയര്‍ത്തിപ്പിടിച്ച വിശ്വപ്രസിദ്ധനായ പണ്ഡിതനായിരുന്നു. ഇസ്‌ലാമിക ഐക്യം കാത്തുസൂക്ഷിക്കുന്നതിന് പൂര്‍വികര്‍ പിന്തുടരുന്നത് പോലെ നാലിലൊരു മദ്ഹബ് പിന്തുടരണമെന്നും മുസ്‌ലിംകളെ മുശ്‌രിക്കുകളായി ചിത്രീകരിക്കുന്ന പുത്തന്‍ പ്രവണത അവസാനിപ്പിക്കണമെന്നും അദ്ദേഹം ശക്തിയുക്തം ആവശ്യപ്പെട്ടു.
ഇബ്‌നു അതാഉല്ല സിക്കന്തരിയുടെ വിശ്വപ്രസിദ്ധമായ ഹികമിന് അമൂല്യ വിശദീകരണം (ശറഅ്) എഴുതി ലോകത്തിന്റെ പ്രശംസ പിടിച്ചുപറ്റി. അന്താരാഷ്ട്ര ഇസ്‌ലാമിക സമ്മേളനങ്ങളില്‍ സ്ഥിരസാന്നിധ്യമായ അദ്ദേഹം നിരവധി പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുമായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്നു.
കാന്തപുരത്തോടൊപ്പം നിരവധി അന്താരാഷ്ട്ര ഇസ്‌ലാമിക സമ്മേളനങ്ങളില്‍ സംബന്ധിച്ചിട്ടുണ്ട്.
ഈജിപ്തിലെ അന്താരാഷ്ട്ര ഇസ്‌ലാമിക സമ്മേളനം, ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനിലെ ഇസ്‌ലാമിക കോണ്‍ഫറന്‍സിലും കാന്തപുരവും അല്‍ബൂത്തിയും പ്രബന്ധമവതരിപ്പിച്ചിരുന്നു. യു എ ഇയിലെ ശൈഖ് സായിദ് സമ്മേളനത്തിലും അദ്ദേഹം ക്ഷണിക്കപ്പെട്ട അതിഥിയായിരുന്നു. സമാധാന പ്രിയനും മിതഭാഷിയുമായ അദ്ദേഹം അഹ്‌ലുസ്സുന്നയുടെ ആദര്‍ശം മുറുകെ പിടിച്ച പണ്ഡിത പ്രമുഖന്‍ കൂടിയാണ്.