Connect with us

Kozhikode

അഞ്ച് സി പി എം പ്രവര്‍ത്തകര്‍ക്ക് തടവ്

Published

|

Last Updated

വടകര: യു ഡി എഫ് പ്രവര്‍ത്തകരെ അക്രമിച്ച കേസില്‍ ഗ്രാമപഞ്ചായത്ത് അംഗം ഉള്‍പ്പെടെ അഞ്ച് സി പി എം പ്രവര്‍ത്തകര്‍ക്ക് ശിക്ഷ. വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗവും സി പി എം പ്രവര്‍ത്തകനുമായ എം കെ വികേഷ്, മണിയന്‍ ചാലില്‍ താഴക്കുനി, മേമുണ്ട രാജന്‍ ഹൗസില്‍ ഒ പി രാജന്‍, കല്ലില്‍ സുധാകരന്‍, കെട്ടില്‍ നിഖില്‍, ശ്രീധരന്‍ മീത്തലെ മൊട്ടേമ്മല്‍ എന്നിവരെയാണ് വടകര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് സി കെ സോമരാജന്‍ ശിക്ഷിച്ചത്.
ഒരു വര്‍ഷം കഠിനതടവും ഇരുന്നൂറ്റിഅമ്പത് രൂപ പിഴയും വീതമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ ഏഴ് ദിവസം കൂടി കഠിന തടവ് അനുഭവിക്കണം.
2010 ഒക്‌ടോബര്‍ 23ന് ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞ് മടങ്ങുകയായിരുന്ന സോഷ്യലിസ്റ്റ് ജനത നേതാവും, യു ഡി എഫ് സ്ഥാനാര്‍ഥിയുമായിരുന്ന മയ്യന്നൂര്‍ രാധ നിലയത്തില്‍ കെ കൃഷ്ണനെ (66)യും ഒന്നിച്ചുണ്ടായിരുന്ന യു ഡി എഫ് പ്രവര്‍ത്തകരേയും മാരകായുധങ്ങള്‍ ഉപയോഗിച്ച് അക്രമിച്ച് പരുക്കേല്‍പ്പിച്ച കേസിലാണ് ശിക്ഷ.
പോളിംഗ് സ്റ്റേഷനായ മേമുണ്ട ചിറവട്ടം യു പി സ്‌കൂളില്‍ നിന്നും പോളിംഗ് അവസാനിച്ച ശേഷം മടങ്ങുകയായിരുന്ന ഇവര്‍ക്ക് നേരെ മേമുണ്ടയിലെ പഞ്ചായത്ത് സര്‍വീസ് സഹകരണ ബേങ്കിന് സമീപം വെച്ചാണ് അക്രമം നടന്നത്. ഈ കേസിലെ മറ്റൊരു പ്രതി ഈന്തംകണ്ടി രജീഷ് ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് മുങ്ങിയതിനാല്‍ ഈ കേസ് പിന്നീട് പരിഗണിക്കും.
ഐ പി സി 324, 149 വകുപ്പ് പ്രകാരം ഒരു വര്‍ഷം കഠിനതടവും 323, 149 വകുപ്പ് പ്രകാരം മൂന്ന് മാസം കഠിനതടവും 341 വകുപ്പ് പ്രകാരം 250 രൂപ പിഴയും 148, 149 വകുപ്പ് പ്രകാരം ആറ് മാസം കഠിനതവും 147 വകുപ്പ് പ്രകാരം മൂന്ന് മാസം കഠിനതടവും 143, 149 വകുപ്പ് പ്രകാരം ഒന്ന് മുതല്‍ നാലുവരെയുള്ള പ്രതികള്‍ക്കും ആറാം പ്രതിക്കും മൂന്ന് മാസം കഠിനതടവുമാണ് ശിക്ഷ. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നതിനാല്‍ ഏറ്റവും കൂടുതല്‍ ശിക്ഷയായ ഒരു വര്‍ഷം കഠിനതടവും 250 രൂപ പിഴയും അനുഭവിച്ചാല്‍ മതി.