Connect with us

Kasargod

ഇനി 23 ഓളം സര്‍ട്ടിഫിക്കറ്റുകള്‍ അക്ഷയയിലൂടെ

Published

|

Last Updated

കാസര്‍കോട്: സേവനങ്ങള്‍ വളരെ വേഗത്തിലും സുതാര്യമായും ജനങ്ങളിലേക്ക് എത്തിക്കുന്നതിന് നടപ്പിലാക്കുന്ന ഇ-ജില്ല പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് ശേഷം 3ന് കലക്ടറേറ്റില്‍ പി കരുണാകരന്‍ എം പി നിര്‍വഹിക്കും. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷത വഹിക്കും. പ്രാരംഭ ഘട്ടമെന്ന നിലയില്‍ റവന്യു വകുപ്പില്‍ നിന്നും ലഭിക്കുന്ന 23 സര്‍ട്ടിഫിക്കറ്റുകളാണ് ഇ-ജില്ല പദ്ധതിയിലൂടെ ജനങ്ങള്‍ക്ക് നല്‍കുന്നത്. സേവനങ്ങള്‍ ലഭിക്കുന്നതിന് ജനങ്ങള്‍ ഇനി വില്ലേജ് ഓഫീസിലോ, താലൂക്ക് ഓഫീലോ ചെല്ലേണ്ടതില്ല. അടുത്തുളള അക്ഷയ കേന്ദ്രത്തില്‍ 20 രൂപ നല്‍കി അപേക്ഷ സമര്‍പ്പിച്ചാല്‍ മതി. അപേക്ഷയില്‍ അഞ്ച് രൂപയുടെ കോര്‍ട്ട്ഫീ സ്റ്റാമ്പ് കൂടി പതിപ്പിക്കണം. അപേക്ഷ ഓണ്‍ ലൈനായി ബന്ധപ്പെട്ട വില്ലേജ് ഓഫീസിലേക്ക് അയക്കുകയും അവിടെ നടപടി സ്വീകരിച്ച് അക്ഷയ കേന്ദ്രത്തിലേക്ക് തിരികെ അയക്കുകയും ചെയ്യും. സര്‍ട്ടിഫിക്കറ്റുകള്‍ അക്ഷയ കേന്ദ്രത്തില്‍നിന്നും ലഭിക്കുന്നതാണ്. ഇങ്ങനെയുളള സര്‍ട്ടിഫിക്കറ്റുകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ ഡിജിറ്റല്‍ സിഗ്നേച്ചര്‍ പതിപ്പിച്ചാണ് ലഭിക്കുന്നത്.
ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസര്‍മാരുടേയും തഹസില്‍ദാര്‍മാരുടേയും ഡിജിറ്റല്‍ സിഗ്നേച്ചറുകള്‍ സംസ്ഥാന ഐ ടി മിഷന്‍ തയ്യാറാക്കി കഴിഞ്ഞു. 15 ദിവസങ്ങളിലായി ഈ പദ്ധതിയുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസര്‍മാര്‍ക്കും സ്‌പെഷല്‍ വില്ലേജ് ഓഫീസര്‍മാര്‍ക്കും പരിശീലനം നല്‍കിയിരുന്നു. എല്ലാ വില്ലേജ് ഓഫീസര്‍മാര്‍ക്കും തഹസില്‍ദാര്‍മാര്‍ക്കും ലാപ് ടോപ്പ് കമ്പ്യൂട്ടറുകള്‍ നല്‍കുകയും വി പി എന്‍ ബ്രോഡ് ബാന്‍ഡ് കണക്ഷന്‍ മുഖേന വില്ലേജ് ഓഫീസുകളേയും താലൂക്ക് ഓഫീസുകളേയും അക്ഷയ കേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തുകയും ചെയ്യും.
പുതിയ സംവിധാനത്തിലൂടെ സര്‍ക്കാര്‍ ഓഫീസുകളുടെ മുമ്പിലുളള പൊതുജനങ്ങളുടെ ദീര്‍ഘനേരമുളള കാത്തു നില്‍പ്പിന് വിരാമമാകും.