പീഡനങ്ങളേക്കാള്‍ പരാതി സ്വത്ത് തര്‍ക്കത്തില്‍

Posted on: March 23, 2013 7:28 am | Last updated: March 23, 2013 at 7:28 am
SHARE

കണ്ണൂര്‍: കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്നലെ നടന്ന വനിതാ കമ്മീഷന്‍ സിറ്റിംഗില്‍ 75 കേസ് പരിഗണനക്ക് വന്നതായി മെമ്പര്‍ അഡ്വ. നൂര്‍ബിന റഷീദ് പറഞ്ഞു. 75 കേസുകളില്‍ 53 പരാതിക്കാര്‍ ഹാജരായില്ല. 23 കേസുകളിലാണ് തീര്‍പ്പ് കല്‍പിച്ചത്. 21 എണ്ണം അടുത്ത സിറ്റിംഗിലേക്ക് മാറ്റിവെച്ചു. ആറ് കേസ് പോലീസിന് വിട്ടു. ഒരു കേസ് ആര്‍ ഡി ഒയുടെ അന്വേഷണത്തിനും കൈമാറി. രണ്ട് കേസുകള്‍ ഫുള്‍കോര്‍ട്ട് അദാലത്തിലേക്ക് മാറ്റിവെച്ചു. ഒരു കേസ് ഡി എന്‍ എ ടെസ്റ്റിന് നിര്‍ദേശിച്ചു. സിറ്റിംഗില്‍ പുതുതായി ആറ് പരാതികള്‍ വന്നു. സ്വത്തിനും പണത്തിനും വേണ്ടി മക്കള്‍ തമ്മിലും മാതാപിതാക്കളും മക്കളും തമ്മിലുള്ള തര്‍ക്കമാണ് പരാതികളിലേറെയും. കുടുംബങ്ങളില്‍ സ്വത്ത് തര്‍ക്കം കൂടി വരുന്നതായാണ് പരാതികളില്‍ നിന്ന് മനസിലാക്കുന്നതെന്ന് നൂര്‍ബിന പറഞ്ഞു. നേരത്തെ വനിതകള്‍ക്കെതിരായ പീഡനങ്ങള്‍ സംബന്ധിച്ചായിരുന്നു പരാതികളേറെയെങ്കില്‍ ഇന്ന് പീഡനങ്ങളേക്കാള്‍ സ്വത്ത് തര്‍ക്കങ്ങളാണ് വനിതാ കമ്മീഷന് മുമ്പാകെ വരുന്നതെന്നും അവര്‍ പറഞ്ഞു. കോട്ടയം നാഗമ്പടത്തെ റെഡ്‌ക്രോസ് സൊസൈറ്റി ജീവനക്കാരന്‍ സ്ത്രീ ജീവനക്കാരെ ലൈംഗീകമായി പീഡിപ്പിക്കുന്നുവെന്ന പരാതിയും കമ്മീഷന്‍ പരിഗണിച്ചു. ഒരു ജീവനക്കാരിയാണ് പരാതി നല്‍കിയത്. സ്ഥിരം മദ്യപാനിയായ ഇയാള്‍ എല്ലാം ജീവനക്കാരികളോടും മോശമായി പെരുമാറുന്നുവെന്ന് പരാതിയില്‍ പറഞ്ഞു. പരാതിയില്‍ കക്ഷിയായ ജീവനക്കാരന്‍ സിറ്റിംഗില്‍ ഹാജരായില്ല. ഇതേ തുടര്‍ന്ന് അയാള്‍ക്ക് നോട്ടീസയക്കാന്‍ നിര്‍ദേശിച്ചു.
അധ്യാപക നിയമനത്തിന്റെ പേരില്‍ കോടികള്‍ തട്ടിയ കെ സി ഡബ്ല്യു എസ് സ്‌കൂള്‍ ചെയര്‍മാന്‍ ഷിജു അഗസ്റ്റിനെതിരെ 13 അധ്യാപികമാര്‍ ഒപ്പിട്ട പരാതി വനിതാ കമ്മീഷന് മുമ്പാകെ നല്‍കി. അധ്യാപകരെ കൊണ്ട് ലക്ഷങ്ങള്‍ ഇയാള്‍ ലോണെടുപ്പിച്ചതായി പരാതിയില്‍ പറഞ്ഞു. പയ്യന്നൂര്‍ നഗരസഭയില്‍ രണ്ട് കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റിന് അപേക്ഷ സമര്‍പിച്ചിട്ട് സര്‍ട്ടിഫിക്കറ്റ് അനുവദിച്ചില്ലെന്ന പരാതിയും കമ്മീഷന്‍ പരിഗണിച്ചു. കേസില്‍ കക്ഷിയായ നഗരസഭാ ഉദ്യോഗസ്ഥര്‍ ഹാജരായില്ല. പി എ സി എല്‍ ഏജന്റുമാരായ 65 പേര്‍ ഇന്നലെ വനിതാ കമ്മീഷന് മുന്നില്‍ പരാതിയുമായെത്തി. പി എ സി എല്‍ കമ്പനി അടച്ച് പൂട്ടിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് അവര്‍ പറയുന്നത്. കേരളത്തിലെ നാല് ബ്രാഞ്ചുകള്‍ മാത്രമാണ് അടച്ചുപൂട്ടിയത്. ഇവ തുറന്ന് പഴയ രീതിയില്‍ പ്രവൃത്തിക്കാന്‍ സൗകര്യമൊരുക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്.